തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ സുരക്ഷിതമല്ലാത്ത രീതിയിൽ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താൻ ഇടയാക്കും. സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് കിരണങ്ങളാണ് ഇക്കാര്യത്തിൽ വില്ലനാകുന്നത്. സൂര്യനിൽ നിന്ന് വരുന്ന ശക്തിയേറിയ അൾട്രാവയലറ്റ് രശ്മികൾ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തിയേക്കാം. ഇങ്ങനെ കാഴ്ച നഷ്ടപ്പെട്ടാൽ അതിന് ചികിത്സയില്ല. അതിനാൽ സൂര്യഗ്രഹണംഒരിക്കലും നഗ്ന നേത്രങ്ങൾ കൊണ്ടോ കൂളിങ് ഗ്ലാസിലൂടെയോ എക്സ് റേ ഫിലിമുകൾ ഉപയോഗിച്ചോ വീക്ഷിക്കാൻ പാടില്ല.ഈ സമയത്ത് യാതൊരു കാരണവശാലും ബൈനോകുലർ, ടെലിസ്കോപ്, ക്യാമറ എന്നിവയിലൂടെ നേരിട്ട് സൂര്യനെ നോക്കാൻ പാടില്ല. ഇവയുടെ ശക്തിയേറിയ ലെൻസുകൾ കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിലേക്ക് കടത്തിവിടുകയും കാഴ്ച നഷ്ടപ്പെടുത്താൻ ഇടയാക്കുകയും ചെയ്യും. സാധാരണ ഗതിയിൽ സൂര്യൻ തലയ്ക്ക് മുകളിൽ എത്തുന്ന ഉച്ചസമയത്താണ്അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതലായി ഭൂമിയിലേക്ക് എത്തുന്നത്. എന്നാൽ ആ സമയത്ത് തീഷ്ണമായ പ്രകാശവും ചൂടും ഉള്ളതിനാൽ സൂര്യനെ നേരിട്ടുനോക്കാൻ ആർക്കും സാധിക്കില്ല. ഇനി അഥവാ ഒന്നു നോക്കിയാൽ തന്നെ കണ്ണിലെ കൃഷ്ണമണി ചുരുങ്ങി അൾട്രാവയലറ്റ് രശ്മികൾ അധികം കണ്ണിനുള്ളിലേക്ക് കടക്കുന്നത് തടയുന്നു. എന്നാൽ ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ മൂലം സൂര്യൻ മറയുന്നതിനാൽ സൂര്യനെ നേരിട്ടുനോക്കാൻ വിഷമം ഉണ്ടാകില്ല. പ്രകാശവും തീഷ്ണതയും കുറവായതിനാൽ കൃഷ്ണമണി അധികം ചുരുങ്ങാത്ത അവസ്ഥയിലാകും. അതേസമയം സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് കിരണങ്ങൾക്ക് കുറവുണ്ടാകാത്തതിനാൽ കണ്ണിനകത്തേക്ക് തടസ്സം കൂടാതെ പതിക്കാൻ ഇത് കാരണമാകും. നമുക്ക് കാഴ്ചയെന്ന അനുഭവമുണ്ടാകുന്നത്. കണ്ണിലെ റെറ്റിനയിലുള്ള റോഡ്, കോൺ കോശങ്ങളുടെ പ്രകാശത്തോടുള്ള പ്രതികരണം വഴിയാണ്. അൾട്രാവയലറ്റ് കിരണങ്ങൾ റെറ്റിനയിൽ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടായാൽ ഈ കോശങ്ങൾ നശിച്ചുപോകാൻ ഇടയാകുകയും കാഴ്ചയെ ബാധിക്കാൻ കാരണമാകുകയും ചെയ്യും. ഗുണനിലവാരമുള്ള കൃത്യമായ സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ച് മാത്രമേ ഈ സമയത്ത് സൂര്യനെ വീക്ഷിക്കാൻ പാടുള്ളു. അങ്ങനെ പോലും അധികനേരം വീക്ഷിക്കാൻ പാടില്ലെന്നാണ് വിദഗ്ദർ പറയുന്നത്. അഞ്ചുമുതൽ 10 സെക്കൻഡ് വരെ മാത്രമെ ഇത്തരത്തിൽ സൂര്യനെ തുടർച്ചയായി വീക്ഷിക്കാൻ പാടുള്ളു. സോളാർ ഫിൽറ്റർ ഉപയോഗിക്കുമ്പോൾ പോലും വിദഗ്ദരുടെ ഉപദേശം തേടണം. നേരിട്ടല്ലാതെ ഭിത്തിയിലേക്കോ മറ്റ് പ്രതലത്തിലേക്കോ പതിപ്പിച്ച് ഗ്രഹണം വീക്ഷിക്കുന്നതാണ് ഉചിതം. ഓർക്കുക കാഴ്ചയെന്നത് അമൂല്യമായ അനുഭവമാണ്. അത് അശ്രദ്ധമായ രീതിയിൽ ഉപയോഗിച്ച് നഷ്ടപ്പെടുത്തരുത്. Content Highlights:Solar Eclipse. Dont look sun without protection
from mathrubhumi.latestnews.rssfeed https://ift.tt/2PW045b
via
IFTTT
No comments:
Post a Comment