ന്യൂഡൽഹി: രാജ്യത്ത് തടവുകേന്ദ്രങ്ങൾ ഇല്ലെന്നും കോൺഗ്രസും നഗരനക്‌സലൈറ്റുകളും ചേർന്ന് നടത്തുന്ന കള്ളപ്രചാരണമാണ് അതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും പൊളിയുന്നു. ദേശീയ പൗരത്വപ്പട്ടികയുടെ കാര്യം ആരും ആലോചിച്ചിട്ടുപോലുമില്ലെന്ന പരാമർശത്തിലെ പിഴവിന് പിന്നാലെയാണിത്. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിനകത്തും പുറത്തും ഇതുസംബന്ധിച്ച് നടത്തിയ പ്രഖ്യാപനങ്ങൾ ബി.ജെ.പി.യുടെ റാലിയിൽനിന്ന് മോദി മനഃപൂർവം മറച്ചുവെച്ചെന്നാണ് ആക്ഷേപം.പാർലമെന്റിൽ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും രാജ്യത്തിനുനൽകുന്ന ഉറപ്പാണ്. അമിത് ഷായുടെ ആ പ്രഖ്യാപനത്തിൽനിന്ന് സർക്കാർ പുറകോട്ടുപോയിട്ടില്ല. എൻ.ആർ.സി.യുടെ കാര്യം ആലോചിച്ചിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന എൻ.ആർ.സി. നീക്കം ഉപേക്ഷിക്കലിനു തുല്യവുമല്ല. അതുപോലെ തന്നെയാണ് തടവുകേന്ദ്രങ്ങളുടെ കാര്യവും. എന്നാൽ, മുസ്‌ലിങ്ങൾക്കുമാത്രമായി രാജ്യത്ത് എവിടെയും തടവുകേന്ദ്രങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സത്യമാണ്. കാരണം, പൗരത്വപ്പട്ടിക തയ്യാറാക്കിയത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. പൊതുവായി എല്ലാവർക്കുംവേണ്ടിയുള്ള തടവുകേന്ദ്രങ്ങൾ അസമിലുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിൽ അവയുടെ നിർമാണം അന്തിമഘട്ടത്തിലുമാണ്. അസമിൽ ജയിലുകളോട് ചേർന്ന് ആറു തടവുകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പത്തെണ്ണം പുതുതായി നിർമിക്കാനുള്ള നീക്കവുമുണ്ട്. വിദേശികളെന്ന് ട്രിബ്യൂണലുകൾ കണ്ടെത്തിയ 1043 പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞമാസം പാർലമെന്റിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. ഗോൾപാര, കൊക്രജാർ, സിൽച്ചർ, ദിബ്രൂഗഡ്, ജോർഹട്, തേസ്‍പുർ എന്നിവിടങ്ങളിലാണ് ഈ തടവുകേന്ദ്രങ്ങളുള്ളത്. ഇതിനുപുറമേ, ഗോൾപാരയിൽതന്നെ 3000 പേരെ പാർപ്പിക്കാനുള്ള വലിയൊരു കേന്ദ്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയായാൽ ആറുകേന്ദ്രങ്ങളിലും ഇപ്പോഴുള്ളവരെ അവിടേക്ക് മാറ്റാനാണ് പദ്ധതി. മഹാരാഷ്ട്രയിൽ തടവുകേന്ദ്രം സ്ഥാപിക്കാൻ ഫഡ്നവിസ് സർക്കാരിന്റെകാലത്ത് സ്ഥലം കണ്ടെത്തിയിരുന്നു. കർണാടകത്തിൽ 35 താത്കാലിക തടവുകേന്ദ്രങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ ഈയിടെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്. ബെംഗളൂരുവിൽനിന്ന് 30 കിലോമീറ്റർ അകലെ സന്തെക്കൊപ്പയിൽ ഒരു തടവുകേന്ദ്രം തയ്യാറായിവരുന്നുണ്ട്. സെക്യൂരിറ്റി ടവറുകളും മുള്ളുവേലികളും സി.സി.ടി.വി. ക്യാമറകളും മറ്റും ഇവിടെയുണ്ട്. തടവുകേന്ദ്രങ്ങളുടെ സുരക്ഷിതത്വവും അവിടെ ലഭ്യമാക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പ്രത്യേകനിർദേശം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. അതുപ്രകാരമാണ് കർണാടകത്തിലെ കേന്ദ്രത്തിന്റെ നിർമാണം.അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുവരെ പാർപ്പിക്കാൻ തടവുകേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്ന് 2017 ഓഗസ്റ്റ് ഒന്നിന് ലോക്‌സഭിൽ രേഖാമൂലം നൽകിയ മറുപടിയിൽത്തന്നെ, അന്നത്തെ ആഭ്യന്തരസഹമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് മല്ലികാർജുന ഖർഗെയുടേതായിരുന്നു ചോദ്യം. തടവുകേന്ദ്രങ്ങളുടെ കൃത്യമായ കണക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മറുപടിയിലെ മറ്റു കാര്യങ്ങൾ ഇങ്ങനെയാണ്. 1. അനധികൃത കുടിയേറ്റക്കാരെ ചോദ്യംചെയ്യാനും തിരിച്ചറിയാനും തടവിൽ പാർപ്പിക്കാനും പ്രത്യേക ദൗത്യസംഘം ഉണ്ടാക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 2. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ഫോറിനേഴ്‌സ് ആക്ടിലെ 3(2)(സി)പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. അതുപ്രകാരം തടവുകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിനുപുറമേ, അസമിൽ തടവിലാക്കലിനും നാടുകടത്തലിനുംവേണ്ടി 100 ഫോറിനേഴ്‌സ് ട്രിബ്യൂണലുകൾ ഉണ്ടാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2ZnXMib
via
IFTTT
No comments:
Post a Comment