മാള: ബെംഗളൂരുവിൽ ആനേക്കാലിലെ വനത്തിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളിലൊന്ന് മാള കുണ്ടൂർ ആലമറ്റം ചിറ്റേത്തുപറമ്പിൽ സുരേഷിന്റെ മകൾ ശ്രീലക്ഷ്മി (20)യുടേത്. പാലക്കാട് മണ്ണാർകാട് അഗളിയിൽ മോഹനന്റെ മകൻ അഭിജിത്തിന്റെയായിരുന്നു കൂടെയുണ്ടായിരുന്ന മൃതദേഹം. ഞായറാഴ്ചയാണ് 40 ദിവസത്തോളം പഴക്കമുള്ള ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ആറുമാസം മുമ്പ് ടി.സി.എസിൽ ജോലി ലഭിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോയ ശ്രീലക്ഷ്മിയെ ഒക്ടോബർ 11 മുതലാണ് ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്തുനിന്ന് കാണാതായത്. ഫോണിൽ കിട്ടാതായതോടെ വീട്ടുകാർ ശ്രീലക്ഷ്മി ജോലിചെയ്തിരുന്ന ഓഫീസിൽ വിളിച്ചന്വേഷിക്കുകയായിരുന്നു. ഓഫീസിൽ എത്തിയിട്ടില്ലെന്ന് അപ്പോൾ മാത്രമാണ് വീട്ടുകാർ അറിയുന്നത്. ഓഫീസിലെ ജീവനക്കാരനായ അഭിജിത്ത് മോഹനനെയും ഇതോടൊപ്പം കാണാനില്ലെന്ന് വിവരം ലഭിച്ചു. അന്നുമുതൽ ഇരുവീട്ടുകാരും അന്വേഷണമാരംഭിച്ചിരുന്നു. പോലീസിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. തല വേർപെട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹപരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ശ്രീലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച് സംസ്കരിച്ചു. അമ്മ: ശ്രീജ. ഒരു സഹോദരനുണ്ട്. കൊലപാതകമെന്ന് സംശയം മാള: ശ്രീലക്ഷ്മിയുടെ മരണം ദുരൂഹമാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി ഇവർ ബെംഗളൂരുവിൽ പോലീസിന് നൽകിയിട്ടുണ്ട്. കൂടാതെ കോടതിയേയും സമീപിച്ചിട്ടുള്ളതായി ശ്രീലക്ഷ്മിയുടെ പിതൃസഹോദരൻ സേതുമോൻ പറഞ്ഞു. ബെംഗളൂരു പോലീസിന്റെ അനാസ്ഥയാണ് ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നാണ് ശ്രീലക്ഷ്മിയെ തേടി ബെംഗളൂരുവിലെത്തിയ സേതുമോൻ പറയുന്നത്. ഒക്ടോബർ 13-ന് അവിടെയെത്തിയ ശേഷമാണ് 14-ന് പോലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തത്. ഒരുവിധത്തിലും സഹകരിക്കാത്ത രീതിയായിരുന്നു പോലീസിന്റേത്. പലരെക്കൊണ്ട് വിളിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കേരള പോലീസ് ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ല. പോലീസ് നിസ്സഹകരിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും അവരുടേതായ രീതിയിൽ അന്വേഷണം നടത്തുകയായിരുന്നു. ഒക്ടോബർ 12-ന് തങ്ങൾ അപകടത്തിലാണെന്നും വേഗം വന്ന് സഹായിക്കണമെന്നും അഭ്യർഥിക്കുന്ന വാട്സാപ്പ് സന്ദേശം ലഭിച്ചെന്നും ഇരുവരുടേയും സുഹൃത്തുക്കൾ പറഞ്ഞതായി സേതുമോൻ പറഞ്ഞു. ഉച്ചയ്ക്ക് 12-നും 12.45-നും ഇടയ്ക്കായിരുന്നു സന്ദേശം ലഭിച്ചത്. ഒരേ ഫോണിൽനിന്നായിരുന്നു സന്ദേശം. ശ്രീലക്ഷ്മിയുടെ ഫോണും എ.ടി.എം. കാർഡും ജോലിസ്ഥലത്തുനിന്ന് കിട്ടിയിരുന്നു. അഭിജിത്തും ശ്രീലക്ഷ്മിയും തീവ്രപ്രണയത്തിലായിരുന്നുവെന്നത് സ്ഥിരീകരിക്കാനാവില്ലെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. ആറുമാസം മുമ്പ് മാത്രമാണ് ഇവർ നാട്ടിൽനിന്നും പോയത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് അറിയാമെന്നും സംസാരത്തിൽ പ്രണയത്തിന്റെ കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. Content Highlights:Malamysterious death of man and womanin Bangalore, Sreelakshmi, Abhijith, dead boy found inside forest, Thrissur
from mathrubhumi.latestnews.rssfeed https://ift.tt/362ai9r
via
IFTTT
No comments:
Post a Comment