അമ്പലപ്പുഴ: പട്ടിണി... ക്രൂർമർദനം... ഉപ്പുവെള്ളം കുടിച്ചതുമൂലമുണ്ടായ അടിവയറ്റിലെ വേദന. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണ്ണിലൂടെ നടന്ന ദൂരത്തിന് കണക്കില്ല. അൻഷാദ് ജീവിതകഥ പറയുമ്പോൾ ബെന്യാമിന്റെ ആടുജീവിതം നോവലിലെ നജീബിന്റെയും ഹക്കീമിന്റെയും അനുഭവം ഒന്നുമല്ലെന്നുതോന്നും. സൗദി മരുഭൂമിയിലെ ദുരിതജീവിതത്തിൽനിന്ന് മോചനംനേടി വീട്ടിലെത്തിയ അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്.2017 ഒക്ടോബർ 17-നാണ് സൗദിയിൽ ചെന്നിറങ്ങിയത്. വിമാനത്താവളത്തിൽ ഖഫീൽ കാറുമായി കാത്തുനിന്നിരുന്നു. കണ്ണെത്താദൂരം നീളുന്ന മരുഭൂമിയിലൂടെ കാർ നീങ്ങിയപ്പോൾ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു. കാറോടിച്ചിരുന്ന ഖഫീൽ എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ബഹളംവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. നൂറുകിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ജോലിസ്ഥലമായ ടെന്റിൽ എത്തിയത്. ഒരു സുഡാനിയും 37 ഒട്ടകങ്ങളുമായിരുന്നു അവിടെയുണ്ടായിരുന്നത്. കാറിൽനിന്ന് ഇറങ്ങിയപ്പോൾത്തന്നെ ഉപദ്രവിച്ച് ഖഫീൽ പാസ്‌പോർട്ട് പിടിച്ചുവാങ്ങി. ഒട്ടകങ്ങൾക്ക് ഭക്ഷണം നൽകാൻ പറഞ്ഞു. 25 ഒട്ടകങ്ങളും അവയുടെ 12 കുഞ്ഞുങ്ങളെയുമായിരുന്നു പരിപാലിക്കേണ്ടത്. രാവിലെ ഏഴുമണിക്ക് ഒട്ടകങ്ങളുമായി അവയെ തീറ്റാൻ മരുഭൂമിയിലൂടെ പത്ത് കിലോമീറ്റർ ദൂരം നടന്നുപോകണം. ഒട്ടകങ്ങളുമായി തിരികെയെത്തുമ്പോൾ നേരം ഇരുട്ടും. പത്ത് കിലോ മൈദയും അഞ്ച് കിലോ പരിപ്പുമാണ് ഒരുമാസത്തെ ആഹാരത്തിനായി തരുന്നത്. രാവിലെ നേരത്തെ ഉണർന്ന് ചപ്പാത്തിയും പരിപ്പുകറിയും വെക്കണം. ചിലപ്പോൾ ഇത് കഴിക്കും മുമ്പ് ഒട്ടകങ്ങൾ നടന്നുതുടങ്ങും. അന്നത്തെ ദിവസം മുഴുവൻ പട്ടിണിയാകും. ടാങ്കറിൽ കൊണ്ടുവരുന്ന ഉപ്പുവെള്ളമാണ് കുടിക്കാനുള്ളത്. ഒരുടാങ്കർ വെള്ളം ഏഴ് ദിവസം ഉപയോഗിക്കണം. കുടിക്കാനല്ലാതെ വെള്ളമെടുത്താൽ ഖഫീൽ തടയും. ആഴ്ചയിൽ നാല് ദിവസം ഖഫീൽ കാണില്ല. ആ ദിവസം മാത്രമാണ് കുളിക്കാൻ സാധിക്കുക. മൂന്നുമാസം കഴിഞ്ഞപ്പോൾ സൗദിയിലുള്ള നാട്ടുകാരനായ സിയാദിന്റെ സഹായത്താൽ രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ, ഖഫീൽ കാറിൽ പിന്തുടർന്നുവന്ന് പിടിച്ചു. ഒടുപാട് ഉപദ്രവിച്ചു. കമ്പികൊണ്ട് നടുവിനും തുടയ്ക്കും മുറിവേൽപ്പിച്ചു. ഒരുദിവസം മുഴുവൻ ആഹാരവും വെള്ളവും നൽകാതെ മുറിയിലിട്ടുപൂട്ടി. പിന്നീട്, മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത ബിജാരിയ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനിടെ സുഡാനി ടെന്റിൽനിന്ന് രക്ഷപ്പെട്ടു. തനിച്ചായി. ചെന്ന് രണ്ടുവർഷം പൂർത്തിയായപ്പോൾ ഖഫീലിനോട് ശമ്പളം ചോദിച്ചെങ്കിലും നൽകിയില്ല. രക്ഷയില്ല എന്ന് ഉറപ്പായതോടെയാണ് കഴിഞ്ഞമാസം ആറിന് ടെന്റിൽനിന്ന് കടന്നത്. പക്ഷേ, പിന്തുടർന്ന് ആളുകൾ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ശമ്പളം നൽകി നാട്ടിലേയ്ക്കയക്കാമെന്ന് എഴുതിവെച്ച് ഖഫീൽ പോലീസ് സ്‌റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. ടെന്റിൽ ചെന്നയുടൻ തന്റെ തലപിടിച്ച് മണ്ണിൽ കുത്തി ഖഫീൽ പ്രതികാരം തീർത്തു. കാർ ഇടിപ്പിച്ചു. ഇനി പുറത്തുപോയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചെത്തിയത്. സ്റ്റേഷനിലെത്തിയപ്പോൾ കൊല്ലം സ്വദേശി നൗഷാദും ഇന്ത്യൻ എംബസിയുടെ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. പോലീസ് ഖഫീലിൽനിന്ന് ശമ്പളം വാങ്ങി നൽകി. രക്ഷപ്പെടുത്തിയതിൽ നന്ദി പറയാൻ ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ‘മാതൃഭൂമി’ യോട്. രക്ഷിക്കാനെത്തിയവർ പത്രത്തിലെ വാർത്ത കാണിച്ചപ്പോഴാണ് അവിടത്തെ പോലീസ് അനുകൂല നിലപാടെടുത്തത്. ഇനി വിദേശത്തേയ്ക്കില്ല. ഡ്രൈവർ ജോലിചെയ്ത് നാട്ടിൽ കുടുംബത്തിനൊപ്പം സന്തോഷമായി കഴിയണം. അൻഷാദ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/35aoAo4
via
IFTTT
No comments:
Post a Comment