പലപ്പോഴും പലരെയും അത്രപെട്ടെന്ന് മനസിലാക്കാന്‍ സാധിക്കില്ല. ഉള്ളില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ അത് മനസിലാക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് മാത്രം. ഇപ്പോള്‍ ഒരാളെ മനസിലാക്കാനായി ബാഹ്യമായ പെരുമാറ്റം പോരെന്ന് വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.
ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ടെന്നും പുറമെ എളിമയും വിധേയത്വവും പ്രകടിപ്പിച്ച് അതിമനോഹരമായിട്ടായിരിക്കും ഇത്തരക്കാര്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുകയെന്നും കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പഠനത്തിന്റെ ഭാഗമായി ജയിലുകള്‍ സന്ദര്‍ശനം നടത്തിയ കാലത്ത് ശ്രദ്ധിച്ചത്, ഭീകര കുറ്റവാളികള്‍ എന്ന് അടയാളപെടുത്തിയ ചിലരുടെ പെരുമാറ്റ രീതികള്‍ ആയിരുന്നു. എത്ര മനോഹരമായ സംസാരമാണ് അവരില്‍ പലരുടേതും. എളിമയും വിധേയത്വവും ചാലിച്ച മുഖഭാവങ്ങള്‍.. സദാ പുഞ്ചിരിക്കുന്നവര്‍.. അവരെങ്ങനെ കൊടുംകുറ്റവാളികള്‍ ആയി എന്നോര്‍ത്ത് അതിശയിച്ചിട്ടുണ്ട്...
അച്ഛന്റെ വക്കീല്‍ ഓഫീസില്‍ പണ്ട് സ്ഥിരമായി കേസിനു വരുന്ന ഒരു സ്ത്രീയും അവരുടെ മകളും ഉണ്ടായിരുന്നു.. സമ്പന്നയായ അമ്മ.. മകളുടെ ഭര്‍ത്താവുമായിട്ടാണ് കേസ്. മകളുടെ രൂപവും ഭാവവും കണ്ടാല്‍ മാനസികപക്വത ഇല്ലാത്ത ഒരാളെ പോലെയായിരുന്നു. അവര്‍ ആരെയും നോക്കി ചിരിക്കുകയോ മിണ്ടുകയോ ചെയ്യാതെ വാ അല്പം തുറന്നുവച്ച് അങ്ങനെ ഇരിക്കും. അമ്മയാണ് അവര്‍ക്ക് വേണ്ടിയും സംസാരിക്കുക.
ഇടയ്ക്ക് ഒരു ദിവസം, മകളുടെ ഭര്‍ത്താവിനെ കണ്ടു.. വളരെ മാന്യനും സുമുഖനും അതിമധുരമായി പെരുമാറുകയും ചെയ്യുന്ന ഒരാള്‍.. വിവാഹം കഴിച്ചാലും മകളെ വിട്ടു കൊടുക്കില്ല.. അയാളുടെ കൂടെ വന്ന ആരോ മുറ്റത്തുനിന്ന് പിറുപുറുക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ അമ്മയാണല്ലോ അപ്പോള്‍ കുഴപ്പക്കാരി എന്ന് ഞാന്‍ ഓര്‍ക്കുകയും ചെയ്തു. അങ്ങനെ ഇരിക്കവേ അമ്മ മരിച്ചു. പിന്നെ കുറച്ചുനാള്‍ കഴിഞ്ഞു മകളെ കാണുമ്പോ വിശ്വസിക്കാന്‍ വയ്യ.. ശരീരം നിറച്ചും ആഭരണവും കിലുക്കമുള്ള പാദസ്വരവും ഒക്കെ ആയിരുന്നു അവരുടെ രൂപം. വാതോരാതെയുള്ള സംസാരവും.. അതോടെ ഞാന്‍ ഉറപ്പിച്ചു അമ്മ തന്നെയായിരുന്നു പാര, മകളുടെ ജീവിതം ഇനി നന്നായിക്കോളും.
അതും കഴിഞ്ഞു നാളുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത അറിഞ്ഞു. ആ യുവതി കൊല ചെയ്യപ്പെട്ടു. താമസിക്കാതെ പ്രതിയായ ഭര്‍ത്താവിനെ പിടികൂടി. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയിട്ട് അയാള്‍ വലിച്ചിഴച്ചു ശവം കൊണ്ടുപോയി മുറിയില്‍ ഒളിപ്പിച്ചു എന്നൊക്കെ കേസിനെപ്പറ്റി കേട്ടത് ഓര്‍മ്മയുണ്ട്. ആ കേള്‍വി, അങ്ങനെ ഒരു രംഗത്തെ അന്നു ഞാന്‍ ഭാവനയില്‍ കണ്ടുനോക്കി.
കാഴ്ചയില്‍ പാവത്താന്‍ ആയ ആ മനുഷ്യന്‍ എങ്ങനെ ഇങ്ങനെയൊരു കൃത്യം ചെയ്തു? അയാളുടെ മനോഹരമായ പെരുമാറ്റ രീതി പിന്നെ ഓര്‍ക്കുമ്പോള്‍ ഭയം തോന്നി. മയക്കുമരുന്നോ ലഹരിയോ ഒന്നുമല്ല.. കേവലം ശത്രുതയുടെ പേരില്‍ നടത്തിയ കൊലപാതകം. അമ്മായിയമ്മയുടെ കുറ്റം കൊണ്ട് ഭാര്യയുമായി ഒത്തുപോകാന്‍ കഴിയാത്ത നല്ലവനായ അയാളെ ഓര്‍ത്തു സഹതപിച്ചവര്‍ ഞെട്ടി ഇരുന്നു.
അതുപോലെ പൂജപ്പുര ജയിലില്‍, അന്നവിടെ ഉണ്ടായിരുന്ന ഹൈറുന്നിസ, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയെ കണ്ടു. എത്ര ജീവനെടുത്തു ഈ സ്ത്രീ എന്നൊക്കെ താത്തയെ കുറിച്ച് ആലോചിച്ചു. അവര്‍ സഹകരിച്ചില്ല, പഠനത്തിന് വേണ്ടി എന്നൊക്കെ പറഞ്ഞിട്ട് പോലും. സഹകരിച്ച് മാന്യമായി പെരുമാറിയത് മറ്റൊരു സ്ത്രീ. എന്താകും അവരുടെ കേസ് എന്നോര്‍ത്ത് നിന്ന എനിക്കു കൂടുതല്‍ വിവരം കിട്ടി. അനിയന്റെ ഭാര്യയുമായി വഴക്കിട്ടിട്ട്, അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്നതാണ്. കാലില്‍ പിടിച്ചു തലയ്ക്കു അടിച്ചു കൊല്ലുക. എന്ത് മാനസികാവസ്ഥയില്‍ ആകും അത് ചെയ്തിരിക്കുക!
ഓരോ അനുഭവങ്ങള്‍, നേരിടുമ്പോഴും ഓര്‍ക്കും നൂറു ശതമാനം നല്ലവരാകാന്‍ ആര്‍ക്കും പറ്റില്ലല്ലോ! മനുഷ്യജന്മം എടുത്താല്‍ സ്ഥായി ആയ സൗഖ്യം ബുദ്ധിമുട്ട് തന്നെ. ഇതിന്റെ ഇടയില്‍, ഏറ്റവും മധുരമായി സംസാരിച്ചു കൊണ്ട്, പിന്നില്‍ നിന്നും കുത്തുന്നവരെ തിരിച്ചറിയാന്‍ പറ്റുക എന്നതാണ് ബുദ്ധിയും യുക്തിയും.
പെരുമാറ്റ വൈകല്യം അഥവാ Conduct disorder കുട്ടിക്കാലത്ത് തന്നെ ചികിത്സ നല്‍കണം. നാളെ ആ കുട്ടികള്‍ ഒരു സാമൂഹിക വിപത്തതായി മാറാതിരിക്കാന്‍. ചെറിയ കള്ളത്തരങ്ങള്‍, മോഷണങ്ങള്‍, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ ഒരുവന്റെ വ്യക്തിത്വത്തെ, ജീവിതത്തെ തന്നെ അത് മാറ്റിമറിയ്ക്കും. അടുത്തുനില്‍ക്കുന്നവര്‍ക്ക് പോലും ആ ദൂഷ്യം അറിയണമെന്നില്ല. അത്രയും സമര്‍ത്ഥമായി അവര്‍ ഇടപെടും. ഒടുവില്‍ വിഷം തുപ്പുന്ന ഘട്ടം എത്തുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ അത് തിരിച്ചറിയൂ...
from mangalam.com https://ift.tt/39tTla8
via IFTTT
No comments:
Post a Comment