കൊച്ചി: വിവാഹ വാർഷിക ദിനം സീത തമ്പി ആഘോഷിച്ചത് അങ്ങനെയാണ്. തന്റെ ആരുമല്ലാത്ത ജയകൃഷ്ണൻ എന്ന 19-കാരന് ഒരു വൃക്ക പകുത്തുനൽകി. ചെറുപ്പത്തിലേ അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ ഒരു ദളിത് ബാലൻ രോഗം കൂടി മരണത്തിലേക്ക് നീങ്ങുന്നത് മനസ്സിലാക്കിയപ്പോൾ അങ്ങനെ തീരുമാനിക്കാനാണ് സീതയ്ക്ക് തോന്നിയത്. ഇരുവരുടെയും ശസ്ത്രക്രിയ ചൊവ്വാഴ്ച എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞു. കോട്ടയം നീറിക്കാട് പുത്തൻപടിക്കൽ ദിലീപ് തമ്പിയുടെ ഭാര്യയാണ് സീത തമ്പിയെന്ന 47-കാരി. രണ്ട് പെൺമക്കൾ: കാശ്മീരയും കാവേരിയും. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഡ്മിൻ പാനൽ അംഗവും സജീവ പ്രവർത്തകയുമാണ് സീത. പാലക്കാട് കോട്ടായി ചെറുകുളം കൊറ്റമംഗലത്തെ ജയകൃഷ്ണന് നന്നെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മുത്തശ്ശി ചെല്ലയാണ് വളർത്തിയത്. അവിവാഹിതയായ വല്യമ്മയാണ് പിന്നെ വീട്ടിലുള്ളത്. ദരിദ്ര കുടുംബം. പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടർ പഠനത്തിനിടെയാണ് ജയകൃഷ്ണന് കാലിൽ നീരു കണ്ടത്. അധികം വൈകാതെ രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായി. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്യേണ്ട സ്ഥിതി. കുറച്ചുപണം നൽകിയിട്ടു പോരാം എന്ന് കരുതിയാണ് ട്രസ്റ്റ് പ്രവർത്തകർ അവനെ കാണാൻ പോയത്. പക്ഷേ, അതിനപ്പുറമാണ് അവർ അവിടെ കണ്ടത്. ’ദയ’യുടെ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ ബൈജുവിനോട് അവൻ പറഞ്ഞു: ’എനിക്ക് ജീവിക്കണം ചേട്ടാ. എന്റെ മുത്തശ്ശിയും വല്യമ്മയും മരിക്കുന്നതുവരെയെങ്കിലും. അവർക്കാരുമില്ല...’ ഉള്ളുലയ്ക്കുന്ന കണ്ണീർ. പക്ഷേ വൃക്ക ഉടനെ കിട്ടിയില്ലെങ്കിൽ അവന്റെ സ്ഥിതി ഗുരുതരമാകും. കുറെ അന്വേഷിച്ചെങ്കിലും കിട്ടാനുള്ള വഴികളെല്ലാം അടഞ്ഞപ്പോഴാണ് സീത തമ്പി മുന്നോട്ടുവന്നത്. രണ്ട് പെൺമക്കളുള്ള അവരെ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ, സീതയും കുടുംബവും ഉറച്ചുനിന്നു. വൃക്ക ചേരുമെന്ന പരിശോധനാ ഫലം കൂടി വന്നതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പണം പിരിക്കാൻ 76 സ്ക്വാഡുകൾ രംഗത്തിറങ്ങി. ആകെ 2,500 പേർ. ഒറ്റ ദിവസം കൊണ്ട് കോട്ടായി പഞ്ചായത്തിൽനിന്ന് അവർ പിരിച്ചത് 15 ലക്ഷം. സീതയുടെ ഗൾഫിലുള്ള ഭർത്താവ് നാട്ടിലെത്തി ബന്ധപ്പെട്ട പേപ്പറുകളിൽ ഒപ്പിട്ടുനൽകി മടങ്ങി. ഞായറാഴ്ച ഇരുവരും ആശുപത്രിയിൽ അഡ്മിറ്റായി. അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സീതയുടെ 23-ാം വിവാഹ വാർഷിക ദിനമായിരുന്നു അന്ന്. സ്ഥലത്തില്ലെങ്കിലും ഈ മഹാദാനത്തിൽ ഏറ്റവും സന്തോഷിക്കുന്നത് ഭർത്താവ് ദിലീപാവും. ചൊവ്വാഴ്ച ശസ്ത്രക്രിയകൾ നടക്കുമ്പോൾ മക്കളും മുംബൈയിൽ സ്ഥിര താമസമാക്കിയ സഹോദരി സുധയും ’ദയ’യുടെ പ്രവർത്തകരുമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ. മാനേജരായി ജോലി ചെയ്തിരുന്ന സീത ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നല്ലൊരു തുക ചെലവാകുമെങ്കിലും ജയകൃഷ്ണന് ഒരു വീടുകൂടി വെച്ചുനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/35brvx5
via
IFTTT
No comments:
Post a Comment