എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതി മോശം നിയമമാവുന്നത്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 17, 2019

എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതി മോശം നിയമമാവുന്നത്?

പൗരത്വനിയമ ഭേദഗതി പ്രഥമദൃഷ്ട്യാ തന്നെ വിവേചനപരമാണ്. മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമമാണ് അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവയാണ് നിയമത്തിൽ പറയുന്ന മൂന്നു രാജ്യങ്ങൾ. ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിഖ് വിഭാഗങ്ങളാണ് ആറ് ന്യൂനപക്ഷങ്ങൾ. ഇവർ മേൽപ്പറഞ്ഞ മൂന്ന് ഇസ്ലാമിക രാഷ്ട്രങ്ങളിൽ മതപീഡനം നേരിടുന്നു എന്നതാണ് പൗരത്വസംരക്ഷണം പ്രദാനം ചെയ്യുന്നതിന് മാനദണ്ഡമാക്കിയത്. ഈ മാനദണ്ഡത്തിൽ തന്നെയാണ് മോശം നിയമം(bad law) എന്നു പറയാവുന്ന വിവേചനം കടന്നുകൂടിയിട്ടുള്ളത്. ആരാണ് ന്യൂനപക്ഷങ്ങൾ ഒന്നാമതായി, ഭൂരിപക്ഷ ഇസ്ലാം മതത്തിൽനിന്ന് പീഡനം നേരിടുന്ന മതന്യൂനപക്ഷങ്ങളുടെ ഈ ലിസ്റ്റ് പൂർണമല്ല. പാകിസ്താനിലും അഫ്ഗാനിസ്താനിലും ഷിയാ, അഹമ്മദീയ വിഭാഗങ്ങൾ പീഡനം നേരിടുന്നവരാണ്. അതേപോലെത്തന്നെയാണ് ബഹായി, ഹസാരെ എന്നീ വിഭാഗങ്ങളും. പ്രസ്തുത പട്ടികയിൽ ഇവർക്കാർക്കും ഇടം കിട്ടിയിട്ടില്ല. ഇനി ഇടംകിട്ടിയ ബുദ്ധവിഭാഗത്തിന്റെ കാര്യമെടുക്കാം. അമിത് ഷാ പറയുമ്പോലെ അവർ മൂന്ന് ഇസ്ലാമിക രാഷ്ട്രങ്ങളിൽ മതപീഡനം നേരിടുന്നവരാണ്. എന്നാൽ, തൊട്ടടുത്ത മ്യാൻമാറിലും ഭൂട്ടാനിലും അതല്ല ബുദ്ധമതക്കാരുടെ സ്ഥിതി. അവിടെ അവർക്കാണ് പ്രാമാണികത. അവിടെ ബുദ്ധമതക്കാരിൽ നിന്നുള്ള പീഡനമാണ് റോഹിംഗ്യൻ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അനുഭവിക്കുന്നത്. ഇതിൽ ക്രിസ്ത്യാനികൾ പൗരത്വപ്പട്ടികയിൽ ഇടം കിട്ടിയവരാണല്ലോ. അവരുടെ ഭാഗത്തുനിന്ന് ഒന്നാലോചിച്ചു നോക്കൂ. മൂന്ന് രാഷ്ട്രങ്ങളിൽ പീഡനം അനുഭവിക്കുന്നതിന്റെ പേരിൽ അവർക്ക് സംരക്ഷണമുണ്ട്. എന്നാൽ, ഭൂട്ടാനിൽ അനുഭവിക്കുന്ന പീഡനത്തിന് സംരക്ഷണമില്ല. ഭൂട്ടാനിൽ അവരെ പീഡിപ്പിക്കുന്നതാകട്ടെ മറ്റു മൂന്നിടത്ത് ഒപ്പം പീഡനം അനുഭവിച്ചതിന് സംരക്ഷണം കിട്ടുന്ന ബുദ്ധമതക്കാരും. അപ്പോൾ പ്രസ്തുതനിയമം മൂന്നിടങ്ങളിൽനിന്നുള്ള ബുദ്ധമതക്കാരെ സംരക്ഷിക്കുന്നതിനൊപ്പം ഭൂട്ടാനിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതു തുടരാനും അവസരം ഒരുക്കിനൽകുന്നു. യുക്തിപൂർണമായ വേർതിരിക്കൽ (reasonable classification) കൊണ്ട് ഭദ്രമാണ് തന്റെ നിയമം എന്ന അമിത് ഷായുടെ അവകാശവാദമാണ് ഇതോടെ ഇളകുന്നത്. രാജ്യങ്ങളെ വേർതിരിച്ചപ്പോൾ ഇനി രാഷ്ട്രങ്ങളെ വേർതിരിച്ചത് യുക്തിപൂർണമാണോ എന്നു നോക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യങ്ങൾ എന്നതാണ് നിയമത്തിന് ആധാരമാക്കിയതെന്ന് അമിത് ഷാ പറയുന്നു. അപ്പോൾ രണ്ടു ചോദ്യം ഉയരുന്നു. അഫ്ഗാനിസ്താൻ പഴയ ഇന്ത്യയുടെ ഭാഗമായിരുന്നോ എന്നതാണ് ഒന്നാമത്തെ ചോദ്യം. അതിന് അമിത് ഷാ നൽകിയ മറുപടി അഫ്ഗാനുമായി ഇന്ത്യ 106 കിലോമീറ്റർ അതിർത്തി പങ്കിടുന്നു എന്നാണ്. എന്നാൽപ്പിന്നെ ചൈനയും നേപ്പാളും എങ്ങനെ ഒഴിവാക്കും. ഇരുരാജ്യങ്ങളും ഇന്ത്യയുമായി അതിർത്തിപങ്കിടുന്ന രാജ്യങ്ങളാണല്ലോ. അതും അഫ്ഗാനെക്കാൾ കൂടുതൽ. എന്നിട്ടെന്തേ ഈ നിയമം അവർക്ക് ബാധകമാകാത്തത്. അതിന് അമിത് ഷായ്ക്ക് ഉത്തരമില്ല. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന മ്യാൻമാർ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് രണ്ടാമത്തെ ചോദ്യം. അപ്പോൾ രാഷ്ട്രങ്ങളുടെ കാര്യത്തിലായാലും പീഡനം അനുഭവിക്കുന്ന മതവിഭാഗങ്ങളുടെ കാര്യത്തിലായാലും യുക്തിപൂർണമായ വേർതിരിക്കലല്ല നടത്തിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു. കോൺഗ്രസിന് പിഴച്ചോ മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് മുതിർന്നിരുന്നില്ലെങ്കിൽ ഇത്തരം ഒരു നിയമം വേണ്ടിവരില്ലായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. അവരവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നതാണ് നെഹ്രു-ലിയാഖത് ഉടമ്പടി. അതു പാലിക്കുന്നതിൽ പാകിസ്താൻ വീഴ്ച വരുത്തിയതു തടയാഞ്ഞതിന് നെഹ്രുവിനെ ഷാ കുറ്റപ്പെടുത്തുകയും ചെയ്തു. തന്റെ ബിൽ കോൺഗ്രസ് ചെയ്ത തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് ഊറ്റംകൊണ്ടു. വികലമായ ഇത്തരം കാഴ്ചപ്പാടുകളാണ് ഒരു മോശം നിയമനിർമാണത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 1947 ജൂണിൽ മൗണ്ട് ബാറ്റൺ വിഭജന പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസ് പാസാക്കിയ പ്രമേയം വിഭജനത്തെ കടുത്ത ഭാഷയിൽ എതിർക്കുന്നതായിരുന്നു. വിഭജനത്തെ അംഗീകരിക്കേണ്ടി വരുന്നത് നിവൃത്തികേടു കൊണ്ടാണെന്ന് ഏറെ വേദനയോടെയാണ് പ്രമേയം വിശദീകരിക്കുന്നതും. ബോധപൂർവമായി സൃഷ്ടിക്കപ്പെട്ട ഹിന്ദു-മുസ്ലിം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അങ്ങനെ ഒരു പ്രമേയം. 'കലാപങ്ങളിലൂടെ ചീറ്റുന്ന വർഗീയവിഷം ഭാരതരാഷ്ട്രത്തിന്റെ സാമൂഹ്യഘടനയെത്തന്നെ പിച്ചിച്ചീന്തും' എന്ന ആശങ്കയാണ് പ്രമേയം പങ്കുവെച്ചത്. അന്നത്തെ സാഹചര്യത്തിൽ അത് ശരിയുമായിരുന്നു. അല്പം ചരിത്രം 1946 ഓഗസ്റ്റിൽ കൊൽക്കത്തയിൽ തിരഞ്ഞുപിടിച്ചുള്ള ഹിന്ദുവേട്ട നടന്നു. ഹിന്ദുക്കൾ തിരിച്ചടിച്ചത് ബിഹാറിലായിരുന്നു. അതോടെ പലയിടത്തും ചോരപ്പുഴയൊഴുകി. കലാപം മറ്റിടങ്ങളിലേക്ക് പടർന്നെങ്കിലും അതിനുവേണ്ടി തിരഞ്ഞെടുത്ത സ്ഥലങ്ങൾ ബോധപൂർവം പ്രശ്നംസൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് പ്രാമാണ്യമുള്ള നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യയിലാണ് വംശഹത്യാ സ്വഭാവമുള്ള സംഘർഷം നടന്നത്. ഡിസംബർ മാസത്തിൽ ഖാൻ അബ്ദുൾ ഗഫാർ ഖാന്റെ നേതൃത്വലുള്ള ഖുദായി ഖിദ്മത്ഗാർ പ്രസ്ഥാനത്തിന്റെ ഭരണത്തിലുള്ള പ്രവിശ്യ 1940മുതൽ വിഭജനത്തെ എതിർത്തുവന്നിരുന്നു എന്നതും കാണണം. കലാപത്തിന്റെ മറവിൽ അരങ്ങേറിയ അട്ടിമറിനീക്കത്തിന് ബ്രിട്ടൻ പിന്തുണ നൽകി. 1947 ജനുവരിയിൽ അത് പഞ്ചാബിലേക്ക് കടന്നു. പഞ്ചാബും വിഭജനത്തിന് എതിരായിരുന്നല്ലോ. ഹിന്ദുക്കുഷ് മലനിരകളുടെ പാദം മുതൽ ഡൽഹി വരെ നീണ്ടുകിടക്കുന്ന പഞ്ചാബിലെ അസ്വസ്ഥത ഡൽഹിയെ പിടികൂടിയാൽ സ്വാതന്ത്ര്യലബ്ധി വീണ്ടും നീണ്ടുപോയേക്കാമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തെ ബാധിച്ചു. രാജ്യത്തിന്റെ മൂന്നിൽ ഒന്നല്ലേ വർഗീയ വിഭജനത്താൽ നഷ്ടപ്പെടൂ, ബാക്കി ഭാഗം സംരക്ഷിച്ചു നിർത്താമല്ലോ എന്ന പ്രായോഗികചിന്തയ്ക്ക് മുൻതൂക്കം കിട്ടി. ആ നിവൃത്തികേടാണ് പ്രമേയരൂപത്തിൽ പുറത്തുവന്നത്. ആർ.എസ്.എസ്. നിലപാട് അതേസമയം, ആർ.എസ്.എസ്. അന്ന് എടുത്ത നിലപാട് എന്തായിരുന്നു. നോർത്ത് വെസ്റ്റ് ഫ്രോണ്ടിയറിലും പഞ്ചാബിലും വർഗീയകലാപം പടരുമ്പോൾ കുറ്റകരമായ മൗനമായിരുന്നു അവർ െവച്ചുപുലർത്തിയത്. മിണ്ടിയില്ലെന്നതു പോകട്ടെ വിഭജനവിരുദ്ധവും മതേതരവുമായ സമരമുഖങ്ങളെ ഇല്ലാതാക്കാനുള്ള ഉത്സാഹവും കാട്ടി. 1929-ലെ ദണ്ഡിയാത്രയും 1940-ലെ ക്വിറ്റ് ഇന്ത്യാ ആഹ്വാനവുമെല്ലാം മതേതരവും വിഭജനവിരുദ്ധവുമായ സമരങ്ങൾ ആയിരുന്നല്ലോ. ഗാന്ധിയുടെ നേതൃത്വത്തിൽ അന്ന് ആ സമരങ്ങൾ ജനഹൃദയങ്ങളെ മതത്തിനും വംശത്തിനുമപ്പുറം ഒറ്റയിന്ത്യ എന്ന നിലയിൽ ഐക്യപ്പെടുത്തിയപ്പോൾ അതടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം നിൽക്കാമെന്ന വാഗ്ദത്തമാണ് അന്ന് അമിത്ഷായുടെ മാതൃസംഘടന നൽകിയത്. പഴയ ചരിത്രത്തിലേക്ക് ഒരുപാടൊന്നും പോകാതെതന്നെ വിഭജന കുറ്റവാളി കോൺഗ്രസാണെന്ന ഷായുടെ വാദം പൊള്ളത്തരമാണെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാകും. ഇന്ത്യൻ മുസ്ലിം എന്ന സ്വത്വം മതത്തിന്റെ അടിസ്ഥാനത്തിലല്ല രാജ്യം നിർവചിക്കപ്പെടേണ്ടതെന്ന കോൺഗ്രസിന്റെ ഉറച്ച നിലപാടാണ് പൗരത്വം സംബന്ധിച്ച വിശാല കാഴ്ചപ്പാടിലേക്ക് ഭരണഘടനാ അസംബ്ലിയെ നയിച്ചത്. അതിന് ഇന്ത്യൻ മുസ്ലിമിന്റെ പിന്തുണ കൂടിയുണ്ടായിരുന്നു. അന്ന് ഇന്ത്യൻ മുസ്ലിം നേരിട്ട വലിയൊരു വെല്ലുവിളിയുണ്ട്. മതബോധ്യത്തിൽനിന്നു വേണോ മതേതരബോധ്യത്തിൽനിന്നു വേണോ രാഷ്ട്രത്തെ തിരഞ്ഞെടുക്കാൻ എന്ന വെല്ലുവിളി. മതം അവരെ സംബന്ധിച്ച് അനുഭവയാഥാർഥ്യമാണ്. വിഭജനം തന്നെ അതിന്റെ തെളിവാണല്ലോ. എന്നാൽ, മതേതരത്വം അനുഭവ യാഥാർഥ്യമായി തുടങ്ങിയിട്ടില്ലാത്തതും. സ്വന്തം മതം എന്നതിനെക്കാൾ സ്വന്തം രാജ്യം എന്ന സങ്കല്പത്തിന് പ്രാമാണ്യം നൽകാൻ അന്നവർ തീരുമാനിക്കുന്നത് ഒന്നിലും ഒരുറപ്പുമില്ലാതെയാണ്. അതുകൊണ്ടാണ് അവർ തങ്ങളെ സാഭിമാനം ദേശീയ മുസ്ലിം എന്നു വിളിക്കുന്നത്. ദേശീയതയ്ക്കൊപ്പമോ ദേശീയതയുടെ തൊട്ടുതാഴെയോ ആയി മതത്തെ സ്ഥാപിക്കാൻ കഴിയുംവിധം ഉയർന്ന മതേതരബോധ്യം അവർക്കുണ്ടായിരുന്നു. ദേശീയതയും മുസ്ലിമും തമ്മിൽ ഉണ്ടാകേണ്ടത് ഒരു മേൽക്കോയ്മാ ബന്ധം അല്ല എന്നതുകൊണ്ടാണ് ദേശീയ മുസ്ലിം എന്ന ചേർത്തുെവപ്പ് സാധ്യമാകുന്നത്. ഒരു വാക്കും വെറുതേ രൂപപ്പെടുന്നതല്ലല്ലോ. ആ ചേർത്തുെവപ്പ് ഇനി സാധ്യമാകുമോ എന്ന ആശങ്കയിലേക്കാണ് പുതിയ പൗരത്വ ഭേദഗതി പക്ഷേ, അവരെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. തിരുത്ത് വരുത്തണമായിരുന്നു അമിത്ഷായുടെ നിയമം യുക്തിപരമായ വേർതിരിക്കൽ പരീക്ഷയിൽ തോൽക്കില്ലായിരുന്നു, ഒരു ചെറിയ തിരുത്ത് വരുത്തിയിരുന്നെങ്കിൽ. മതരാഷ്ട്രങ്ങളിലെ ഭരണകൂടപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾ എന്നതാണ് അമിത്ഷാ വരുത്തേണ്ടിയിരുന്ന തിരുത്ത്. മതമല്ല അവിടങ്ങളിൽ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത്. മതാധികാരമാണ്. കാതലായ ഈ വേർതിരിവിന്റെ അഭാവമാണ് അമിത്ഷായുടെ നിയമത്തെ ഇന്ത്യയിൽ മുസ്ലിംവിരുദ്ധമാക്കുന്നത്. (മാതൃഭൂമി ന്യൂസിൽ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകൻ)


from mathrubhumi.latestnews.rssfeed https://ift.tt/2EsqG7d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages