ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന കുട്ടനാട് നിയമസഭാ മണ്ഡലം യു.ഡി.എഫില്‍ തലവേദനയാകുന്നു. കേരള കോണ്‍ഗ്രസ്(എം) മത്സരിക്കുന്ന സീറ്റിനു വേണ്ടി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശമുന്നയിച്ചു തുടങ്ങി. മൂന്‍പു തങ്ങള്‍ മത്സരിച്ചിരുന്ന സീറ്റ് മടക്കി വേണമെന്ന ആവശ്യവുമായി ജേക്കബ് ഗ്രൂപ്പും രംഗത്തുണ്ട്.
ഇതിനിടെ, സീറ്റ് എന്‍.സി.പിയില്‍നിന്ന് ഏറ്റെടുത്ത് ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള ആലോചന ഇടതുമുന്നണിയിലും നടക്കുന്നുണ്ട്. എന്നാല്‍ ഇടതുമുന്നണിയിലുള്ള ഡോ: കെ.സി. ജോസഫിനെ തങ്ങളുടെ പക്ഷത്തേക്ക് മടക്കികൊണ്ടുവന്ന് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ജോസഫ് ഗ്രൂപ്പിലും നടക്കുന്നുണ്ട്. ഏപ്രിലോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണു സൂചന. കേരള കോണ്‍ഗ്രസ്(എം) ആണ് ഈ സീറ്റില്‍ യു.ഡി.എഫില്‍നിന്നും മത്സരിക്കുന്നത്.
കഴിഞ്ഞ തവണ ജേക്കബ് എബ്രഹാമായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥി. തോമസ് ചാണ്ടിയോട് പരാജയപ്പെട്ട അദ്ദേഹം ഇപ്പോള്‍ ജോസഫ് പക്ഷത്തോടൊപ്പമാണ്. അതുകൊണ്ടുതന്നെ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ആര് മത്സരിച്ചിരുന്നുവോ അവര്‍ക്കാണ് സീറ്റിന് അവകാശം എന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് പാലാ സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ ജോസ് പക്ഷം തയാറല്ല. സീറ്റ് കേരള കോണ്‍ഗ്രസി(എം)ന് അവകാശപ്പെട്ടതാണെന്നാണ് അവരുടെ നിലപാട്. ജോസഫ്പക്ഷം ലയിക്കുമ്പോള്‍ അവര്‍ മടങ്ങിവന്നപ്പോള്‍ ഉണ്ടായിരുന്ന സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ഉറപ്പ്. അതില്‍ കുട്ടനാട് ഇല്ലെന്ന് ജോസ് പക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇതിനിടയില്‍ ഡി.ഐ.സിയാകുന്നതിന് മുമ്പ് യു.ഡി.എഫില്‍നിന്നു മത്സരിച്ചിരുന്ന തങ്ങള്‍ക്കാണ് കുട്ടനാട് സീറ്റിന് അവകാശമെന്നാണു ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്. 2005ല്‍ ടി.എം. ജേക്കബ് കെ. കരുണാകരന്റെ ഡി.ഐ.സിയില്‍ ചേര്‍ന്നതോടെയാണ് അവര്‍ മത്സരിച്ചിരുന്ന സീറ്റ് നഷ്ടപ്പെട്ടത്. അതോടെ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ്ചാണ്ടി സീറ്റ് സ്വന്തമാക്കി. മറുവശത്ത് യു.ഡി.എഫില്‍ സീറ്റ് മാണിഗ്രൂപ്പിന് പോകുകയും ചെയ്തു.
ഇടതുമുന്നണിയിലും സീറ്റ് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എന്‍.സി.പിക്ക് കഴിയില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഭാവിയില്‍ എന്‍.സി.പിക്ക് മറ്റൊരു സീറ്റ് നല്‍കികൊണ്ട് ഇത് ഏറ്റെടുത്ത് ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള നീക്കം ഇടതുമുന്നണിയിലുണ്ട്. അങ്ങനെ വന്നാല്‍ നാലുതവണ കുട്ടനാട് നിന്നും മത്സരിച്ച ഡോ: കെ.സി. ജോസഫിനെ സ്ഥാനാര്‍ഥിയാക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ പഴയ ജോസഫ് ഗ്രൂപ്പുകാരനായ ഡോ: കെ.സി. ജോസഫിനെ മടക്കികൊണ്ടുവരാന്‍ അവരും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനു വഴങ്ങാന്‍ ജോസ് പക്ഷം തയാറല്ല.
സീറ്റുമുതല്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കു കേരള കോണ്‍ഗ്രസിലെ തമ്മിലടിയില്‍ കടുത്ത അതൃപ്തിയുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തുതന്നെ അദ്ദേഹം ഇത് അവരോട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അതു തുടര്‍ന്നാല്‍ സീറ്റ് ഏറ്റെടുക്കുമെന്നു തന്നെയാണു കോണ്‍ഗ്രസിന്റെ നിലപാട്.
from mangalam.com https://ift.tt/2stteQ1
via IFTTT
No comments:
Post a Comment