തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥർക്ക് പി.എസ്.സി. വഴി മറ്റുതസ്തികകളിൽ അപേക്ഷിക്കാൻ വകുപ്പുമേധാവിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി.) വേണമെന്ന നിബന്ധന എടുത്തുകളയുന്നു. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഉത്തരവ് അടുത്തമാസം പൊതുഭരണവകുപ്പ് പുറത്തിറക്കും. ഇതിനായി പി.എസ്.സി. ചട്ടങ്ങളിലോ മാർഗരേഖകളിലോ ഭേദഗതി ആവശ്യമെങ്കിൽ മൂന്നുമാസത്തിനകം നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം നിയമവകുപ്പ് പരിശോധിച്ചുവരുകയാണ്. ഏതെങ്കിലും വകുപ്പിൽ എൻ.ഒ.സി. കൂടിയേതീരുവെങ്കിൽ നിയമനം ലഭിച്ചശേഷം നിശ്ചിതമാതൃകയിലുള്ള ഫോറത്തിൽ സമർപ്പിച്ചാൽ മതിയെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. അഡ്വൈസ് മെമ്മോയോടൊപ്പം ഇതിനുള്ള നിർദേശം നൽകണം. പി.എസ്.സി. അപേക്ഷ ക്ഷണിക്കുമ്പോൾ ഉദ്യോഗാർഥികൾക്കൊപ്പം സാധാരണ സർക്കാർ ഉദ്യോഗസ്ഥരും അപേക്ഷിക്കാറുണ്ട്. ഇങ്ങനെ അപേക്ഷിക്കുന്ന ഉദ്യോഗസ്ഥരിൽ നിയമനം ലഭിക്കുക പത്തോ അമ്പതോ പേർക്കുമാത്രമാവും. എന്നാൽ നിരാക്ഷേപപത്രത്തിനുള്ള അപേക്ഷകൾ അടങ്ങിയ ആയിരക്കണക്കിന് ഫയലുകളാണ് ജില്ലാതലംമുതൽ സംസ്ഥാനതലംവരെ വിവിധ സർക്കാർ ഓഫീസുകളിൽ കൈകാര്യംചെയ്യേണ്ടിവരുന്നത്. ഇത്തരം സാങ്കേതികതയുടെ പേരിൽ അർഹതയുള്ള പല ഉദ്യോഗാർഥികളുടെയും അപേക്ഷകൾ പി.എസ്.സി. തള്ളുന്നതായി പരാതി ഉയർന്നിരുന്നു. എൻ.ഒ.സി. വേണ്ടെന്നുവെക്കുന്നതോടെ ഇത്തരം പരാതികളും കേസുകളും ഒഴിവാക്കാനാകും. ഉന്നതോദ്യോഗസ്ഥർ പലപ്പോഴും പ്രതികാരനടപടിക്കും എൻ.ഒ.സി. ദുരുപയോഗപ്പെടുത്താറുണ്ട്. പിന്നിൽ മിനിയുടെ പരാതി മലപ്പുറം വെള്ളേരി ചെമ്രക്കാട്ടൂർ സ്വദേശിനി വി. മിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വിഷയത്തിൽ വീണ്ടുവിചാരത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസറായ ഇവർ കോളേജ് അധ്യാപക ഒഴിവിലേക്ക് പി.എസ്.സി.ക്ക് അപേക്ഷിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. വകുപ്പ് മേധാവിയുടെ സമ്മതപത്രം അപേക്ഷാ തീയതിക്ക് ശേഷമുള്ളതായതിനാൽ സ്വീകരിക്കാനാവില്ലെന്നും മേധാവിയുടെ അനുമതിയില്ലാതെ അപേക്ഷിച്ചതിന് ശിക്ഷാനടപടി സ്വീകരിക്കുമെന്നും പി.എസ്.സി. ഇവരെ വാക്കാലറിയിച്ചു. നിരാക്ഷേപ പത്രത്തിന് രണ്ട് മാതൃകാ ഫോറങ്ങളാണുള്ളത്. ഉദ്യോഗസ്ഥരായ ഉദ്യോഗാർഥിയിൽനിന്നും നിരാക്ഷേപപത്രത്തിനുള്ള അപേക്ഷ കിട്ടിയിട്ടുണ്ടെന്നുള്ള പ്രസ്താവമാണ് ഇതിൽ ആദ്യത്തേത് (അനുബന്ധം ഒന്ന്). നിരാക്ഷേപപത്രം അനുവദിച്ചുകൊണ്ടുള്ള പ്രസ്താവമാണ് രണ്ടാമത്തേത് (അനുബന്ധം രണ്ട്). ഇതിൽ രണ്ടാമത്തെ നിരാക്ഷേപ പത്രത്തിന് പരീക്ഷയ്ക്ക് ശേഷമാണ് മിനി അപേക്ഷിച്ചത്. അനുബന്ധം ഒന്ന് നൽകിയ ഉദ്യോഗസ്ഥൻ അപ്പാഴേക്കും സ്ഥലം മാറി. പുതുതായി ചുമതലയേറ്റയാൾ രണ്ടാമത്തെ ഫോറം നൽകാനാവില്ലെന്ന് ശഠിച്ചതോടെ ഇവർക്ക് നടപടികൾ യഥാസമയം പൂർത്തിയാക്കാനായില്ല. പിന്നീട് നിരാക്ഷേപപത്രം ലഭിച്ചെങ്കിലും ആദ്യ അനുബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി. നിരസിച്ചു. ഇതോടെ അധ്യാപികയുടെ ജോലി ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ ഒട്ടേറെപ്പേർക്ക് അവസരം നഷ്ടപ്പെടുന്നതായി ബോധ്യപ്പെട്ടത്. Content Highlights;no need of NOC for psc examination apply
from mathrubhumi.latestnews.rssfeed https://ift.tt/2Qi29rb
via
IFTTT
No comments:
Post a Comment