കോട്ടയം: പകുതിയോളം ജീവനക്കാരെ ഒഴിവാക്കി റബര്‍ ബോര്‍ഡ് ചുരുട്ടിക്കെട്ടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റബര്‍ ബോര്‍ഡിലെ 1649 തസ്‌തികയില്‍ 744 എണ്ണം മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കാന്‍ ഉത്തരവ്. വിരമിക്കുന്ന തസ്‌തികകളിലേക്കു പുതിയ നിയമനം പാടില്ലെന്നും കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എം.എസ്. ബാനര്‍ജി റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ക്ക് കൈമാറിയ ഉത്തരവില്‍ പറയുന്നു. സ്‌ഥാനക്കയറ്റത്തിനു കര്‍ശനനിയന്ത്രണവും ഏര്‍പ്പെടുത്തി.
റബര്‍ കൃഷിവ്യാപനത്തിനും വിലസ്‌ഥിരതയ്‌ക്കും 1947ല്‍ കേന്ദ്രനിയമപ്രകാരം തുടങ്ങിയ സ്‌ഥാപനമാണ് ഏഴു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ റബര്‍കൃഷിയെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടു പ്രവര്‍ത്തനം ചുരുക്കുന്നത്. പത്തുവര്‍ഷം മുമ്പ് 275 രൂപയില്‍ എത്തിയ റബറിന് വില ഇപ്പോള്‍ 120 രൂപയില്‍താഴെ. ദേശീയതലത്തില്‍ റബര്‍ ഉല്‍പാദനം കൂടിയെങ്കിലും നഷ്‌ടത്തെത്തുടര്‍ന്നു കര്‍ഷകര്‍ റബര്‍ വെട്ടിമാറ്റി മറ്റുകൃഷികളിലേക്കു തിരിഞ്ഞതോടെ കേരളത്തില്‍ ഉല്‍പാദനം കുറഞ്ഞു.
നിലവില്‍ കോട്ടയത്തു പ്രവര്‍ത്തിക്കുന്ന റബര്‍ ബോര്‍ഡ് ആസ്‌ഥാനം ജീവനക്കാരുടെ എണ്ണം പകുതിയാകുന്നതോടെ അസമിലേക്കു പറിച്ചുമാറ്റാനാണു കേന്ദ്രനീക്കം. കോട്ടയത്തെ ഓഫീസ് ഗവേഷണകേന്ദ്രം മാത്രമാകും. വില തകര്‍ന്നു നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ റബര്‍ കൃഷിയുടെ അവസാനത്തെ ആണിക്കല്ലാണ് കേന്ദ്രസര്‍ക്കാരിന്റെ കടുംവെട്ടില്‍ ഇളകുന്നത്.
നിലവിലുള്ള ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളും ആറു സ്വതന്ത്രഡിവിഷനുകളും അഞ്ചാക്കാന്‍ നിര്‍ദേശമുണ്ട്. ജനറല്‍ സര്‍വീസ്, എക്‌സ്‌റ്റന്‍ഷന്‍ ആന്‍ഡ് അഡൈ്വസറി സര്‍വീസ്, റിസര്‍ച്ച് സര്‍വീസ്, ട്രെയിനിങ്, ഫിനാന്‍സ് എന്നിവയാണ് പുതിയ അഞ്ചു ഡിപ്പാര്‍ട്ട്‌മെന്റുകള്‍. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളും റബറിന്റെ വില സംബന്ധിച്ചുളള വിഷയങ്ങളും ഉള്‍പ്പെടുന്ന അഗ്രിക്കള്‍ച്ചര്‍ വിഷയങ്ങള്‍ ഡിവിഷനില്‍ നിന്ന് ഒഴിവാക്കി. ബോര്‍ഡില്‍ 120 ശാസ്‌ത്രജ്‌ഞന്‍മാരുണ്ടായിരുന്നത് നേര്‍പകുതിയായി വെട്ടിക്കുറച്ചിരുന്നു.
കര്‍ഷകര്‍ക്കായി 30 ഇന സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചാണ് റബര്‍ ബോര്‍ഡിന്റെ ആസ്‌ഥാനം കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തില്‍ റബര്‍കൃഷിക്ക് ഹെക്‌ടര്‍ ഒന്നിന് 25000 രൂപയും കേരളത്തിന് വെളിയിലാണെങ്കില്‍ മുപ്പതിനായിരം രൂപയും സബ്‌സിഡിയായി ബോര്‍ഡ് നല്‍കിയിരുന്നു. റബര്‍ റോളര്‍ വാങ്ങുന്നതിനുളള സഹായം, പുകപ്പുര നിര്‍മിക്കുന്നതിനുളള സഹായം, സബ്‌സിഡി നിരക്കിലുളള റബര്‍ത്തൈ വിതരണം എന്നിവയും നല്‍കിവന്നിരുന്നു.
അഞ്ചു വര്‍ഷം മുമ്പാണ് സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ മുഴുവന്‍ കര്‍ഷക സഹായ പദ്ധതികളും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് അന്യമായി. കൃത്രിമ റബര്‍ വ്യവസായത്തെ തുണയ്‌ക്കാനാണു സബ്‌സിഡികള്‍ നിര്‍ത്തലാക്കിയതെന്ന് കാര്‍ഷികമേഖലയിലുളളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സബ്‌സിഡി പുനരാരംഭിക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നുവെങ്കിലും പൂര്‍ണമായും നിര്‍ത്തലാക്കുകയാണുണ്ടായത്.
ഷാലു മാത്യു
from mangalam.com https://ift.tt/2RgKiCV
via IFTTT
No comments:
Post a Comment