ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ ജീവനോടെ കത്തിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അവസാനമായി പെണ്‍കുട്ടി പറഞ്ഞ വാക്കുകളാണ് ഏവരെയും സങ്കടത്തിലാഴ്ത്തുന്നത്. ''എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം'' എന്നായിരുന്നു പെണ്‍കുട്ടി അവസാനമായി പറഞ്ഞതെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂട്ടബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ച പുറത്തിറങ്ങിയ പ്രതികള്‍ ഇരയായ പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.40നാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഇന്നലെ രാത്രി 11.10 ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും അടിയന്തര ചികിത്സ നല്‍കിയെങ്കിലും 11.40 ന് മരിച്ചെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയെ തീകൊളുത്തിയിട്ടും പ്രതികളുടെ പ്രതികാരം അടങ്ങിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരെയും പ്രതികള്‍ വധഭീഷണി മുഴക്കി. കേസുമായി മുന്നോട്ട് പോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. ശുക്ലഗഞ്ചില്‍ വാടകയ്ക്കു താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവനു നേര്‍ക്കാണ് ഭീഷണിമുഴക്കിയത്. കട നടത്തി ഉപജീവനം കണ്ടെത്തുന്ന ഇയാളുടെ കട കത്തിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് ഭീഷണി. പ്രതികളിലൊരാളായ ശിവം എന്നയാളുടെ ബന്ധുവാണ് ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കുമെന്ന് ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ അറിയിച്ചു. പെണ്‍കുട്ടിയെ തീ കൊളുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു. പെണ്‍കുട്ടിയുടെ അമ്മ പഞ്ചായത്ത് അധ്യക്ഷയാണ്. ആശങ്കകള്‍ പങ്കിട്ടു പെണ്‍കുട്ടിയുടെ സഹോദരി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളായ അഞ്ചു പേരുടെയും പേരുകള്‍ യുവതി വെളിപ്പെടുത്തിയെന്നാണു വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളടങ്ങുന്ന അഞ്ചുപേരാണ് തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കാമുകന്‍ വിവാഹവാഗ്ദാനം ചെയ്ത് െലെംഗികമായി ചൂഷണം ചെയ്‌തെന്നും പിന്നീട് മറ്റൊരു സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്‌തെന്നും യുവതി കഴിഞ്ഞ ഡിസംബറില്‍ പരാതിപ്പെട്ടിരുന്നു. റായ്ബറേലി കോടതിയുടെ ഇടപെടലിനേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതി ഒരാഴ്ചമുമ്പാണു ജാമ്യത്തിലിറങ്ങിയത്. ഇയാളും ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ യുവതിയെ ജീവനോടെ തീകൊളുത്തിയത്.
കേസ് നടപടികള്‍ക്കായി റായ്ബറേലി കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണു യുവതി ആക്രമിക്കപ്പെട്ടത്. സിന്ധുപുരിലെ ഗൗര റെയില്‍വേ ക്രോസിങ്ങിനടുത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു, വിവാഹം കഴിക്കാമെന്നു പറഞ്ഞു. വിസമ്മതിച്ചതോടെ വയലിലേക്കു വലിച്ചിഴച്ചു. കരിമ്പിന്‍തണ്ടുകൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കുത്തിപ്പരുക്കേല്‍പ്പിച്ചശേഷമാണു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നു യുവതി മൊഴി നല്‍കി. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്‌നൗവിലെ ആശുപത്രിയിലും തുടര്‍ന്ന് ഡല്‍ഹിയിലും എത്തിക്കുകയായിരുന്നു.
യുവതിയുടെ മൊഴിപ്രകാരം ഹരിശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം ത്രിവേദി, ശിവം, ഉമേഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. സംഭവം അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2YzOAqR
via IFTTT
No comments:
Post a Comment