ആലപ്പുഴ: അല്പം താമസിച്ചിരുന്നെങ്കിൽ ഇടതുകൈയ്ക്ക് സ്വാധീനക്കുറവുള്ള ബാബുവിന് വലതുകൈയും നഷ്ടമാകുമായിരുന്നു. തടിമില്ലിലെ അറക്കവാളിൽപ്പെട്ട് അറ്റുതൂങ്ങിയ വലതുകൈ തിരികെ തുന്നിച്ചേർക്കാനായതിന് ബാബു നന്ദി പറയേണ്ടത് പോലീസിനോടാണ്. ബാബുവുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞ 108 ആംബുലൻസിന് ഗതാഗതക്കുരുക്കിൽ വഴിയൊരുക്കിയത് പോലീസാണ്. ഒന്നരമണിക്കൂർ വേണ്ടിടത്ത് 42 മിനിറ്റുകൊണ്ട് എത്തിക്കാനായതിനാൽ ശസ്ത്രക്രിയയിലൂടെ അറ്റകൈ തുന്നിച്ചേർക്കാനായി. ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ പോലീസാണ് ബാബുവിന് രക്ഷകരായത്. ആലപ്പുഴ കൊമ്മാടി വാർഡ് കേളംപറമ്പിൽ ബാബു(60) കൈതവനയിലെ മില്ലിൽ തടി അറുക്കുന്നതിനിടെ ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. താഴെക്കിടന്ന തടിയിൽ കാൽ തട്ടിയപ്പോൾ അറുക്കവാളിലേക്കാണ് വീണത്. അതോടെ വലതുകൈ അറ്റുതൂങ്ങി. അവിടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി അവിടെനിന്ന് കോട്ടയത്തേക്ക് റഫർ ചെയ്തു. ആ സമയം വിവരമറിഞ്ഞ് മില്ലുടമയായ ജേക്കബ് ജോണുമെത്തി. 108 ആംബുലൻസ് പുറപ്പെടും മുമ്പ് ആലപ്പുഴ ഡിവൈ.എസ്.പി.യെ വിളിച്ച് കാര്യം പറഞ്ഞു. പോലീസ് ഉടൻ ആംബുലൻസിന് വഴിയൊരുക്കി. ആലപ്പുഴ പോലീസ് കിടങ്ങറവരെ വഴിയൊരുക്കി. അവിടെനിന്ന് ചങ്ങനാശ്ശേരി പോലീസും പിന്നീട് കോട്ടയം പോലീസും ബാബുവിന്റെ വണ്ടിക്കു മുന്നിൽ പാഞ്ഞു. ഒന്നര മണിക്കൂറുകൊണ്ട് എത്തേണ്ട 57 കിലോമീറ്റർ ദൂരം 42 മിനിറ്റുകൊണ്ട് പിന്നിട്ട് ബാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ അറ്റുപോയ കൈ തുന്നിച്ചേർത്തതായി ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച പൊതുപ്രവർത്തകൻ ആന്റണി എം.ജോൺ പറഞ്ഞു. ബാബുവിന് പഴയതുപോലെ ജോലി ചെയ്യാനാകുമോയെന്ന് പറയാറായിട്ടില്ല. Content Highlights: Ambulance reached hospital in short time with the help of police
from mathrubhumi.latestnews.rssfeed https://ift.tt/2s4oPD5
via
IFTTT
No comments:
Post a Comment