: ആണിൽനിന്ന് പെണ്ണിലേക്ക് നേഹ നടത്തിയ യാത്ര പൂർണമാവുകയാണ്. തിരൂർസ്വദേശി നേഹ സി. മേനോൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം നടത്തുന്ന ജെത്സ ചടങ്ങിലൂടെയാണ് താൻ പെണ്ണാണെന്ന് ഉറക്കെപ്പറഞ്ഞത്. ട്രാൻസ്ജെൻഡറായിരുന്ന ഒരാൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായശേഷം ആചാരവിധിപ്രകാരം 41 ദിവസത്തിനുള്ളിൽ നടത്തുന്ന ചടങ്ങാണ് ജെത്സ. ട്രാൻസ്ജെൻഡറിന്റെ ജന്മം ഉപേക്ഷിച്ച് പൂർണമായി ഒരു സ്ത്രീയായി മാറുന്ന ചടങ്ങ്. നവംബർ നാലിന് നേഹ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ പതിനൊന്നാംദിവസം നേഹ ചൂടുവെള്ളത്തിൽ കുളിക്കുന്ന തണ്ണി എന്ന ചടങ്ങ് വീട്ടിൽ നടത്തി. ഈ കാലയളവിൽ മുറിയിൽനിന്ന് പുറത്തിറങ്ങരുത്. പുരുഷന്മാരുടെ മുഖംകാണാനും കണ്ണാടിനോക്കാനും ദൈവങ്ങളുടെ ചിത്രം കാണാനും പാടില്ല. 21-ാം ദിവസം മുലക്കച്ചകെട്ടി ശരീരത്തിൽ മഞ്ഞൾതേച്ചു കുളിപ്പിക്കും. അതുകഴിഞ്ഞാൽ പിന്നെ 41-ാം ദിവസം ആട്ടവും പാട്ടുമായി ആഘോഷമായ ജെത്സ ചടങ്ങാണ്. ചൊവ്വാഴ്ച നടന്ന സമാപനച്ചടങ്ങിൽ പച്ചസാരിയുടുത്ത്, മുഖംമറച്ച്, കഴുത്തിൽ മാലയിട്ട്, സന്തോഷിമാതാവിനു പൂജകൾ അർപ്പിച്ചു, പാൽ കുംഭവുമായി പോയി കടലിൽ പാൽ സമർപ്പിച്ചു.തൃക്കണ്ടിയൂരിലെ വീട്ടിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നേഹ പാൽ കടലിലൊഴുക്കാൻ പറവണ്ണ കടപ്പുറത്തെത്തിയത്. ചടങ്ങിനുശേഷം സർവാഭരണവിഭൂഷിതയായി വീട്ടിൽ തിരിച്ചെത്തി. ശരീരംകൊണ്ട് ആണായിജീവിക്കുമ്പോഴും മനസ്സുകൊണ്ട് താൻ പെണ്ണാണെന്ന് നേഹ ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ, ചുറ്റുമുള്ള സമൂഹം അത് അംഗീകരിക്കാൻ തയാറായിരുന്നില്ല. വേഷംകെട്ടുകാരി എന്ന് വിളിച്ചുകളിയാക്കിയ സമൂഹത്തിന് നേഹ മറുപടികൊടുത്തത് പൂർണസ്ത്രീയായി മാറിയാണ്. ജെത്സയിലൂടെ പെണ്ണായിമാറിയ ജില്ലയിലെ ആദ്യവ്യക്തിയും നേഹയാണ്. ഇനിയുള്ള കാലം വീട്ടമ്മയായി ജീവിക്കണമെന്നാണ് നേഹയുടെ അഗ്രഹം. ഉടൻ തന്റെ വിവാഹമുണ്ടാകുമെന്നും അതോടൊപ്പം ഇത്രയുംകാലം കണ്ടിരുന്ന സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കണമെന്നും നേഹ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/34bZ3K0
via
IFTTT
No comments:
Post a Comment