തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവർഷം ഉപേക്ഷിക്കപ്പെടുന്നത് 33 കോടിയിലധികം പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ചില്ലുകുപ്പികൾ ഉപയോഗിക്കണമെന്ന് മദ്യക്കമ്പനികൾക്ക് നിർദേശം നൽകിയിട്ട് വർഷങ്ങളായെങ്കിലും മാറ്റമുണ്ടായിട്ടില്ലെന്ന് എക്സൈസ് വകുപ്പു സമ്മതിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിപോലും പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ചിട്ടില്ല. ജനുവരി ഒന്നിന് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം വരുന്നതോടെ പ്രശ്നം കൂടുതൽ സങ്കീർണമാകും. ചില്ലുകുപ്പിയിൽ മദ്യമെത്തിക്കണമെങ്കിൽ വില ഉയർത്തണമെന്നാണ് കമ്പനികളുടെ നിലപാട്. ബിവറേജസ് കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് നൽകിയ കണക്കനുസരിച്ച് രണ്ടുവർഷം മുമ്പ് മദ്യവിപണനത്തിന് സംസ്ഥാനത്ത് എത്തിയത് 55 കോടി കുപ്പികളാണ്. ഇതിൽ 65 മുതൽ 70 ശതമാനംവരെ പ്ലാസ്റ്റിക് കുപ്പികളാണ്. ഓരോ വർഷവും 10 മുതൽ 18 ശതമാനംവരെ വർധനയുമുണ്ടാകുന്നു. ചില്ലുകുപ്പി: തീരുമാനം വർഷങ്ങൾക്കുമുമ്പ് 2008-09ലെ അബ്കാരി നയത്തിലാണ് പ്ലാസ്റ്റിക് കുപ്പികൾ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഈ തീരുമാനം നടപ്പാക്കൽ 2012 വരെ ഔദ്യോഗികമായിത്തന്നെ നീട്ടിവെച്ചു. ചില്ലുകുപ്പികൾ കിട്ടാനില്ലെന്നാണ് പറഞ്ഞത്. വിഷാംശവും ആരോഗ്യദുരന്തവുമുണ്ടാക്കാത്ത കുപ്പികളിൽ മദ്യം വിതരണം ചെയ്യണമെന്ന് 2011-ൽ ഹൈക്കോടതി വിധിയുണ്ടായെങ്കിലും നടപ്പായില്ല. 2017-18ലെ മദ്യനയത്തിലും മദ്യവിതരണം പൂർണമായും ചില്ലുകുപ്പികളിലേക്ക് മാറണമെന്ന് നിർദേശിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. മദ്യം ചില്ലുകുപ്പികളിലേക്ക് മാറ്റണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവും നടപ്പായില്ല. 2016-ലെ കേന്ദ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമപ്രകാരം പ്ലാസ്റ്റിക് കുപ്പികൾ ഉത്പാദിപ്പിക്കുന്നവർതന്നെ തിരിച്ചെടുക്കണം. ഇതനുസരിച്ച് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ വിപണനകേന്ദ്രങ്ങളിൽ തിരിച്ചെടുക്കണമെന്നും ഇതിന് വിതരണ കമ്പനികളുമായി കരാറുണ്ടാക്കണമെന്നും ശുചിത്വമിഷൻ ആവശ്യപ്പെട്ടിരുന്നു. വില കൂടുമെന്നതിന് അടിസ്ഥാനമില്ല ചില്ലുകുപ്പിയിൽ മദ്യം വിൽക്കുന്നത് വില ഉയർത്തുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. 180 മില്ലിഗ്രാം ചില്ലുകുപ്പിക്ക് 1.60 രൂപയും പ്ലാസ്റ്റിക് കുപ്പിക്ക് 70 പൈസയുമാണ് വില. 375 മില്ലിഗ്രാം കുപ്പിക്ക് ഇത് യഥാക്രമം 3.20 രൂപയും 1.40 രൂപയുമാണ്. 750 മില്ലിഗ്രാം ചില്ലുകുപ്പിക്ക് 6.50 രൂപയും പ്ലാസ്റ്റിക് കുപ്പിക്ക് മൂന്നുരൂപയുമാണ് വില. ചില്ലുകുപ്പികൾ മൂന്നുതവണ വരെ പുനരുപയോഗിക്കാമെന്നതിനാൽ ഉയർന്ന വില കാര്യമാക്കേണ്ടതില്ലൊന്നാണ് സർക്കാർ വാദം. എന്നാൽ കുപ്പികൾ അണുവിമുക്തമാക്കി പുനരുപയോഗിക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനികളുടെ വാദം. പ്രായോഗികമല്ല ഉപയോഗശേഷം പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിന് ശുചിത്വമിഷനുമായി പ്രാഥമിക ചർച്ചകൾ മാത്രമാണ് നടത്തിയത്. ഒറ്റയടിക്ക് ചില്ലുകുപ്പിയിലേക്ക് മാറുന്നത് പ്രായോഗികമല്ല. ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. -ജി. സ്പർജൻകുമാർ, മാനേജിങ് ഡയറക്ടർ, ബിവറേജസ് കോർപ്പറേഷൻ Content Highlights:33 crore plastic liquor bottles are disposing in kerala in one year
from mathrubhumi.latestnews.rssfeed https://ift.tt/38FTyXI
via
IFTTT
No comments:
Post a Comment