തിരുവനന്തപുരം: ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ദേശീയ നേതാക്കൾ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോർ കമ്മിറ്റിയംഗങ്ങളുമായും തുടർന്ന് ആർ.എസ്.എസ്. നേതൃത്വവുമായും ചർച്ച നടത്തും. 30-ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാൽ 15-നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മുതിർന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകൾക്കു പകരം ആദ്യം കോർ കമ്മിറ്റിയിൽ അഭിപ്രായ സമന്വയമുണ്ടാക്കാനാകും നേതാക്കൾ ശ്രമിക്കുക. തുടർന്ന് ആർ.എസ്.എസ്. നേതാക്കളെ കാണും. പാർട്ടിയധ്യക്ഷനെ നിശ്ചയിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാൻ നേതൃത്വം ആഗ്രഹിക്കുന്നില്ല. കേരളത്തിലെ പാർട്ടിപ്രവർത്തനം ഇപ്പോൾ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിനു കിട്ടിയ റിപ്പോർട്ട്. കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാർട്ടിയെ നയിക്കാൻ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നിൽ. കേന്ദ്രമന്ത്രി വി. മുരളീധരനും മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും രംഗത്തുണ്ട്. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നില്ലെങ്കിൽ നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാക്കുമെന്ന സൂചനകൾ നേതാക്കൾ നൽകുന്നു. ഏതു നേതാവിനെ പ്രസിഡന്റാക്കണമെങ്കിലും ആർ.എസ്.എസിന്റെ പച്ചക്കൊടി ആവശ്യമാണ്. ആർ.എസ്.എസ്. ആകട്ടെ കുമ്മനം രാജശേഖരനടക്കുള്ളവരുടെ പേരാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കുമ്മനമല്ലെങ്കിൽ മുതിർന്ന നേതാവ് പി.പി. മുകുന്ദനെ പരിഗണിക്കണമെന്ന ചർച്ച സംസ്ഥാനത്തെ ആർ.എസ്.എസിന്റെ ഉന്നത നേതാക്കൾക്കിടയിൽ ഉണ്ടാവുകയും ചെയ്തു. content highlights:bjp kerala state president
from mathrubhumi.latestnews.rssfeed https://ift.tt/34S2kQ0
via
IFTTT
No comments:
Post a Comment