തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ അഖിലിനെതിരേയുള്ള പരാതി അന്വേഷിക്കാൻ യൂണിവേഴ്‌സിറ്റി കോളേജ് കൗൺസിൽ അന്വേഷണ കമ്മിഷൻ രൂപവത്‌കരിച്ചു. കത്തിക്കുത്ത് കേസിലെ പ്രതിസ്ഥാനത്തുള്ളവരാണ് ഈ പരാതിക്കു പിന്നിലെന്നാണ് മറുഭാഗത്തിന്റെ ആരോപണം. അഖിൽ മദ്യപിച്ച് കോളേജിലെത്തിയെന്നാണ് പരാതി. നേരത്തെ പേരുവയ്ക്കാതെ ഇതേ പരാതി കോളേജ് കൗൺസിലിനു ലഭിച്ചിരുന്നു. എന്നാൽ, ഇത്തരം പരാതികൾ സ്വീകരിക്കാനാവില്ലെന്ന് കൗൺസിൽ പറഞ്ഞതോടെയാണ് വീണ്ടും ഫിലോസഫിയിലെ ഒരു വിദ്യാർഥി പേരുവച്ച് പരാതിനൽകിയത്. ഒരു മാസം മുമ്പ് കോളേജിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ സസ്‌പെൻഡ് ചെയ്ത ഒരാളെ തിരിച്ചെടുക്കാനും കോളേജ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങിയതോടെ പഴയ എസ്.എഫ്.ഐ. യൂണിറ്റ് വീണ്ടും കോളേജിൽ സജീവമാവുകയാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. അഖിലിനെതിരേയുള്ള ഇവരുടെ പ്രതികാരം തീർക്കാനാണ് പരാതിയെന്നാണ് ആരോപണം. കത്തിക്കുത്ത് കേസിലെ പ്രതികൾ പലരും വീണ്ടും കോളേജിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. പുറത്തുനിന്നുള്ള ചില യുവജന സംഘടനാ നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കോളേജ് ഗേറ്റ് പൂട്ടിയിട്ട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പ്രകടനത്തിൽ പങ്കെടുപ്പിച്ചതായും പരാതിയുണ്ട്. കോളേജ് ഗേറ്റ് അടയ്ക്കുന്നത് തടയാനെത്തിയ അധ്യാപകരോടും എസ്.എഫ്.ഐ. പ്രവർത്തകർ മോശമായി പെരുമാറി. അഖിലിനു കുത്തേറ്റ സംഘർഷത്തിനു മുമ്പ് എസ്.എഫ്.ഐ. പ്രവർത്തകർക്കായിരുന്നു ഗേറ്റുകളുടെ നിയന്ത്രണം. സംഘർഷസമയത്ത് ഗേറ്റ് പൂട്ടിയിട്ടാണ് വിദ്യാർഥികളെ അന്നത്തെ എസ്.എഫ്.ഐ. നേതാക്കൾ മർദിച്ചത്. ഈ സംഘർഷത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥരാണ് കോളേജിലെ ഗേറ്റിലുണ്ടായിരുന്നത്. ഇവരെ മറികടന്നാണ് വിദ്യാർഥികൾക്കു തോന്നുന്നതുപോലെ വീണ്ടും ഗേറ്റുകൾ അടച്ചിടാൻ തുടങ്ങിയത്. എന്നാൽ, ഇത്തരം ഒരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. കെ.മണി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2r2fIBY
via
IFTTT
No comments:
Post a Comment