ആദ്യത്തെ കൊലപാതകം അമ്മായിയമ്മയുടേതായിരുന്നു, ജോളി എന്ന സ്ത്രീക്ക് പിഴച്ചുതുടങ്ങിയത് സമ്പത്തിന്റെ കാര്യത്തിലെ പരാശ്രയത്വത്തില്‍ നിന്ന്; വൈറലായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

ആദ്യത്തെ കൊലപാതകം അമ്മായിയമ്മയുടേതായിരുന്നു, ജോളി എന്ന സ്ത്രീക്ക് പിഴച്ചുതുടങ്ങിയത് സമ്പത്തിന്റെ കാര്യത്തിലെ പരാശ്രയത്വത്തില്‍ നിന്ന്; വൈറലായി കുറിപ്പ്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കേസിലെ മുഖ്യ പ്രതിയായ ജോളിയെ കുറിച്ചും ഇത്തരത്തില്‍ പല കഥകളും പുറത്തെത്തുന്നുണ്ട്. കൊലപാതക പരമ്പരയും മുഖ്യ പ്രതി ജോളിയും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയൊരുക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ സമൂഹത്തില്‍ ജോളിമാര്‍ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ എന്ന് പറയുകയാണ് മാധ്യമപ്രവര്‍ത്തകയായ രമ്യ ബിനോയ്.

വിവാഹശേഷവും ഒന്നും ചെയയ്ാനില്ലാതെ ഭര്‍ത്താവിനെ മാത്രം ആശ്രയിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സ്ത്രീകളെ ക്രിമിനല്‍ പശ്ചാത്തലത്തിലെത്തിക്കുന്നു. സര്‍ക്കാര്‍ ജോലിമാത്രമല്ല ഈ സമൂഹത്തിലുള്ളതെന്നും വിവിധ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. എല്ലാവര്‍ക്കും പഠിച്ച് സര്‍ക്കാര്‍ സര്‍വീസിലോ ബാങ്കിങ്ങിലോ മള്‍ട്ടി നാഷനല്‍ കമ്പനികളിലോ മറ്റു പ്രഫഷനുകളിലോ എത്തിപ്പെടാന്‍ ആവില്ല. അതു മാത്രമാണ് തൊഴിലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്... പത്താം ക്ലാസോ പ്ലസ് ടു വോ കഴിഞ്ഞ് ബ്യൂട്ടീഷന്‍ കോഴ്‌സോ തുന്നലോ ഹാന്‍ഡ് എംബ്രോയ്ഡറിയോ പഠിച്ചുകൂടേ... എത്ര തരം കംപ്യൂട്ടര്‍ കോഴ്‌സുകളാണ് പത്രങ്ങളുടെ അറിയിപ്പു കോളങ്ങളിലുള്ളത്. സ്വയം തൊഴില്‍ പരിശീലനങ്ങള്‍ അതിലേറെയുണ്ട്. -രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

*ആത്മവിശ്വാസമെന്ന പറുദീസാ നഷ്ടമാകുമ്പോള്‍...*

ആദ്യത്തെ കൊലപാതകം അമ്മായിയമ്മയുടേതായിരുന്നു. വീടിന്റെ അധികാരം, കുടുംബത്തിന്റെ സാമ്പത്തികാധികാരം പിടിച്ചെടുക്കാനുള്ള ഒന്ന് - കൂടത്തായി കൊലപാതകക്കേസിന്റെ തുടക്കം ഇവിടെ നിന്നാണ്. പ്രേരകശക്തികളില്‍ പ്രണയമോ മറ്റു സംഗതികളോ ഒക്കെ പിന്നാലെയാണ് വന്നത്. ജോളി എന്ന സ്ത്രീക്ക് പിഴച്ചുതുടങ്ങിയത് സമ്പത്തിന്റെ കാര്യത്തിലെ പരാശ്രയത്വത്തില്‍ നിന്നാണ്.

അതേ... ഒരു സ്ത്രീയുടെ അവസ്ഥ, പ്രത്യേകിച്ച് വിവാഹശേഷം, നിര്‍ണയിക്കുന്നതില്‍ സമ്പത്തിനു വലിയൊരു പങ്കുണ്ട്. സ്ത്രീധനം, കുടുംബസ്വത്തിന്റെ പങ്ക്, പോക്കറ്റ് മണി തുടങ്ങി പല പേരില്‍ വിളിക്കുന്ന പണമല്ല ഈ സാമ്പത്തികനിലയുടെ അടിസ്ഥാനം. ഒരുപാട് സ്ത്രീധനം നല്‍കി വിവാഹം കഴിച്ചയച്ച, സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളില്‍ പലരുടെയും അവസ്ഥ നേരില്‍ കാണുന്നുണ്ട്. സ്ത്രീധനം കുറച്ചു കഴിയുമ്പോള്‍ ചെല'വായി(ല്‍)'പ്പോകും. അച്ഛനമ്മമാര്‍ സ്‌നേഹത്തോടെ മകളെ അണിയിക്കുന്ന സ്വര്‍ണാഭരണങ്ങളും പുതുമ മാറും മുന്‍പേ സ്വര്‍ണപ്പണയമായോ, വില്‍പ്പനയ്ക്കായോ ഒക്കെ പടിയിറങ്ങിപ്പോകും. അതോടെ തുടങ്ങിയിടത്തേക്ക് എത്തുകയാണ് പല സ്ത്രീകളും.

'ചേച്ചീ... ഈ വീട്ടില്‍നിന്ന് പത്തു പൈസ കാണാതായാല്‍ എന്റെ നേര്‍ക്കാണ് ആദ്യത്തെ സംശയക്കണ്ണ്' എന്നു പറഞ്ഞുകരയുന്ന ഒരു പെണ്‍കുട്ടിയുണ്ട് എന്റെ പരിചയത്തില്‍. പ്രഫഷനല്‍ കോഴ്‌സ് ജയിച്ചവളാണ്. വിവാഹം കഴിഞ്ഞ് ജോലി ഉപേക്ഷിച്ചതോടെ തുടങ്ങി നരകജീവിതം. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി പത്തു മണി വരെ അടുക്കളയില്‍ കിടന്നു നരകിച്ചാലും 'വെറുതെ ഇരിക്കുന്ന സ്ത്രീ' എന്നതാണ് കിട്ടുന്ന ബഹുമതി.

മറ്റൊരു കൂട്ടരുണ്ട്, 'എനിക്ക് ചെലവിനു തരുന്നവന്‍ എന്നെ കെട്ടിയാല്‍ മതി' എന്ന അഹങ്കാരമാണ് മുഖമുദ്ര. 'എന്റച്ഛനു പണമുണ്ട്, അല്ലെങ്കില്‍ ഭര്‍ത്താവ് സമ്പന്നനാണ്, അതുകൊണ്ട് ഞാന്‍ അലസജീവിതം നയിക്കു'മെന്നാണ് ന്യായം. അലസജീവിതം നയിച്ചോളൂ... പക്ഷേ ആ അലസതയില്‍ നിന്ന് ഉരുത്തിരിയുന്ന ക്രൂരവാസനകളുടെ ഇരയാകുന്നത് പലപ്പോഴും മറ്റുള്ളവരാണെന്നതു മറക്കാതിരിക്കുക.

എല്ലാവര്‍ക്കും പഠിച്ച് സര്‍ക്കാര്‍ സര്‍വീവീസിലോ ബാങ്കിങ്ങിലോ മള്‍ട്ടി നാഷനല്‍ കമ്പനികളിലോ മറ്റു പ്രഫഷനുകളിലോ എത്തിപ്പെടാന്‍ ആവില്ല. അതു മാത്രമാണ് തൊഴിലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്... പത്താം ക്ലാസോ പ്ലസ് ടു വോ കഴിഞ്ഞ് ബ്യൂട്ടീഷന്‍ കോഴ്‌സോ തുന്നലോ ഹാന്‍ഡ് എംബ്രോയ്ഡറിയോ പഠിച്ചുകൂടേ... എത്ര തരം കംപ്യൂട്ടര്‍ കോഴ്‌സുകളാണ് പത്രങ്ങളുടെ അറിയിപ്പു കോളങ്ങളിലുള്ളത്. സ്വയം തൊഴില്‍ പരിശീലനങ്ങള്‍ അതിലേറെയുണ്ട്.

അടുത്തിടെ എന്റെ ജോലിയുടെ ഭാഗമായി, സ്വയം തൊഴില്‍ ചെയ്യുന്ന കേരളത്തിലെ പെണ്‍കൂട്ടായ്മകളുമായി അടുത്തിടപഴകേണ്ടി വന്നു. പത്താം ക്ലാസ് ജയിക്കാത്തവര്‍ മുതല്‍ ബിരുദാനന്തര ബിരുദക്കാര്‍ വരെ അവരിലുണ്ടായിരുന്നു. 20 വയസ്സുകാര്‍ മുതല്‍ 70 വയസ്സുകാര്‍ വരെയും.അവര്‍ക്കെല്ലാമൊരു പ്രത്യേകതയുണ്ട്. എല്ലാവരും ആത്മവിശ്വാസവും പോസിറ്റിവിറ്റിയുമുള്ളവരാണ്. കുടുംബത്തില്‍ ബഹുമാനിക്കപ്പെടുന്നവരാണ്. അഭിമുഖത്തിനെത്തിയ വിധികര്‍ത്താക്കളോട് എത്ര ഭംഗിയായാണ് അവര്‍ ഓരോരുത്തരും സംസാരിച്ചത്. തൊഴിലുറപ്പിനു പോകുന്ന സ്ത്രീകളിലും ഈ ആത്മവിശ്വാസം ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ കുടുംബത്തിനായി, തനിക്കായി സമ്പാദിക്കാന്‍ കഴിയുന്നവരെന്ന അഹംബോധം (അഹങ്കാരമല്ല) അവരിലെല്ലാമുണ്ട്. എനിക്കുറപ്പുണ്ട്, അവരാരും ജോളിമാര്‍ ആകില്ലെന്ന്. അവരാരും അച്ഛന്റെയോ അമ്മായിയച്ഛന്റെയോ കയ്യിലിരിക്കുന്ന പണത്തിന്റെ അരികുപറ്റി എക്കാലവും ജീവിക്കുന്ന പരാദജീവികളാകില്ലെന്ന്.

അതുകൊണ്ട് പെണ്‍മക്കളെ വളര്‍ത്തുന്ന എല്ലാ അച്ഛനമ്മമാരും ഒന്ന് മനസ്സിലുറപ്പിക്കൂ, അവര്‍ എല്ലാ നോമ്പും വ്രതവും പിടിക്കുന്നവരും എല്ലാ കുര്‍ബാനയും ദീപാരാധനയും കൂടുന്നവരും ഉപവാസവും ഒരിക്കലൂണും നടത്തുന്നവരും നന്നായി അടുക്കള നോക്കുന്നവരും ആയില്ലെങ്കിലും സാരമില്ല, ദൈവത്തിലെന്ന പോലെ മനുഷ്യനിലും വിശ്വാസമുള്ളവരും നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്നവരും മനസ്സ് ചെകുത്താന് വിട്ടുകൊടുത്ത് അലസ ജീവിതം നയിക്കാത്തവരും ആവട്ടെ. പുറത്തു പോയി ജോലി ചെയ്യാന്‍ സാഹചര്യമില്ലെങ്കിലെന്ത്, അവനവന്റെ ഇത്തിരി പുരയിടത്തില്‍ അല്ലെങ്കില്‍ പാട്ടത്തിനെടുത്ത അരയേക്കര്‍ സ്ഥലത്ത് അന്തസ്സായി കൃഷി ചെയ്തു കൂടേ... അതുമല്ലെങ്കില്‍ പഠിച്ച കൈത്തൊഴിലുകള്‍, തുന്നലോ എംബ്രോയ്ഡറിയോ പോട്ട് പെയിന്റിങ്ങോ ആകട്ടെ, വീട്ടിലിരുന്ന ചെയ്തുകൂടേ... ആകെയറിയുന്നത് പാചകമാണെങ്കില്‍ അച്ചാറോ, ചമ്മന്തിപ്പൊടിയോ ഉണ്ണിയപ്പമോ ഉണ്ടാക്കിവിറ്റാലും മുന്നോട്ടുപോകാം. അങ്ങനെ അവനവന്‍ സമ്പാദിക്കുന്ന തുക, അത് എത്ര തുച്ഛമാണെങ്കിലും അതിന് ഒരു അന്തസ്സുണ്ട്. അതിനു പകരം, വിധിക്കു സ്വയംവിട്ടുകൊടുത്ത ശേഷം, പരാദജീവിയെന്ന് സ്വന്തം മനസാക്ഷി കുറ്റപ്പെടുത്തുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവളായോ, എനിക്കില്ലാത്തതൊന്നും മറ്റുള്ളവര്‍ക്ക് വേണ്ട എന്ന ക്രൂരത ഉള്ളിലൊളിപ്പിച്ചവളായോ, ഞാനൊരു ദുര്‍ബല എന്നെ താങ്ങിക്കോളൂ എന്ന് കുടുംബാംഗങ്ങളോട് പറയാതെ പറയുന്നവളായോ അധപതിക്കാതിരിക്കൂ.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ച സ്ത്രീകള്‍ നിങ്ങള്‍ക്കു ചുറ്റും ഒരുപാടുണ്ട്. അവരാകട്ടെ നിങ്ങളുടെ മാതൃക. അതിനു പകരം, ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളെ അവഹേളിച്ചും അലസമനസ്സ് സമ്മാനിക്കുന്ന ക്രൂരതകള്‍ നടപ്പാക്കാനുള്ള വഴികള്‍ ആലോചിച്ചും സ്വയം നശിക്കുന്നതെന്തിനാണ്...

നാളെ വേണ്ട, ഇന്നു തന്നെയാകട്ടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. എന്തു ചെയ്യാന്‍ കഴിയുമെന്ന് ഓരോരുത്തരും മനസ്സിലൊന്ന് ഉറപ്പിക്കൂ. വിജയത്തിലേക്കുള്ള വഴികളില്‍ കുറച്ചു മുള്ളും പടര്‍പ്പും ഉണ്ടാകും. ആത്മവിശ്വാസത്തിന്റെ ഉലയില്‍ നിര്‍മിച്ച ഉടവുതട്ടാത്ത പ്രസരിപ്പിന്റെ ഒരു വെട്ടരിവാള്‍ കയ്യിലെടുത്തോളൂ. കാടും പടര്‍പ്പും വെട്ടിനീക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് നമുക്കുള്ള നേര്‍വഴി തന്നെയാണ്...



from mangalam.com https://ift.tt/30Zf9VC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages