കോട്ടയ്ക്കൽ: കടൽകടന്നും പരക്കുകയാണ് കുടുംബശ്രീയുടെ 'ശ്രീ'. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ അസർബെയ്ജാനിലെ ഗ്രാമങ്ങൾക്കാണ് നമ്മുടെ പെൺകൂട്ടായ്മ വെളിച്ചമാകുന്നത്. ഒരുവർഷത്തിനുള്ളിൽ അസർബെയ്ജാനിലെ മസാലിയിൽ മാത്രം കുടുംബശ്രീ മാതൃകയിൽ 38 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പെൺകൂട്ടായ്മയിലുള്ള രാജ്യത്തെ മൊത്തം സംരംഭങ്ങൾ ഇതോടെ നൂറിലധികമായി ! കഫേ നടത്തിയും കൃഷിചെയ്തും പലഹാരങ്ങൾ ഉണ്ടാക്കിവിറ്റും വരുമാനമുണ്ടാക്കാൻ പഠിച്ചു ദരിദ്രഗ്രാമങ്ങളിലെ പെൺകൂട്ടങ്ങൾ. അസർബെയ്ജാൻ റൂറൽ വിമൻസ് അസോസിയേഷൻ എന്നപേരിൽ രാജ്യത്തെ പെൺസംരംഭകരുടെ ഒരു ഫെഡറേഷനും ഇവർ രൂപവത്കരിച്ചു. ലോകബാങ്കിന്റെ സഹായമുള്ള അസർബെയ്ജാൻ റൂറൽ ഇൻവെസ്റ്റ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് പെൺകൂട്ടായ്മകൾ ആരംഭിച്ചത്. രണ്ടുതവണ അസർബെയ്ജാൻ സന്ദർശിച്ച നമ്മുടെ കുടുംബശ്രീമിഷൻ പ്രവർത്തകർ ഇതിനാവശ്യമായ പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകി. കുടുംബശ്രീയുടെ വെബ് സൈറ്റിൽ ഇപ്പോൾ അസർബെയ്ജാനിലെ 'കുടുംബശ്രീ മോഡൽ' വിജയഗാഥ വായിക്കാം. ലോകബാങ്കിന്റെ റീജണൽ ഡയറക്ടർ സെബാസ്റ്റ്യൻ മോളിന്യൂസ് മസാലി സന്ദർശിച്ചശേഷം ഈ സംരംഭങ്ങളെ അഭിനന്ദിച്ച് ട്വിറ്ററിലെഴുതിയ കുറിപ്പ് കുടുംബശ്രീക്കുകൂടിയുള്ള അഭിനന്ദനമാണ്. തുടക്കം ഒരു യാത്രയിൽനിന്ന് 2017-ലായിരുന്നു അത്. അസർബെയ്ജാൻ റൂറൽ ഇൻവെസ്റ്റ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഒരുസംഘം ഇന്ത്യ സന്ദർശിക്കാനെത്തി. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് മാതൃകയാക്കാൻ പറ്റിയ പദ്ധതികൾ അന്വേഷിച്ചായിരുന്നു യാത്ര. വിവിധ സംസ്ഥാനങ്ങളിലെ പദ്ധതികൾ പഠിച്ച സംഘം കുടുംബശ്രീയെക്കുറിച്ചും അറിഞ്ഞു. സ്ത്രീകളെ സ്വന്തം കാലിൽനിൽക്കാൻ സഹായിച്ച ഈ പ്രസ്ഥാനം അവരെ അദ്ഭുതപ്പെടുത്തി. അവർ കുടുംബശ്രീമിഷനെ അങ്ങോട്ടുക്ഷണിച്ചു. 2018 മാർച്ചിൽ സജിത്ത് സുകുമാരന്റെ നേതൃത്വത്തിൽ ഒരുസംഘം പത്തുദിവസത്തെ പരിശീലനം നൽകാനായി അസർബെയ്ജാനിലേക്ക് പോയി. ആദ്യവർഷംതന്നെ സംരംഭ രൂപവത്കരണ പ്രവർത്തനങ്ങൾക്കുള്ള അസർബെയ്ജാൻ ഗവൺമെന്റിന്റെ പ്രത്യേക അവാർഡ് അസോസിയേഷന് ലഭിച്ചു. നമുക്ക് അഭിമാനിക്കാം അസർബെയ്ജാനിലെ പെൺമുന്നേറ്റത്തിൽ നമുക്കും അഭിമാനിക്കാം. അന്താരാഷ്ട്രതലത്തിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണത്. -എസ്. ഹരികിഷോർ, എക്സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ content highlights:azerbaijan kudumbashree project
from mathrubhumi.latestnews.rssfeed https://ift.tt/2pb6R0d
via
IFTTT
No comments:
Post a Comment