തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തിരിച്ചടിയേത്തുടര്‍ന്നു കോണ്‍ഗ്രസില്‍ പോര് തുടങ്ങി. പരസ്യമായ വിഴുപ്പലക്കലിനെതിരേ മുന്നറിയിപ്പുമായി മുതിര്‍ന്നനേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ മുസ്ലിം ലീഗിനും കടുത്ത അതൃപ്തി.
ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി കെ.പി.സി.സി. പുനഃസംഘടനയില്‍ ആയുധമാക്കാനാണു നീക്കം. സമുദായസംഘടനകളുടെ തിട്ടൂരം നടപ്പാക്കുന്ന രീതി തിരുത്തണമെന്നാവശ്യപ്പെട്ട് യുവനേതാക്കളും രംഗത്തുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനുശേഷം പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വീണ്ടും വിള്ളല്‍ വീണതാണു കോണ്‍ഗ്രസിനെ അലട്ടുന്നത്.
മറ്റന്നാള്‍ ചേരുന്ന യു.ഡി.എഫ്. യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. നാളെയോ മറ്റന്നാളോ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയും ചേര്‍ന്നേക്കും. ശക്തികേന്ദ്രങ്ങളായ വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും കനത്തപരാജയം അരൂരിലെ അട്ടിമറിജയത്തിന്റെ തിളക്കം നഷ്ടപ്പെടുത്തി.
രണ്ടിടത്തെ തിരിച്ചടി, ബി.ജെ.പി. വോട്ട് മറിച്ചതിനാലാണെന്ന പ്രചാരണം ശക്തമാക്കാനാണു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, വന്‍ വോട്ട് ചോര്‍ച്ചയുണ്ടായതു കണ്ടില്ലെന്നു നടിക്കരുതെന്നാണു പാര്‍ട്ടിയിലെ പൊതുവികാരം. ബി.ജെ.പിയെക്കാള്‍ കൂടുതല്‍ വോട്ട് യു.ഡി.എഫിനു ചോര്‍ന്ന സാഹചര്യത്തില്‍ വോട്ട് മറിക്കല്‍ ആരോപണം കൊണ്ടുമാത്രം രക്ഷയില്ലെന്നും വിലയിരുത്തപ്പെടുന്നു.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കെ.പി.സി.സി. പുനഃസംഘടനയെ സാരമായി ബാധിക്കും. സമുദായസംഘടനാ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി സംവിധാനം ചലിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അതിന്റെ പരിണതഫലമാണുണ്ടായതെന്നു യുവനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വട്ടിയൂര്‍ക്കാവിലെ തോല്‍വിക്കു വിശദീകരണവുമായി കെ. മുരളീധരന്‍ രംഗത്തുവന്നപ്പോള്‍, കോന്നിയുടെ കാര്യത്തില്‍ ആരോപണവിധേയനായ അടൂര്‍ പ്രകാശ് മൗനത്തിലാണ്.
വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി. വോട്ട് മറിച്ചെന്നാണു മുരളീധരന്റെ ആരോപണം. കെ. മോഹന്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍, സംഘടനാദൗര്‍ബല്യവും പ്രവര്‍ത്തനത്തിലെ പോരായ്മയുമാണു തോല്‍വിക്കു കാരണമായി മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിക്കുപ്പായമണിഞ്ഞശേഷം ഒഴിവാക്കപ്പെട്ട എന്‍. പീതാംബരക്കുറുപ്പ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് നേതാക്കളെ കാണുന്നതു ചാനലുകളില്‍ മാത്രമാണെന്നും അവര്‍ക്കു ജനങ്ങളുമായോ പ്രവര്‍ത്തകരുമായോ ബന്ധമില്ലെന്നും കുറുപ്പ് ആരോപിച്ചു. പാര്‍ട്ടിയില്‍ നിറയെ പുഴുക്കുത്താണ്. ഇതു തുടര്‍ന്നാല്‍ വന്‍ഭവിഷ്യത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയില്‍ സമുദായസംഘടനകളുടെ വാക്കുകേട്ട് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതാണു തിരിച്ചടിക്കു കാരണമെന്ന് അടൂര്‍ പ്രകാശിന്റെ അനുയായികള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ ലീഗ് രംഗത്തെത്തി. പാലായിലെ പരാജയത്തിനു കേരളാ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, വട്ടിയൂര്‍ക്കാവിലും കോന്നിയിലും സ്വയം കുഴിതോണ്ടിയെന്നാണു യു.ഡി.എഫിലെ പൊതുവികാരം. പ്രതിസന്ധിക്കു പരിഹാരമായി കെ.പി.സി.സി. പുനഃസംഘടന കാര്യക്ഷമമാക്കണമെന്നു പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നു. ഗ്രൂപ്പുകളെ അംഗീകരിക്കുമ്പോള്‍ത്തന്നെ, പുതുമുഖങ്ങളെ നേതൃത്വത്തിലേക്കു കൊണ്ടുവരണം. എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള പുനഃസംഘടന പാര്‍ട്ടിക്കു വരുംദിവസങ്ങളില്‍ വെല്ലുവിളിയാകും.
from mangalam.com https://ift.tt/2JpBwxA
via IFTTT
No comments:
Post a Comment