തിരുവനന്തപുരം: കേരളത്തിൽ അതിതീവ്രമഴ പ്രതീക്ഷിച്ച് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്ന ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന നാലുദിവസം പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദസ്വാധീനം ശക്തമാകുമെന്ന വിലയിരുത്തലിലാണ് കേരളത്തിൽ രണ്ടുദിവസം അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ കാറ്റിന്റെ ഗതിയും വേഗവും അനുകൂലമാകാത്തതിനാൽ ഈ ഭീതിയൊഴിഞ്ഞു. ഈ ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകാനുള്ള സാധ്യതയാണുള്ളത്. ഇത് മഹാരാഷ്ട്ര, ഗോവ തീരത്തേക്ക് അടുക്കുകയാണ്. 25-ന് തീരത്തിന് അടുത്തെത്തുകയും പിന്നീട് ഒമാൻ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് അടുത്തായി മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ഇത് ശക്തമാകുന്നതാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട കനത്തമഴ പ്രതീക്ഷിക്കാനിടയാക്കുന്നത്. രണ്ട് ന്യൂനമർദങ്ങളും കാരണം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവം ഓരോ മണിക്കൂറിലും മാറിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ചവരെ കേരളതീരത്ത് കടലിൽപ്പോകുന്നത് വിലക്കിയിട്ടുണ്ട്. content highlights:heavy rain,orange alert
from mathrubhumi.latestnews.rssfeed https://ift.tt/2oW6Q0a
via
IFTTT
No comments:
Post a Comment