ന്യൂഡൽഹി: റഫാൽ യുദ്ധവിമാനം കൈപ്പറ്റാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാൻസിൽ പോയതും അവിടെ ആയുധപൂജ നടത്തിയതും നാടകമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിരോധ ഇടപാടിനെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയാണ് രാജ്നാഥ് സിങ് ഏറ്റുവാങ്ങിയത്. കന്നിപ്പറക്കലിനുമുമ്പ് ആയുധപൂജ നടത്തുകയും ചെയ്തു. “ഫ്രാൻസിൽ പോയി പൂജ നടത്തണോ, റഫാൽ വിമാനം ഇന്ത്യയിലേക്കല്ലേ വരുന്നത്?” എന്ന് കോൺഗ്രസ് നേതാവ് റഷീദ് ആൽവി ചോദിച്ചു. നാടകമെന്ന പരാമർശത്തിന് വിമർശനമുയർന്നതോടെ ആയുധ പൂജയെയല്ല അങ്ങനെ വിളിച്ചതെന്ന് പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു. റഫാൽ ഏറ്റുവാങ്ങലിലും മറ്റു സാങ്കേതികകാര്യങ്ങളിലും രാഷ്ട്രീയക്കാർ ഇപെടുന്നതിനെയാണ് ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സൈനികതലത്തിൽ കൈകാര്യം ചെയ്യേണ്ടതാണിത്. വിമാനം ഇന്ത്യയിലെത്താൻ ആറോ എട്ടോ മാസങ്ങൾ ഇനിയുമെടുക്കുമെന്നിരിക്കെ ഫ്രാൻസിൽപോയി പൂജ നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ മഹാരാഷ്ട്രയിൽ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ഖാർഗെയെ വിമർശിച്ചു. രാജ്യത്തെ ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പാരമ്പര്യത്തെ നാടകമെന്ന് വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിന്റെ റഫാൽ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുമ്പോൾ അതിനെ നാരങ്ങയും തേങ്ങയുംകൊണ്ട് സംരക്ഷിക്കുന്നതിനെ അന്ധവിശ്വാസമെന്നാണ് കോൺഗ്രസ് നേതാവ് ഉദിത് രാജ് വിളിച്ചത്. ചടങ്ങിനെ പ്രതിരോധമന്ത്രി രാഷ്ട്രീയവത്കരിച്ചതാണു പ്രശ്നമെന്ന് പാർട്ടി വക്താവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ബൊഫോഴ്സ് ഇടപാടിലെ അഴിമതി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ ആരോപണങ്ങളെ ബി.ജെ.പി. പ്രതിരോധിച്ചത്. ബൊഫൊഴ്സ് ഇടനിലക്കാരൻ ഒട്ടാവിയോ ക്വത്റോച്ചിയെ പൂജിച്ചവരാണ് ഇപ്പോൾ ആയുധപൂജയെ പരിഹസിക്കുന്നതെന്ന് ബി.ജെ.പി. അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനീകരിക്കുന്നത് കോൺഗ്രസിന് തമാശയായിരിക്കുകയാണെന്ന് ബി.ജെ.പി. ട്വിറ്ററിലൂടെ ആരോപിച്ചു. Content Highlights:Rafale Congress BJP
from mathrubhumi.latestnews.rssfeed https://ift.tt/2q0FrKz
via
IFTTT
No comments:
Post a Comment