തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുന്നവരെയും അതു പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസിന്റെ പരിശോധന. 'ഓപ്പറേഷൻ പി ഹണ്ട്' എന്നപേരിൽ 21 ഇടത്ത് നടന്ന പരിശോധനയിൽ, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേരെ അറസ്റ്റുചെയ്തു. 20 കേസെടുത്തു. ഇന്റർപോൾ, ഇന്റർനാഷണൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്നീ സംഘടനകളുടെ സഹായവുമുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവെയ്ക്കുന്ന വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പോലീസിന്റെ നടപടി. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ മൂന്നാംതവണയാണ് സംസ്ഥാനവ്യാപകമായി പോലീസ് പരിശോധന നടത്തുന്നത്. നേരത്തേ നടന്ന പരിശോധനകളിൽ 26 പേർ അറസ്റ്റിലാവുകയും 37 പേർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം എന്നിവയിൽ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. തിരുവനന്തപുരം റൂറൽ ജില്ലയിൽ രണ്ടുപേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂർ ഇലവുംകുഴി സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ പാലംകോണം സ്വദേശി എസ്. മുഹമ്മദ് ഫഹാദ്, പത്തനംതിട്ട വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളം കുരീക്കാട് സ്വദേശി അനൂപ്, രാഹുൽ ഗോപി, പാലക്കാട് ചെതലൂർ പൂവത്താണി സ്വദേശി അബ്ദുൽ ഖാദർ, കണ്ണൂർ മതിപറമ്പ് സ്വദേശികളായ എ. ജിഷ്ണു, കെ. രമിത്, കരിയാട് സ്വദേശി ജി.പി. ലിജേഷ്, മലപ്പുറം കോഡൂർ മാടശ്ശേരി സാദിഖ് അലി തുടങ്ങിയവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽനിന്ന് ഇരുപതോളം മൊബൈൽ ഫോൺ, രണ്ട് ലാപ്ടോപ്പ്, ഒരു മോഡം, ഒരു ഹാർഡ് ഡിസ്ക്, രണ്ട് മെമ്മറി കാർഡുകൾ, കംപ്യൂട്ടറുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളും കണ്ടെത്താൻ കഴിഞ്ഞു. ടെലഗ്രാം ആപ്ലിക്കേഷൻ അധികൃതരുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒട്ടേറെ ഗ്രൂപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. സൈബർ ഡോം നോഡൽ ഓഫീസറും എ.ഡി.ജി.പി.യുമായ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധനകൾ. ഹൈടെക് ക്രൈം എൻക്വയറിസെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ. പിള്ളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വംനൽകിയത്. അഞ്ചുവർഷംവരെ തടവ് ലഭിക്കാം കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണംചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷംവരെ തടവും 10 ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ സൈബർ ഡോമിനെയോ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനെയോ അറിയിക്കണമെന്നും കേരള പോലീസ് അഭ്യർഥിച്ചു. content highlights:12 arrested for spreading child pornography
from mathrubhumi.latestnews.rssfeed https://ift.tt/2OMouxB
via
IFTTT
No comments:
Post a Comment