തിരുവനന്തപുരം: കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം ചരിത്രത്തില്‍ ഏറ്റവും കൂടിയ നിരക്കില്‍. ദേശീയ നിരക്കിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നാമതായി. കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ നാലര ശതമാനം കൂടി 10.67 ശതമാനമായി. 6.1 ശതമാനമാണ് ദേശീയ ശരാശരി. ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കേരളത്തെക്കാള്‍ ഇപ്പോള്‍ മുന്നിലുള്ളത്.
ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് തൊഴിലില്ലായ്മ നിരക്ക് വിലയിരുത്തിയത്. എന്നാല്‍, തൊഴില്‍ വിഷയത്തില്‍ കേരളം പിന്നിലാകാന്‍ നിരവധി കാരണങ്ങളുണ്ടെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന ജനസാന്ദ്രത, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികളാണെന്നാണു കണക്കുകള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണുള്ളത്. ഇതാണ്, സ്വകാര്യജോലികളില്‍ സ്ത്രീപങ്കാളിത്തം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തൊഴിലിടത്തിലെ സ്ത്രീകളുടെ പങ്കാളിത്തം കേരളത്തില്‍ 30.8 ശതമാനമാണ്. ദേശീയതലത്തില്‍ 23.7 മാത്രമാണുള്ളത്. സംഘടിത മേഖല 12.37 ലക്ഷം, പൊതുമേഖല 5.59 ലക്ഷം. സ്വകാര്യമേഖല 6.78 ലക്ഷം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ജില്ല തിരുവനന്തപുരമാണ്.
ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 പേരില്‍ 3,32,981 പേര്‍ സ്ത്രീകളാണ്. 1,93,574 പേര്‍ പുരുഷന്‍മാരാണ്. പ്രഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 1,27,773 പേര്‍ തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ തസ്തികകളിലായി 810 പേര്‍ക്ക് ഇവിടെ നിയമനം നല്‍കി. തൊഴിലില്ലാത്തവരുടെ കണക്കെടുത്തതില്‍ 4057 പേര്‍ നിരക്ഷരരാണ്. 3,63688 പേര്‍ എസ്.എസ്.എല്‍.സിക്ക് താഴെയും. 20,02,675 പേര്‍ എസ്.എസ്.എല്‍.സിയും വിദ്യാഭ്യാസം ഉള്ളവരാണ്. 7,81,823 പേര്‍ പ്ലസ്ടു, 2,95,551 ബിരുദവും 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്.
2011 ലെ സെന്‍സസ് അനുസരിച്ചു കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍രഹിതരായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരുലക്ഷം പേര്‍ക്ക് പി.എസ്.സി. വഴി നിയമനം നല്‍കി. 20,000 പുതിയ തസ്തികകളും സൃഷ്ടിച്ചു. എന്നിട്ടും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതു സംബന്ധിച്ച വിശദമായ പഠനത്തിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2lqzGno
via IFTTT
No comments:
Post a Comment