മാപ്രാണം: സിനിമാ തിയേറ്ററിലേയ്ക്കുള്ള വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് സമീപവാസി വെട്ടേറ്റു മരിച്ചു. ഒരാൾക്ക് കുത്തേറ്റു. തിയേറ്റർ നടത്തിപ്പുകാരനടക്കം നാലാളുടെ പേരിൽ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. മാപ്രാണം വർണ തിയേറ്ററിന് പിന്നിൽ താമസിക്കുന്ന തളിയക്കോണം വാലത്ത് രാമൻകുട്ടിയുടെ മകൻ രാജൻ (67) ആണ് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചത്. രാജന്റെ മരുമകൻ വിനു (35) ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റർ വാടകയ്ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിയുടെയും മൂന്ന് ജീവനക്കാരുടെയുംപേരിൽ പോലീസ് കേസെടുത്തു. ഇതിൽ ഊരകം കൊടപ്പുള്ളി വീട്ടിൽ മണികണ്ഠനെ (25) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവർ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിയേറ്ററിന് പിന്നിലെ റോഡിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രാത്രി ഒമ്പതരയോടെ വിനുവും തിയേറ്റർ നടത്തിപ്പുകാരൻ സഞ്ജയുമായി തർക്കം നടന്നിരുന്നു. രാത്രി 12 മണിയോടെ ഓട്ടോയിൽ തിരിച്ചെത്തിയ സഞ്ജയും മറ്റ് മൂന്നുപേരും ചേർന്ന് രാജനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ ഗേറ്റ് തുറന്ന രാജന് തലയിലും പുറത്തും കൈയിലും വെട്ടേറ്റു. തടയാൻ ചെന്ന വിനുവിന് ഇടുപ്പിൽ രണ്ടിടത്തടക്കം മൂന്നിടത്ത് കുത്തേൽക്കുകയുമായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രാജൻ ശനിയാഴ്ച പുലർച്ചെ മരിച്ചു. വിനു അപകടനില തരണം ചെയ്തു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ തിയേറ്റർ ഉപരോധിച്ചെങ്കിലും ഇരിങ്ങാലക്കുട സി.ഐ. പി.ആർ. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. കുറച്ചുവർഷം മുമ്പാണ് ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയുടെ നേതൃത്വത്തിൽ വർണ തിയേറ്റർ വാടകയ്ക്കെടുത്ത് നടത്താൻ ആരംഭിച്ചത്. റോഡിൽ വണ്ടികൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി മുമ്പും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിരലടയാളവിദഗ്ധരും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. വെട്ടാനുപയോഗിച്ച വാൾ വീട്ടുവളപ്പിൽനിന്നും കണ്ടെടുത്തു. രാജന്റെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിൽ പോയ സംഘത്തെ പിടികൂടുന്നതിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഡിവൈ.എസ്.പി. ഫേമസ് വർഗീസ് രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് സി.ഐ. പി.ആർ. ബിജോയ്, എസ്.ഐ. സുബിന്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. പുഷ്പയാണ് രാജന്റെ ഭാര്യ. മക്കൾ: വിൻഷ, വർഷ. മരുമക്കൾ: വിനു, ഷൈൻ. Content Highlights:Mapranam Rajan murder. cinema theater workergot arrested
from mathrubhumi.latestnews.rssfeed https://ift.tt/32Fg6E3
via
IFTTT
No comments:
Post a Comment