ചെറുവത്തൂർ: ആസ്പത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷൻ തീയേറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തി. സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കണ്ണൂർ ഓഫീസിലെ ഇൻസ്പെക്ടർ കൊടക്കാട് ആനിക്കാടിയിലെ പി.പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂർ കെ.എ.എച്ച്. ഹോസ്പിറ്റലിലെ ഒന്നാംനിലയിലുള്ള ഓപ്പറേഷൻ തിയേറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒൻപതിനാണ് പദ്മനാഭൻ ആസ്പത്രിയിലെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് വൈകീട്ട് ഭാര്യ ശാന്തയെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെ ചായകുടിക്കാനെന്നുപറഞ്ഞ് മുറിയിൽനിന്ന് പുറത്തിറങ്ങിയ പദ്മനാഭൻ തിരിച്ചെത്തിയില്ല. ഏറേനേരം കാത്തിരുന്നിട്ടും കാണാഞ്ഞതിനാൽ ഭാര്യ ആസ്പത്രിയിലെ ബില്ലടച്ച് വീട്ടിലേക്ക് പോയി. തൊട്ടടുത്തദിവസവും പദ്മനാഭൻ വീട്ടിലെത്താതിരുന്നതിനാൽ ബന്ധുക്കളെയും മറ്റും വിവരമറിയിച്ച് ശാന്ത അന്വേഷണംനടത്തി. അന്ന് ആസ്പത്രിയിലും വിളിച്ച് അന്വേഷിച്ചു. ആസ്പത്രിയിൽ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച രാത്രി 10.30-ഒടെയാണ് ആസ്പത്രി അധികൃതർ ഓപ്പറേഷൻ തീയേറ്ററിൽ ഒരാൾ മരിച്ചനിലയിലുണ്ടെന്ന വിവരം ചന്തേര പോലീസിൽ അറിയിച്ചത്. പദ്മനാഭന്റെ ബന്ധുക്കളെ ആസ്പത്രിയിലേക്ക് പോലീസ് വിളിച്ചുവരുത്തി. പരിശോധനയിൽ ആളെ തിരിച്ചറിഞ്ഞു. ഓപ്പറേഷൻ തീയേറ്ററിൽ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കുന്ന മേശയിലാണ് മൃതദേഹം കണ്ടത്. മൂക്ക്, വായ, ചെവി എന്നിവയിലൂടെ രക്തം വാർന്നൊഴുകി തളംകെട്ടിയിരുന്നു. ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരുന്നും ഡ്രിപ്പും നൽകാനായി കൈത്തണ്ടയിൽ പിടിപ്പിച്ചിരുന്ന സൂചിയുമുണ്ട്. അടിവസ്ത്രവും ഷർട്ടും മാത്രമായിരുന്നു വേഷം. ഉടുത്ത ലുങ്കി തൊട്ടടുത്ത ഓപ്പറേഷൻ ടേബിളിലായിരുന്നു. തീയേറ്ററിനകത്തെ ഉപകരണങ്ങൾ മിക്കതും വലിച്ചിട്ടതുപോലുണ്ട്. ഇതേത്തുടർന്ന് പോലീസ് മുറിയടച്ച് താഴിട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽനിന്നും സയന്റിഫിക് ഓഫീസർ ഡോ. എ.കെ.ഹെൽനയും കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി വിശദപരിശോധന നടത്തി. തുടർന്ന് ചന്തേര സബ് ഇൻസ്പെക്ടർ വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ആസ്പത്രി അധികൃതർ, ജീവനക്കാർ എന്നിവരിൽനിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആനിക്കാടിയിലെ പരേതരായ പയ്യാടക്കൻ കൃഷ്ണൻ നായരുടെയും പടിഞ്ഞാറ്റത്ത് കാർത്ത്യായനിയമ്മയുടെയും മകനാണ്. മക്കൾ: ജയകൃഷ്ണൻ, അക്ഷയ. content highlights:cheruvathoor hospital
from mathrubhumi.latestnews.rssfeed https://ift.tt/2ZIdDe1
via
IFTTT
No comments:
Post a Comment