ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ലഷ്കറെ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിയുർ റഹ്‌മാൻ ലഖ്‌വി, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നിവരെ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഇന്ത്യയിൽ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നത്.വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനടക്കം വ്യവസ്ഥ ചെയ്യുന്ന യു.എ.പി.എ. (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭേദഗതി പാസാക്കി ഒരു മാസത്തിനുശേഷമാണു നടപടി. 1967-ലെ യു.എ.പി.എ. ഭേദഗതിചെയ്തുള്ള പുതിയനിയമത്തിന് ഓഗസ്റ്റ് ഒൻപതിനാണ് രാഷ്ട്രപതി അനുമതി നൽകിയത്. മൗലാന മസൂദ് അസ്ഹർപാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മസൂദ് അസ്ഹർ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ കുറ്റാരോപിതനാണ്. 2001-ലെ ജമ്മുകശ്മീർ നിയമസഭാമന്ദിരത്തിലെ ആക്രമണം, 2001-ലെ പാർലമെന്റ് ആക്രമണം, 2016-ലെ പഠാൻകോട്ട് ബി.എസ്.എഫ്. സൈനികക്യാമ്പ് ആക്രമണം, ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണം എന്നിവയുടെയെല്ലാം ആസൂത്രകൻ ഇയാളാണെന്നാണ് കരുതുന്നത്. ന്യൂഡൽഹിയിലെ ‘പോട്ട’ പ്രത്യേക കോടതി അസ്ഹറിനെ പ്രഖ്യാപിത കുറ്റവാളിയാക്കിയിട്ടുണ്ട്. മേയ് ഒന്നിന് അസ്ഹറിനെ യു.എൻ. രക്ഷാസമിതി ആഗോളഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി. ഹാഫിസ് മുഹമ്മദ് സയീദ് 166 പേർ മരിച്ച 2008-ലെ മുംബൈ ഭീകരാക്രമണം, 2000-ലെ ചെങ്കോട്ട ആക്രമണം, 2008-ൽ യു.പി. രാംപുരിലെ സി.ആർ.പി.എഫ്. ക്യാമ്പ് ആക്രമണം, 2015-ൽ ഉധംപുരിൽ ബി.എസ്.എഫ്. വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണം എന്നിവയുടെ ആസൂത്രകനെന്ന് ആരോപണം. ജമാഅത്തുദ്ദവ എന്ന സംഘടനയുടെ സ്ഥാപകനായ സയീദിനെ യു.എൻ. രക്ഷാസമിതി 2008-ൽ ആഗോളഭീകരപട്ടികയിൽ ഉൾപ്പെടുത്തിസാക്കിയുർ റഹ്‌മാൻ ലഖ്‌വിമുംബൈ ഭീകരാക്രമണം, ചെങ്കോട്ട ആക്രമണം, രാംപുർ സി.ആർ.പി.എഫ്. ക്യാമ്പ് ആക്രമണം, 2008-ലെ ഉധംപുരിൽ ബി.എസ്.എഫ്. വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണം എന്നിവയുടെ ആസൂത്രണത്തിൽ പങ്കാളിയെന്ന് ആരോപണം. 2008 ഡിസംബറിൽ ലഖ്‌വിയെ യു.എൻ. ആഗോളഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി. ദാവൂദ് ഇബ്രാഹിം അന്താരാഷ്ട്ര അധോലോക കുറ്റവാളി. ഭീകരവാദവും മതമൗലികവാദവും പ്രോത്സാഹിപ്പിക്കൽ, ഭീകരപ്രവർത്തനത്തിനു സഹായധനം നൽകൽ, ആയുധക്കടത്ത്, കള്ളനോട്ട് ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്നു കടത്ത്, കവർച്ച, ഇന്ത്യയിലും വിദേശത്തും ബിനാമി പേരിൽ വസ്തുക്കച്ചവടം നടത്തൽ എന്നിവയിൽ പങ്കാളിയാണ്. 1993-ൽ മുംബൈയിൽ ബോംബാക്രമണപരമ്പര ആസൂത്രണംചെയ്ത് നടപ്പാക്കിയത് ദാവൂദാണ്. ഇതിൽ 257 പേർ മരിക്കുകയും ആയിരത്തോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എൻ. രക്ഷാസമിതിയും ദാവൂദിനെ ആഗോളഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/34saaQC
via
IFTTT
No comments:
Post a Comment