കണ്ണൂര്‍: ശക്തികേന്ദ്രമായ കണ്ണൂരിലെ വിവാദ വിഷയങ്ങളില്‍ സി.പി.എം. ഒത്തുതീര്‍പ്പിന്റെ വഴിയില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം തിരുത്തല്‍ പ്രക്രിയയിലൂടെ മുറിവുണക്കി മുഖം മിനുക്കുകയാണ് പാര്‍ട്ടി. ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ കുടുംബവുമായി ഒത്തുതീര്‍പ്പിലെത്തിയ പാര്‍ട്ടി, വെട്ടേറ്റ വിമതനേതാവ് സി.ഒ.ടി. നസീറിന്റെ കാര്യത്തിലും അല്‍പ്പം താണുകൊടുത്തു. കശ്മീര്‍ വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ച നസീര്‍ സദസിലെത്തുകയും ചെയ്തു.
ആന്തൂര്‍ വിവാദത്തില്‍ സംയമനത്തിന്റെ പാതയിലേക്കു വന്ന സി.പി.എം, ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നു പിന്‍വലിഞ്ഞാണ് സാജന്റെ കുടുംബവുമായുള്ള ശത്രുത അലിയിച്ചത്. സി.ഒ.ടി. നസീറിനു നേരേ സൗഹൃദഹസ്തം നീട്ടാനും പാര്‍ട്ടി തയാറായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പി. ജയരാജനെതിരേ മത്സരിച്ച നസീറിന് വോട്ടെടുപ്പിനു പിന്നാലെയാണു വെട്ടേറ്റത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ. അടക്കമുള്ള നേതാക്കന്മാര്‍ക്കു പങ്കുണ്ടെന്നു നസീര്‍ ആരോപിച്ചിരുന്നു. കണ്ണൂരില്‍ സി.പി.എമ്മിന്റെ അവസാനവാക്കായിരുന്ന പി. ജയരാജന്‍ തന്നെയാണ് ആശുപത്രിയിലെത്തി നസീറിനെ സന്ദര്‍ശിച്ച് പിണക്കം നീക്കാനുള്ള ശ്രമം തുടങ്ങിയത്.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള, ജനപിന്തുണയുള്ള യുവ നേതാവെന്ന നിലയില്‍ പാര്‍ട്ടിക്കു പുറത്തുള്ള നസീറിനെ സി.പി.എം. വല്ലാതെ ഭയപ്പെട്ടിരുന്നു. തുടര്‍ന്ന്, മധ്യസ്ഥര്‍ മുഖേന നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയായാണ് കശ്മീര്‍ വിഷയത്തില്‍ സി.പി.എം. മുന്‍െകെയെടുത്തു സംഘടിപ്പിച്ച സെമിനാറിലേക്കു നസീറിനെ ക്ഷണിച്ചത്. നസീര്‍ ക്ഷണം സ്വീകരിക്കുകയുംചെയ്തു. ഏരിയാ കമ്മിറ്റിയിലെ ചില നേതാക്കള്‍ ക്ഷണിച്ചതിനാലാണു സെമിനാറിനു വന്നത്. കശ്മീര്‍ ജനതയുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കിയിട്ടുള്ള ആളെന്ന നിലയിലാണു താന്‍ എത്തിയതെന്നും നസീര്‍ പറഞ്ഞു. നസീര്‍ വധശ്രമം കണ്ണൂര്‍ സി.പി.എമ്മില്‍ സൃഷ്ടിച്ച ആഭ്യന്തര പ്രശ്‌നം സമാനതകളില്ലാത്തതായിരുന്നു.
അക്രമങ്ങളില്‍ പങ്കില്ലെന്നതാണ് ഓരോ സംഭവമുണ്ടാകുമ്പോഴും പാര്‍ട്ടികള്‍ പതിവായി നിലപാടെടുക്കുക. എന്നാല്‍ നസീറിനു നേരേയുണ്ടായ ആക്രമണത്തെച്ചൊല്ലി സി.പി.എമ്മിനുള്ളില്‍ പോരാട്ടം ശക്തമായി. പോലീസ് പ്രാദേശിക പ്രവര്‍ത്തകര്‍ക്കപ്പുറത്തേക്കു കടന്നിട്ടില്ലെങ്കിലും നേതൃത്വം നേരിട്ടു മറുപടി പറയേണ്ട സ്ഥിതിയാണ്. തെരഞ്ഞെടുപ്പിലെ വിമത എതിരാളിയായിരുന്നു നസീറെന്നതിനാല്‍ ആക്രമണത്തിന്റെ പഴി ആദ്യം വീണതു പി. ജയരാജന്റെ ചുമലിയാണ്. എന്നാല്‍ അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശക്തമായി രംഗത്തുവന്നതും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതും വഴിത്തിരിവായി.
നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് അദ്ദേഹമാണ് സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ എല്ലാ കണക്കുകൂട്ടലും തെറ്റുകയും ശക്തികേന്ദ്രങ്ങളില്‍പ്പോലും വോട്ട് കുറഞ്ഞതും തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതും കണക്കിലെടുത്താണ് വിവാദവിഷയങ്ങളില്‍ സി.പി.എം. വിട്ടുവീഴ്ചകള്‍ക്കു തയാറാകുന്നത്.
from mangalam.com https://ift.tt/2MS29id
via IFTTT
No comments:
Post a Comment