അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിൽ പരമാവധി വെള്ളം ശേഖരിച്ചപ്പോൾ മധ്യപ്രദേശിൽ മുങ്ങിയത് 192 ഗ്രാമങ്ങൾ. ഇതോടെ ദുരിതക്കയത്തിലായ ജനങ്ങൾ വൻപ്രതിഷേധവുമായി ഇറങ്ങി. ''മോദിക്ക് ദീർഘായുസ്സ് നേരുന്നു. പക്ഷേ, അതേ അവകാശം മറ്റുള്ളവർക്കും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു...” മധ്യപ്രദേശിലെ ബർവാനിൽ നർമദാ ബച്ചാവോ ആന്ദോളൻ നേതാവ് മേധാ പട്കർ പറഞ്ഞു. ആയിരങ്ങൾ മുങ്ങുമ്പോൾ ഒരാൾക്കുവേണ്ടിമാത്രം അണക്കെട്ടിൽ വെള്ളം നിറയ്ക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ഗുജറാത്തിൽ ഒരുവർഷത്തെ ആവശ്യത്തിനുള്ള വെള്ളം അണക്കെട്ടിൽ സെപ്റ്റംബർ ആദ്യംതന്നെ എത്തിയിരുന്നു. പക്ഷേ, പരമാവധിയായ 138.68 മീറ്റർ ഉയരത്തിൽ ശേഖരിച്ചാലെ അണക്കെട്ടിന്റെ ശേഷി നേരിട്ടറിയാനാവൂ എന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി വാദിച്ചത്. ഇതിനാൽ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം കുറച്ചു. ഒക്ടോബറോടുകൂടിയേ പൂർണ ശേഷിയെത്തൂവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തിനായി ചൊവ്വാഴ്ച തന്നെ ഈ നിരപ്പിലേക്ക് വെള്ളം ഉയർത്തിയെന്നാണ് പുനരധിവാസത്തിനായി പ്രക്ഷോഭം നടത്തുന്ന മേധാ പട്കറുടെ ആരോപണം. കഴിഞ്ഞദിവസം മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ഇതേ ആക്ഷേപം ഉന്നയിച്ചിരുന്നു. ബർവാനി, ധർ, അലിരാജപുർ, ഖർഗോൺ ജില്ലകളിലായി 192 ഗ്രാമങ്ങളും ഒരു പട്ടണവുമാണ് മുങ്ങിയതെന്ന് മേധ നയിക്കുന്ന നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റിന്റെ പ്രവർത്തകൻ ഹിംഷി സിങ് പറഞ്ഞു. ഈ മേഖലകളിലെ 32,000 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാകാതെ ഡാമിന്റെ ഷട്ടറുകൾ അടയ്ക്കരുതെന്നായിരുന്നു ആവശ്യം. മധ്യപ്രദേശിലെ പെരുമഴയും ദുരിതം ഇരട്ടിയാക്കി. ഡാമിന്റെ ഗുണങ്ങൾ ഗുജറാത്തിന് കിട്ടുമ്പോൾ ദുരിതം മുഴുവൻ മധ്യപ്രദേശിനാണെന്ന് ഇവർ പറഞ്ഞു. പുനരധിവാസം പൂർത്തിയാക്കുമെന്ന് ശിവരാജ്സിങ് ചൗഹാൻ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പാലിച്ചില്ല. സെപ്റ്റംബർ ഒമ്പതിന് കമൽനാഥ് സർക്കാർ നൽകിയ ഉറപ്പുപ്രകാരമുള്ള പുനരധിവാസ ജോലികളും ആരംഭിച്ചിട്ടില്ല. ദുരിതബാധിതർ നർമദയിലെ കസർവാഡ് പാലത്തിൽ ധർണയിരിക്കുകയാണ്. അണക്കെട്ട് നിറച്ച ദിവസം 'ധിക്കാർ ദിൻ' ആയി ഇവർ ആചരിച്ചു. അതേസമയം ഡാം നിറഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്ത് സർക്കാരിനുവേണ്ടി തയ്യാറാക്കിയ പ്രചാരണ വീഡിയോയിൽ മേധാ പട്കർ ഉൾപ്പെടെയുള്ളവരെ വികസന വിരോധികളും ഗുജറാത്തിലെ കർഷകരുടെ എതിരാളികളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. content highlights:Dam filled for one person': Medha Patkar criticises Modi after Narmada dam's water level is raised
from mathrubhumi.latestnews.rssfeed https://ift.tt/2V4Ca8u
via
IFTTT
No comments:
Post a Comment