തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശങ്ങളിൽ 1800-ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്ന് സർക്കാർ. അനധികൃത നിർമാണത്തെക്കുറിച്ച് സുപ്രീംകോടതി റിപ്പോർട്ടുതേടിയ സാഹചര്യത്തിൽ നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തൽ. അനധികൃത നിർമാണങ്ങളുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശസെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകൾക്കും ബാധകമാണ്. വിവിധ ഭാഗങ്ങളിൽ അനധികൃത നിർമാണങ്ങൾ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് ഇനി ഇളവുനൽകാനാകില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകും. നിർമാതാക്കൾക്കെതിരേ ക്രിമിനൽകേസ് എടുക്കും. ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഫ്ളാറ്റ് വാങ്ങിയവർക്ക് നൽകും. സർക്കാർ പ്രത്യേകനഷ്ടപരിഹാരം നൽകില്ല. നിർമാണാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി തുടരാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസാണ് മരട് ഫ്ളാറ്റ് വിഷയം മന്ത്രിസഭയോഗത്തിൽ അവതരിപ്പിച്ചത്. സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വിവരം അദ്ദേഹം റിപ്പോർട്ടുചെയ്തു. കോടതി കർശനനിലപാട് തുടരുന്ന സാഹചര്യത്തിൽ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുക മാത്രമാണ് സർക്കാരിനുമുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം വിശദീകരിച്ചു. തീരദേശപരിപാലന നിയമത്തിൽ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിർമാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ ബാധകം. ഭേദഗതിയനുസരിച്ച് നിർമാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോൾ ഈ ഫ്ളാറ്റുകൾ. എന്നാൽ, ഭേദഗതിയിൽ പരിസ്ഥിതിവകുപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും സർക്കാർ അംഗീകരിക്കുകയും വേണം. തീരദേശ പരിപാലനം സംബന്ധിച്ച പ്രത്യേകസമിതിക്ക് രൂപം നൽകേണ്ടതുമുണ്ട്. ഇത്തരം നടപടി പൂർത്തിയാക്കാത്തതിനാൽ നിയമഭേദഗതിയുടെ ആനുകൂല്യം കിട്ടില്ല. ഇളവുകൾക്ക് മുൻകാല പ്രാബല്യം നൽകാനുമാവില്ല. ഈ സാഹചര്യത്തിൽ പൊളിക്കാതെ മറ്റുവഴികളില്ലെന്നും യോഗം വിലയിരുത്തി. പൊളിക്കൽ രൂപരേഖയ്ക്ക് അംഗീകാരം ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള രൂപരേഖയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി. മൂന്നുമാസത്തോളം ഇതിനുവേണം. പൊളിക്കാൻ തയ്യാറായി 13 കമ്പനികൾ രംഗത്തുണ്ടെങ്കിലും ആറെണ്ണത്തിനാണ് മതിയായ യോഗ്യതയുള്ളത്. ഇവരിൽനിന്നു തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക് മരട് നഗരസഭ പൊളിക്കൽ കരാർ നൽകും. കമ്പനിയെ നിയോഗിക്കുന്നതിനുള്ള നടപടി വെള്ളിയാഴ്ച പൂർത്തിയാക്കും. അടുത്തമാസം നാലിന് പൊളിക്കൽ തുടങ്ങും. 60 ദിവസത്തിനകം പൂർത്തിയാക്കും. Content Highlights:Maradu Flat Issue
from mathrubhumi.latestnews.rssfeed https://ift.tt/2mQLhMP
via
IFTTT
No comments:
Post a Comment