മങ്കൊമ്പ്: പതിനേഴുദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി അമ്മ റോഡിൽ കാത്തുനിന്നത് ഒന്നര മണിക്കൂർ. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അടിയന്തരമായി ആശുപത്രിയിലെത്തണം. അമ്മയായ വേഴപ്ര കുഴിക്കാല കോളനിയിലെ സിമിക്ക് പ്രസവശേഷമുള്ള ആരോഗ്യപ്രശ്നം കലശലായി. റോഡാകെ വെള്ളക്കെട്ടിൽ. മാനത്ത് മഴ കനക്കുന്നു. കെ.എസ്.ആർ.ടി.സി.യും സർവീസ് നടത്തുന്നില്ല. ഒപ്പമുള്ളത് പ്രായമായ അച്ഛനും, അമ്മയും മാത്രം. വേഴപ്രയിലെ കോളനിയിൽനിന്ന് രാമങ്കരി ജങ്ഷൻ വരെ കുഞ്ഞുമായി എങ്ങനെയോ വെള്ളം താണ്ടി നടന്നെത്തി. വഴിയേ പോകുന്ന വണ്ടികൾ ഒന്നും നിർത്തുന്നില്ല. ആംബുലൻസ് നാലുകിലോമീറ്റർ അകലെ കിടക്കുന്നു. അവിടം വരെ അമ്മയെയും, കുഞ്ഞിനെയും എത്തിക്കാൻ ആരുമില്ല. നാലുകിലോമീറ്ററും വലിയ വെള്ളക്കെട്ടാണ്. പോലീസിനെയും വിളിച്ചു. അവർ മറ്റൊരു സ്ഥലത്തായിരുന്നു. സ്ഥലം എസ്.െഎ.യുടെ ഫോണും വെള്ളത്തിൽ വീണു ഓഫായി പോയി. കൃത്യമായി സന്ദേശമെത്തിക്കാനും കഴിയുന്നില്ല. ഇതിനിടയിൽ ആംബുലൻസിന്റെ ജീവനക്കാരായ അനു ഉണ്ണികൃഷ്ണനും, കുര്യാക്കോസിനും മറ്റുസ്ഥലങ്ങളിൽനിന്ന് നിരവധി ഫോൺകോളുകൾ വരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽനിന്ന് ഇതിനിടയിൽ വിളികൾ വരുന്നു. പല അടിയന്തര ഫോൺ കോളുകളും ഒഴിവാക്കി അവർ കാത്തുകിടന്നു. റോഡിൽ വെള്ളം ഉയർന്നതിനാൽ എടത്വായിൽനിന്ന് അമ്പലപ്പുഴ വഴിയാണ് ആംബുലൻസ് ഒന്നാംങ്കരയിലെത്തിയത്. കൊച്ചുകുഞ്ഞിന്റെ കാര്യമായതിനാൽ ആംബുലൻസ് പിന്നെയും കാത്തുകിടന്നു. ഒടുവിൽ ഒന്നരമണിക്കൂറിനുശേഷം അകലെനിന്ന് പോലീസ് ജീപ്പെത്തി. ജീപ്പിൽ വളരെവേഗം ആംബുലൻസിന് അടുത്തേക്ക്. അപ്പോഴേക്കും സിമി അവശയായി. എങ്കിലും പിഞ്ചോമനയെ പൊതിഞ്ഞ് മാറോടടുപ്പിച്ച് അവർ ജീപ്പിൽനിന്നിറങ്ങി. ഒപ്പം ഒരുകാലിന് സ്വാധീനക്കുറവുള്ള പ്രായമായ അച്ഛനും, അമ്മയും. ആ അമ്മയുടെ കണ്ണുകളിൽ അപ്പോഴാണ് ഒരുപ്രതീക്ഷയുടെ തിരി തെളിഞ്ഞത്. സിമിയെ ആംബുലൻസിൽ കിടത്തി വളരെവേഗം മെഡിക്കൽ കോളേജിലേക്ക്. കുട്ടനാട്ടിൽ പ്രളയമില്ല. പക്ഷേ, ശക്തമായ മഴയും, കിഴക്കൻ വെള്ളത്തിന്റെ വരവും പ്രദേശത്തെ തീർത്തും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. content highlights:mankompu,simi,alapuzha
from mathrubhumi.latestnews.rssfeed https://ift.tt/2H3UN6H
via
IFTTT
No comments:
Post a Comment