ദുബായ്: രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഔദ്യോഗികതലത്തിൽ ഒരുക്കങ്ങൾ സജീവമായി. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കാൻ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവർഷത്തിനിടയിൽ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ രാഷ്ട്രനേതാക്കളുമായി സുദൃഢമായ സൗഹൃദമാണ് സ്ഥാപിച്ചത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു യു.എ.ഇ.യുടെ ബഹുമതിയും. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിലായിരുന്നു യു.എ.ഇ. യുടെ അവാർഡ് പ്രഖ്യാപനം. ഇതും തിരഞ്ഞെടുപ്പിൽ മോദിക്ക് വലിയ സഹായം ചെയ്തിരുന്നു. ബഹ്‌റൈൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഈമാസം ഒടുവിൽ മോദി മനാമയിൽ എത്തുമെന്ന് നേരത്തെതന്നെ ശ്രുതികളുണ്ടായിരുന്നു. ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം യു.എ.ഇ. യിലേക്കും വരുമെന്നും സൂചനയുണ്ടായി. എന്നാൽ അത് എപ്പോൾ എന്നതുമാത്രമായിരുന്നു സംശയം. അടുത്ത രണ്ടാഴ്ചയ്ക്കകം വലിയ ചില വ്യക്തികളുടെ സന്ദർശനം യു.എ.ഇ. യിലുണ്ടാവുമെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ഇന്ത്യൻസ്ഥാനപതി നവദീപ് സിങ് സൂരി പ്രസംഗത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ആരെന്നോ എപ്പോഴെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഗൾഫ് സന്ദർശനം പ്രഖ്യാപിച്ചത്. അപ്പോഴും വരുന്നദിവസമല്ലാതെ സമയം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വെള്ളിയാഴ്ച വൈകീട്ട് അബുദാബിയിലെത്തി പരിപാടികളിൽ സംബന്ധിച്ചശേഷം അധികം വൈകാതെ അദ്ദേഹം ബഹ്‌റൈനിലേക്ക് പോകുമെന്നാണ് സൂചനകൾ. സന്ദർശനത്തിന്റെ സമയത്തിൽ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമായിട്ടില്ല. ബഹ്‌റൈനിൽ നേരത്തെ തന്നെ മോദിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. പരിപാടിയുടെ വേദിയോ സമയമോ ഇപ്പോഴും അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. പതിനായിരത്തിലേറെ പേർ ഇതിനകംതന്നെ അവിടെ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. അവിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. രണ്ടിടത്തും വലിയ ജനക്കൂട്ടത്തെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2z3jgon
via
IFTTT
No comments:
Post a Comment