കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തുടരുന്നു. സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം ഏഴംഗസമിതിക്കു രൂപം നല്‍കി. തോമസ് ചാഴികാടന്‍ എം.പിയാണു സമിതി കണ്‍വീനര്‍. പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് ഉള്‍പ്പെടെ അഭിപ്രായം തേടിയശേഷം സമിതി സ്ഥാനാര്‍ഥി നിര്‍ണയം നടത്തും. തുടര്‍ന്ന്, യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചശേഷം നാളെ െവെകിട്ടു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു.
പാര്‍ട്ടി നേതാക്കളായ ഡോ. എന്‍. ജയരാജ് എം.എല്‍.എ, ജോസഫ് എം. പുതുശേരി, സ്റ്റീഫന്‍ ജോര്‍ജ്, കെ.ഐ. ആന്റണി, പി.കെ. സജീവ്, പി.ടി. ജോസ് എന്നിവരാണു സമിതിയംഗങ്ങള്‍. പി.ജെ. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ലെന്ന് ഇന്നലെ പാലായില്‍ ചേര്‍ന്ന ജോസ് വിഭാഗം യോഗം തീരുമാനിച്ചു. അനിശ്ചിതത്വത്തിനൊടുവില്‍, ജോസ് കെ. മാണിയുടെ ഭാര്യ നിഷയ്ക്കുതന്നെ സ്ഥാനാര്‍ഥിയായി നറുക്കുവീഴുമെന്നാണു സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിന് അവകാശവാദമുന്നയിച്ച ജോസഫ് വിഭാഗത്തെ ഒഴിവാക്കാന്‍ പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയതിനു സമാനമായ നീക്കങ്ങളാണു നിഷയുടെ കാര്യത്തിലും ജോസ് വിഭാഗം നടത്തുന്നത്. സമിതി രൂപീകരിച്ചതും പ്രവര്‍ത്തകരില്‍നിന്ന് അഭിപ്രായം തേടുന്നതും ഇതിന്റെ ഭാഗമായാണ്. ഭൂരിപക്ഷാഭിപ്രായമായി നിഷയുടെ പേരു പ്രഖ്യാപിക്കാനാണു നീക്കം.
ജോസ് കെ. മാണിതന്നെ സ്ഥാനാര്‍ഥിയാകാന്‍ നീക്കം നടത്തിയെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനേത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. നിഷ സ്ഥാനാര്‍ഥിയായാല്‍ ചിഹ്‌നം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു പി.ജെ. ജോസഫ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെയും പിന്തുണയോടെ ജോസഫിന്റെ ഈ നീക്കം ചെറുക്കാമെന്നാണു ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ.
ജയസാധ്യതയുള്ളവര്‍ക്കേ ചിഹ്നം അനുവദിക്കൂവെന്നു കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. നല്ല മത്സരമാണ് പാലായില്‍ നടക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ കെ.എം. മാണി മത്സരിച്ചിട്ട് 4500 വോട്ടുകളുടെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ഇത്തവണ മത്സരം കടുക്കും. ഇപ്പോഴുള്ളതു ചിലരുടെ പാനലാണെന്നും സ്ഥാനാര്‍ഥിത്വം തീരുമാനമായിട്ടില്ലെന്നും നിഷയുടെ പേരു പറയാതെ ജോസഫ് പറഞ്ഞു.
സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നു മുന്നണി നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യു.ഡി.എഫില്‍ ചര്‍ച്ച എങ്ങുമെത്തിയില്ല. ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസ് ഏഴംഗ സമിയിയെ നിയോഗിച്ചിരിക്കുയാണ്. ജോസ് - ജോസഫ് തര്‍ക്കത്തിനു പരിഹാരമാകാത്തതും ജോസ് വിഭാഗത്തിലെ ചില സന്ദേഹങ്ങളും സ്ഥാനാര്‍ഥി നിര്‍ണയം നീളാന്‍ കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
പാലായിലും കോട്ടയത്തും തിരുവനന്തപുരത്തും അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ജില്ലാ നേതൃയോഗം ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്നുണ്ട്. ജോസ് കെ. മാണി എം.പിയാണ് ഉദ്ഘാടകന്‍. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല അറിയിച്ചു. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലൂം പ്രചാരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ്. പാലായില്‍ ആരംഭിച്ചു കഴിഞ്ഞു.
from mangalam.com https://ift.tt/2L9t1bi
via IFTTT
No comments:
Post a Comment