കൊച്ചി: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍, സംഭവത്തിനുശേഷം സ്വകാര്യാശുപത്രിയില്‍ ഡയാലിസിസിനു വിധേയനായെന്നു സൂചന. രക്തത്തില്‍ കലര്‍ന്ന മദ്യാംശം പൂര്‍ണമായി ഒഴിവാക്കാനായിരുന്നു ഇത്. സാധാരണയായി വൃക്കരോഗികളില്‍ രക്തത്തിലെ മാലിന്യങ്ങള്‍, ലവണങ്ങള്‍, അമിതജലാംശം തുടങ്ങിയവ നീക്കം ചെയ്യാനാണു ഡയാലിസിസ് നടത്താറുള്ളത്. എന്നാല്‍ മദ്യാംശം നീക്കം ചെയ്യാനായി, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതെ ശ്രീറാമിനു ഡയാലിസിസ് നടത്തുകയായിരുന്നെന്നാണു സൂചന. ഡയാലിസിസ് നടത്തുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയും.
സ്വകാര്യാശുപത്രിയില്‍നിന്നു ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ മാസ്‌ക് ഉള്‍പ്പെടെ ധരിപ്പിച്ചതിനു കാരണം ഇതാണത്രേ. പോലീസ് ശേഖരിച്ച രക്തസാമ്പിളില്‍ മദ്യസാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമായിരുന്നു രക്തപരിശോധന. മദ്യപിച്ചിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്തതിനാല്‍ തിരുവനന്തപുരം സി.ജെ.എം. കോടതി ശ്രീറാമിനു ജാമ്യമനുവദിച്ചിരുന്നു. അപകടശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശ്രീറാമിനു മദ്യഗന്ധം ഉണ്ടായിരുന്നെന്നു ഡ്യൂട്ടി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും രക്തസാമ്പിള്‍ പരിശോധിക്കാന്‍ പോലീസ് തയാറായില്ല. അപകടത്തില്‍ പരുക്കേറ്റ ശ്രീറാമിനെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്‌തെങ്കിലും പോയതു സ്വകാര്യാശുപത്രിയിലേക്കാണ്. അതിനു പോലീസ് ഒത്താശചെയ്‌തെന്നാണ് ആരോപണം.
കേസില്‍ പോലീസിനു െഹെക്കോടതിയുടെ രൂക്ഷവിമര്‍ശനം. അന്വേഷണത്തിലെ വീഴ്ച അക്കമിട്ടു നിരത്തിയ കോടതി, കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന എന്തുകൊണ്ടു െവെകിയെന്ന് ആരാഞ്ഞു. മദ്യഗന്ധമുണ്ടെന്നു ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും രക്തസാമ്പിള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്വം പോലീസ് കാട്ടിയില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ടു തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവ് അയാള്‍തന്നെ കൊണ്ടുവരുമെന്നു കരുതിയോയെന്നും കോടതി ചോദിച്ചു.
കവടിയാര്‍ പോലുള്ള അതീവസുരക്ഷാമേഖലയില്‍ പോലീസിനു ക്യാമറയില്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍, ശ്രീറാമിന്റെ ജാമ്യത്തിനു സ്‌റ്റേ അനുവദിക്കാനാവില്ലെന്നു െഹെക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണു മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെളിവു നശിപ്പിക്കാന്‍ പ്രതി സ്വകാര്യാശുപത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ ശ്രീറാമിനു െഹെക്കോടതി നോട്ടീസ് അയച്ചു. നാളെ വീണ്ടും വാദം കേള്‍ക്കും.
from mangalam.com https://ift.tt/2YA49lm
via IFTTT
No comments:
Post a Comment