തിരുവനന്തപുരം: സ്വർണപ്പണയത്തിൻമേലുള്ള കാർഷികവായ്പ നൽകുന്നത് കൃഷിക്കാർക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഒക്ടോബർ ഒന്നുമുതൽ ഈ നിബന്ധന നടപ്പിൽവരുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നാലുശതമാനം പലിശയ്ക്ക് മൂന്നുലക്ഷം രൂപവരെയുള്ള വായ്പ കർഷകരല്ലാത്തവർക്കു നൽകേണ്ടെന്നാണു കൃഷിമന്ത്രാലയത്തിന്റെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടന്ന വീഡിയോ കോൺഫറൻസിൽ മന്ത്രാലയം പ്രതിനിധികൾ ഈ നിലപാട് മുന്നോട്ടുവെച്ചിട്ടുണ്ട്. എങ്കിലും അന്തിമതീരുമാനമെടുത്ത് ഉത്തരവോ നിർദേശമോ സർക്കാരിനോ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കോ ലഭിച്ചിട്ടില്ല. അടുത്തിടെ കേന്ദ്രസംഘം ബാങ്കുകളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. കേന്ദ്രനിർദേശം നടപ്പായാൽ കിസാൻക്രെഡിറ്റ് കാർഡുള്ളവർക്കോ കർഷകനാണെന്നു തെളിയിക്കുന്ന രേഖ നൽകുന്നവർക്കോ മാത്രമേ സ്വർണം ഈടായി നൽകിയുള്ള കാർഷിക വായ്പ കിട്ടൂ. ഇവർക്ക് മാത്രമാകും സബ്സിഡി ലഭിക്കുക. കർഷകരല്ലാത്തവർ ഒമ്പതുശതമാനം സ്വർണവായ്പയ്ക്കുള്ള ഉയർന്നപലിശ നൽകേണ്ടിവരും. സെപ്റ്റബർ 30 വരെ സമയമുള്ളതിനാൽ അതിനകം വായ്പ സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കുമെന്നാണ് ബാങ്കേഴ്സ് സമിതി പ്രതിനിധികൾ പറയുന്നത്. കൃഷിക്കാരല്ലാത്തവർ കുറഞ്ഞപലിശയ്ക്കുള്ള കാർഷികവായ്പയുടെ ആനുകൂല്യം നേടുന്നതിൽ സംസ്ഥാന സർക്കാരും എതിരാണ്. കൃഷിയില്ലാത്തവർ ഇത്തരത്തിൽ ആനുകൂല്യം കൈപ്പറ്റുന്നതായി കഴിഞ്ഞദിവസം സംസ്ഥാനത്തെ ബാങ്കുകളിൽ പരിശോധനയ്ക്കെത്തിയ കേന്ദ്രസംഘവും കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുമുമ്പുതന്നെ ഇത്തരത്തിൽ നിബന്ധന ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ കോൺഫറൻസിലുണ്ടായ നിർദേശം. Content Highlights:Gold loan for farmers
from mathrubhumi.latestnews.rssfeed https://ift.tt/2Zu85Ax
via
IFTTT
No comments:
Post a Comment