തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോള്‍ വിഴിഞ്ഞത്ത് നിന്നും കൊല്ലത്തു നിന്നും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. വിഴിഞ്ഞത്ത് നിന്നും നാലു പേരും കൊല്ലത്തു നിന്നും മൂന്ന് പേരെയുമാണ് കാണാതായത്. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടരുകയാണ്. അതിനിടയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ആരോപിച്ച് വിഴിഞ്ഞത്ത് ശക്തമായ പ്രതിഷേധമാണ്.
ബുധനാഴ്ച വൈകിട്ടാണ് വിഴിഞ്ഞത്ത് നിന്നും ബോട്ട് പുറപ്പെട്ടത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ കാണാതായവര്‍ക്ക് വേണ്ടി മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.
കൊല്ലത്ത് ശക്തിക്കുളങ്ങര ഭാഗത്തു നിന്നും കടലില്‍ പോയ വള്ളം ശക്തമായ തിരമാലയില്‍ പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേരെ കടലില്‍ കാണാതായി. സാഗരമാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തമിഴ്‌നാട് നീരോടി സ്വദേശികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞ് കാണാതായത് രാജു, ജോണ്‍ ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കനത്തമഴയെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമാണ്. 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയില്‍ ഇന്നലെ തന്നെ കാസര്‍കോട് ജില്ലയില്‍ 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലായാണ് നടപടി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 'ഓറഞ്ച്' അലര്‍ട്ട് ആയിരിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/30LMeox
via IFTTT
No comments:
Post a Comment