: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനായി സി.പി.എം. പ്രവർത്തകർ വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കേൾക്കുന്നു. തിങ്കളാഴ്ചമുതൽ 28 വരെയാണ് സ്ക്വാഡ് പ്രവർത്തനം നടത്തുക. കണ്ണൂർ ജില്ലയിൽ ഞായറാഴ്ചതന്നെ വീടുകയറ്റം തുടങ്ങി.പാർട്ടിയെക്കുറിച്ചുള്ള അഭിപ്രായം കേൾക്കുന്നതിനുപുറമേ, നിലപാട് അവരോട് വിശദീകരിക്കുകയും ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം എല്ലാ നേതാക്കളും പ്രവർത്തകരും ഓരോസ്ഥലത്ത് ഗൃഹസന്ദർശന സ്ക്വാഡുകളുടെ ഭാഗമാകും. കണ്ണൂർ നഗരത്തിലെ വീടുകളിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ചയെത്തി. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജനാണ് കിഴക്കേ കതിരൂരിൽ നേതൃത്വം നൽകുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് 27-ന് തലശ്ശേരിയിൽ ഗൃഹസന്ദർശനം നടത്തും. മന്ത്രി ഇ.പി. ജയരാജൻ മട്ടന്നൂർ, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകും. നോട്ടീസോ ലഘുലേഖയോ നൽകി ഉടൻ അടുത്ത വീട്ടിലേക്ക് പോകുന്ന രീതിവേണ്ടെന്നാണ് കർശനനിർദേശം. വീട്ടുകാരുമായി സംസാരിക്കുകയും അവർക്കെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതറിയുകയും വേണം. വീട്ടുകാരുടെ വിമർശനങ്ങളും ആക്ഷേപങ്ങളും മനസ്സിലാക്കണം. ദുരിതങ്ങളനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടണം എന്നൊക്കെയാണ് സംസ്ഥാനകമ്മിറ്റിയുടെ നിർദേശങ്ങൾ. ഗൃഹസന്ദർശനവാരം സമാപിച്ചശേഷം പ്രാദേശികകുടുംബസംഗമങ്ങൾ നടത്തും. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും മറ്റുള്ളവർക്കും മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി എന്നിവരുമായി സംവദിക്കാൻ ഫെയ്സ്‌ബുക്ക് പേജും ഒരുക്കുന്നുണ്ട്. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിൽ നടപ്പാക്കിയതുപോലുള്ള സാന്ത്വനപരിചരണ പ്രവർത്തനം സംസ്ഥാനവ്യാപകമാക്കാനും തീരുമാനിച്ചു. കഴിഞ്ഞവർഷം തൃശ്ശൂർ സമ്മേളനം ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനായിട്ടില്ല. എല്ലാ ലോക്കലിലും ഒരു നിർധനഭവനരഹിത കുടുംബത്തിന് വീടുവെച്ചുകൊടുക്കുന്ന പ്രവർത്തനം അടിയന്തരമായി പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2JTq4dc
via
IFTTT
No comments:
Post a Comment