തിരുവനന്തപുരം: വിവാദത്തിനുമേല്‍ വിവാദമായതോടെ, ആന്തൂര്‍ വിഷയം ഇനി പൊതുവേദികളിലുള്‍പ്പെടെ ചര്‍ച്ചചെയ്യരുതെന്നു കീഴ്ഘടകങ്ങള്‍ക്കു സി.പി.എം. നിര്‍ദേശം. പ്രവാസി സംരംഭകന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും മറനീക്കിയതോടെയാണിത്. പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി െവെകിയതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയും പാര്‍ട്ടി ജില്ലാസമിതിയംഗവുമായ പി.കെ. ശ്യാമളയ്ക്കു പങ്കില്ലെന്നു സംസ്ഥാനസമിതി വിലയിരുത്തിയിരുന്നു.
ഇതോടെ അണികള്‍ക്കിടയിലെങ്കിലും പ്രശ്‌നം തുടര്‍ചര്‍ച്ചയാകില്ലെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്ന പരസ്യപ്രതികരണത്തിനു പിന്നാലെ, ഇക്കാര്യം ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവര്‍ത്തിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജയരാജന്റേതു കടുത്ത അച്ചടക്കലംഘനമാണെന്നു പാര്‍ട്ടിയില്‍ വാദമുയര്‍ന്നതോടെയാണ് ആന്തൂരിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുതെന്നു നേതൃത്വം താക്കീത് പുറപ്പെടുവിച്ചത്.
പ്രശ്‌നത്തില്‍ സംസ്ഥാനസമിതിയുടെ നിലപാട് ആരെങ്കിലും അവഗണിച്ചെങ്കില്‍, അക്കാര്യം ചര്‍ച്ചചെയ്യേണ്ടതു സംസ്ഥാന സെക്രട്ടേറിയേറ്റാണെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈ നിലപാടിന്റെ ഭാഗമായാണു കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പ്രശ്‌നം ചര്‍ച്ച ചെയ്യാതിരുന്നത്. സംസ്ഥാനസമിതി നിലപാട് മറികടക്കുന്നവര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കുന്നതാണു സി.പി.എമ്മിലെ കീഴ്‌വഴക്കം. എന്നാല്‍, പി. ജയരാജന്റെ കാര്യത്തില്‍ അതു സൂക്ഷിച്ചുമതിയെന്ന വിലയിരുത്തലിലാണു സംസ്ഥാനനേതൃത്വം.
ആന്തൂര്‍ വിഷയത്തില്‍, പിണറായി വിജയന്റെ വിശ്വസ്തന്‍കൂടിയായ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്‌ക്കെതിരേ പി. ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്നു സംസ്ഥാന സെക്രട്ടറിതന്നെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണു ജയരാജന്റെ വിവാദഅഭിമുഖം പുറത്തുവന്നത്. എന്നാല്‍, അതേക്കുറിച്ചു നേതാക്കളാരും പരസ്യമായി പ്രതികരിച്ചിട്ടില്ല. കണ്ണൂരിലെ അണികള്‍ക്കിടയില്‍ വന്‍സ്വാധീനമുള്ള പി. ജയരാജനെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നതാണ് ആന്തൂരിനെപ്പറ്റി തന്ത്രപരമായ മൗനം പുലര്‍ത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്.
from mangalam.com https://ift.tt/322dIrp
via IFTTT
No comments:
Post a Comment