ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 വിക്ഷേപണത്തിനു മുന്നോടിയായുള്ള പരിശോധനയ്ക്ക് നാടൻ പരീക്ഷണങ്ങളും. ഭൂമിയുടെയും ചന്ദ്രന്റെയും ഉപരിതലം തീർത്തും വ്യത്യസ്തമാണ്. ചന്ദ്രോപരിതലം കൃത്രിമമായി രൂപപ്പെടുത്തിയാണ് റോവറും ലാൻഡറും പരിശോധിച്ചതെന്ന് യു.ആർ. റാവു ബഹിരാകാശകേന്ദ്രം മുൻഡയറക്ടർ എം.അണ്ണാദുരൈ പറഞ്ഞു. കുഴികളും പാറകളും പൊടിപടലങ്ങളും നിറഞ്ഞതാണ് ചന്ദ്രോപരിതലം. ചന്ദ്രനിലെ മണ്ണിന് ഭൂമിയുടേതുമായി ഗുണവ്യത്യാസമുണ്ട്. ചന്ദ്രോപരിതലത്തിലേതിനു സമാനമായ മണ്ണിന് അമേരിക്കപോലുള്ള രാജ്യങ്ങളെ ആശ്രയിക്കണമായിരുന്നു. ചുരുങ്ങിയത് 70 ടൺ മണ്ണെങ്കിലും വേണ്ടിവരും. ഇതിന് ഭാരിച്ച ചെലവുവരും. സേലത്തിനടുത്ത് സിത്തംപൂണ്ടിയിലും കുന്നമലൈ ഗ്രാമത്തിലും ചന്ദ്രപ്രതലത്തിലേതിനുസമാനമായി 'അനോർത്തൊസൈറ്റ്' എന്ന പ്രത്യേക പാറകളുണ്ടെന്ന് ജിയോളജിസ്റ്റുകൾ വിവരം നൽകിയതിനെത്തുടർന്ന് ഇവ കണ്ടെത്തി പൊടിച്ചെടുത്തു. ഇത് െബംഗളൂരുവിലെ ലൂണാർ ടെറൈൻ പരിശോധനാകേന്ദ്രത്തിലെത്തിച്ചാണ് കൃത്രിമ ചന്ദ്രോപരിതലം തീർത്തത്. ഇതിന് 25 കോടിരൂപ ചെലവ് കണക്കാക്കിയിരുന്നു. സൗജന്യമായി ലഭിച്ചതിനാൽ ചെലവ് ഗണ്യമായി കുറയ്ക്കാനായെന്നും അണ്ണാദുരൈ വ്യക്തമാക്കി. ലാൻഡറിന്റെ കാലുകളും റോവറിന്റെ ചക്രങ്ങളും വിശദമായി പരിശോധിച്ചു. ചന്ദ്രപ്രകാശത്തിന്റെ പശ്ചാത്തലം കൃത്രിമമായി സൃഷ്ടിച്ചായിരുന്നു റോവർ പരിശോധന. ഇതിന് പ്രത്യേക പ്രകാശക്രമീകരണങ്ങൾ ഒരുക്കി. തുടക്കത്തിൽ റോവറിന് നാലുചക്രമായിരുന്നു. കൂടുതൽ ദൃഢതയ്ക്കായി ആറുചക്രമാക്കി. ചക്രങ്ങളുടെ വലിപ്പത്തിലും മാറ്റം വരുത്തി. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണം വ്യത്യസ്തമായതിനാൽ ചന്ദ്രനിലെത്തുന്ന റോവറിന്റെ ഭാരം ഹീലിയം ബലൂണുകൾ ഉപയോഗിച്ച് കുറച്ചു. ലാൻഡറിന് ഇറങ്ങാനുള്ള പരിശോധനയ്ക്കായി കൃത്രിമകുഴികൾ ഉണ്ടാക്കി. കർണാടകയിലെ ചിത്രദുർഗ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിലാണ് ഈ പരിശോധന നടത്തിയത്. ലാൻഡറിന്റെയും റോവറിന്റെയും ആശയവിനിമയ പരിശോധന നടത്തിയത് െബംഗളൂരുവിലെ എച്ച്.എ.എൽ. കേന്ദ്രത്തിലാണ്. സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനുമുമ്പ് ചന്ദ്രോപരിതലം സുരക്ഷിതമാണോ, അല്ലെങ്കിൽ സമീപം എവിടെ ലാൻഡ്ചെയ്യാം എന്നതുൾപ്പെടെയുള്ള പരിശോധനകളും പൂർത്തീകരിച്ചതായി അണ്ണാദുരൈ പറഞ്ഞു. content highlights:Chandrayaan-2
from mathrubhumi.latestnews.rssfeed https://ift.tt/2JXjJ06
via
IFTTT
No comments:
Post a Comment