യുണൈറ്റഡ് നാഷൻസ്: ലോകത്ത് പോയവർഷം ഭക്ഷണത്തിന് ബുദ്ധിമുട്ടിയത് 82.1 കോടി പേർ. തുടർച്ചയായ മൂന്നാംവർഷവും ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് വർധിക്കുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് യു.എൻ. പുറത്തുവിട്ടത്. പോഷകാഹാരക്കുറവും മേൽവർഷങ്ങളെ അപേക്ഷിച്ച് 2015 മുതൽ വർധിച്ചിട്ടുണ്ട്. പത്തുവർഷംമുമ്പ് ഇക്കാര്യത്തിൽ ആശാവഹമായ പുരോഗതി കാണിച്ചിരുന്നു. ആഭ്യന്തരയുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും പ്രധാന കാരണമായി പറയുന്നത്. 2017-ൽ 81 കോടി പേരായിരുന്നു ഒരുനേരത്തെ ആഹാരംപോലും ഉറപ്പില്ലാത്തവർ. 2030-ഓടെ വിശപ്പില്ലാത്ത ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കടുത്ത വെല്ലുവിളിയാണ് യു.എൻ. നേരിടേണ്ടിവരികയെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം തലവൻ ഡേവിഡ് ബീസ്ലി പറഞ്ഞു. ''മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രെക്സിറ്റിനും ഡൊണാൾഡ് ട്രംപിനും ചുറ്റുമാണ് ലോകമാധ്യമങ്ങൾ'' -ബീസ്ലി വിമർശിച്ചു. മനുഷ്യരുടെ വിശപ്പാണ് ഭീകരവാദികൾ മുതലെടുക്കുന്നതെന്നും സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി ആളുകളെ ചേർക്കാനും അവർ അത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷ്യൻ ഇൻ ദ വേൾഡ്' എന്ന പേരിലാണ് റിപ്പോർട്ട് യു.എൻ. അവതരിപ്പിച്ചത്. യു.എൻ. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ(എഫ്.എ.ഒ.) ലോകാരോഗ്യസംഘടന, വേൾഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എന്നിന്റെ വിവിധ ഏജൻസികൾ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ് കൂടുതൽ ആഫ്രിക്കയിൽ ആഫ്രിക്കയിലാണ് പോഷകാഹാരക്കുറവ് അപകടകരമായ അവസ്ഥയിലുള്ളതെന്ന് റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. അവിടെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയിൽ ഇത് 12 ശതമാനവും ലാറ്റിൻ അമേരിക്ക, കരീബിയ എന്നിവിടങ്ങളിൽ ഏഴുശതമാനവുമാണ്. ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരിൽ എട്ടുശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. പോഷകാഹാരക്കുറവാണ് ഇവർ നേരിടുന്ന വലിയ വെല്ലുവിളി. ലോകത്ത് 15 കോടിയോളം കുട്ടികൾ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ട് പറയുന്നു. Content Highlights:82 crore people facing starvation crisis
from mathrubhumi.latestnews.rssfeed https://ift.tt/30BY9VP
via
IFTTT
No comments:
Post a Comment