നെടുങ്കണ്ടം : ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ പരാതി ഒതുക്കിത്തീര്‍ക്കാന്‍ രാജ്‌കുമാറിനോട് പോലീസ് ആവശ്യപ്പെട്ടത് 50,000 രൂപ. തുക പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.ഐയുടെ പക്കല്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു ജനപ്രതിനിധിയുടെ ഇടപെടലും ഇതിനു പിന്നില്‍ ഉണ്ടെന്നാണു സൂചന. പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെ എസ്.ഐ. ഹരിത ഫിനാന്‍സിലെത്തിയിരുന്നു. പരാതികളൊന്നുമില്ലെന്നും പരിശോധനയ്‌ക്കു വന്നതാണെന്നുമായിരുന്നു വിശദീകരണം. ഇതിനുശേഷമാണു 50,000 രൂപ ആവശ്യപ്പെട്ടത്. പിന്നീടു വീണ്ടും തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇതു നല്‍കുന്നതിനു മുമ്പ് രാജ്‌കുമാര്‍ പിടിയിലായി. രാജ്‌കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളില്‍നിന്നും മൂന്നു ലക്ഷത്തിലധികം രൂപയാണു പോലീസ് പിടിച്ചെടുത്തത്.
കസ്‌റ്റഡിയിലിരിക്കെ രാജ്‌കുമാറിനുമേല്‍ പ്രയോഗിക്കാന്‍ മൂന്നു കുപ്പി കുരുമുളക് സ്‌പ്രേയും മുളകരച്ചതും കാന്താരിയും പോലീസ് ഉപയോഗിച്ചു. മര്‍ദനത്തിനിടെ മുട്ടുചിരട്ടയ്‌ക്കു പരുക്കേറ്റതിനെത്തുടര്‍ന്ന് 13 ന് ഉച്ചയ്‌ക്ക് ആയുര്‍വേദ വൈദ്യനെ എത്തിച്ച് തിരുമ്മിച്ചു. രാജ്‌കുമാറിനെ തിരുമ്മിയതിനു പ്രതിഫലമായി 300 രൂപ പോലീസ് ഉദ്യോഗസ്‌ഥര്‍ നല്‍കിയെന്നു വൈദ്യന്‍ പറഞ്ഞു.
12 നു രാജ്‌കുമാര്‍, ശാലിനി, മഞ്‌ജു എന്നിവരെ പുളിയന്‍മലയില്‍ നിന്നുമാണ് നെടുങ്കണ്ടം പോലീസ് കസ്‌റ്റഡിയിലെടുത്തത്. രാജ്‌കുമാര്‍, ശാലിനി എന്നിവരുടെ പക്കല്‍നിന്നും സ്‌റ്റേഷനില്‍ വച്ച് മൂന്നു ലക്ഷം രൂപ കണ്ടെത്തിയെന്നു സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയവര്‍ പറയുന്നു. എന്നാല്‍, ശാലിനിയില്‍ നിന്നും 1.17 ലക്ഷം രൂപ കണ്ടെത്തി എന്നാണു പോലീസിന്റെ ആദ്യ വാദം. രാജ്‌കുമാര്‍ സ്‌റ്റേഷനില്‍ കുഴഞ്ഞു വീണ ദിവസമാണു പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പക്കല്‍നിന്നും 72,500 രൂപ കണ്ടെത്തിയെന്നും രേഖയുണ്ടാക്കി. ശാലിനി, മഞ്‌ജു എന്നിവരില്‍ നിന്നും ആദ്യം പിടികൂടിയെന്നു പോലീസ് പറഞ്ഞ 1.17 ലക്ഷം രൂപ ഇതിനിടെ 1.24 ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍, ശേഷിക്കുന്ന 1.06 ലക്ഷം രൂപ എവിടെ പോയെന്ന ചോദ്യം ബാക്കിയാണ്.
ജോമോന്‍ താന്നിക്കല്‍
from mangalam.com https://ift.tt/2LBoOOo
via IFTTT
No comments:
Post a Comment