തൃശ്ശൂർ: ബി.എസ്.എൻ.എല്ലിന് 4-ജി സ്പെക്ട്രം അനുവദിക്കുന്നതിന് തത്ത്വത്തിൽ ധാരണയായതായി സൂചന. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ടെലികോം വകുപ്പ് സെക്രട്ടറിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് സ്പെക്ട്രം അനുവദിക്കുന്നതിനുള്ള നടപടികൾക്ക് ജീവൻ വെച്ചത്. നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അത് വേഗം പരിഹരിക്കാനും സെക്രട്ടറിമാരുടെ ചർച്ചയിൽ തീരുമാനമായിട്ടുണ്ടെന്നാണ് സൂചന. സ്പെക്ട്രത്തിന് അടയ്ക്കേണ്ട തുക കേന്ദ്രസർക്കാർ വഹിക്കും. അല്ലെങ്കിൽ ബി.എസ്.എൻ.എല്ലിന് ചുരുങ്ങിയത് 13000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമായിരുന്നു. അടിസ്ഥാനസൗകര്യ വികസനത്തിന് ബി.എസ്.എൻ.എൽ. മാനേജ്മെന്റ് പണം കണ്ടെത്തേണ്ടിവരും. 4-ജി സൗകര്യത്തിനുള്ള ഉപകരണങ്ങൾ രാജ്യമെമ്പാടും ഒരുക്കേണ്ടതുണ്ട്. ടവറുകൾ സജ്ജമാക്കുകയും വേണം. ഇതിന് 8000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതിന് ബാങ്കുവായ്പയാണ് ഏക ആശ്രയം. വായ്പ ലഭിക്കാൻ ആസ്തികൾ ഈട് നൽകാൻ ടെലികോം വകുപ്പ് അനുമതിപത്രം നൽകേണ്ടതുണ്ട്. ഇക്കാര്യത്തെക്കുറിച്ചും വകുപ്പു മന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. അനുമതിപത്രം കിട്ടിയാലും ബാങ്കുകൾ വായ്പ അനുവദിക്കണമെങ്കിൽ കേന്ദ്രസർക്കാർ ഇടപെടേണ്ടിവരും. ടെലികോം മേഖലയിൽ അനുവദിക്കാവുന്ന വായ്പയുടെ പരിധിയായ ആറു ലക്ഷം കോടി കഴിഞ്ഞതാണ് പ്രശ്നമാവുന്നത്. രാജ്യത്തെ ബാങ്കുകളുടെ കൺസോർഷ്യമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ആറുലക്ഷം കോടി രൂപയിൽ ബി.എസ്.എൻ.എൽ. എടുത്തിട്ടുള്ളത് 13000 കോടി മാത്രമാണ്. ബാക്കി സ്വകാര്യ കമ്പനികളാണെടുത്തിരിക്കുന്നത്. ബി.എസ്.എൻ.എൽ. ആവശ്യപ്പെടുന്നത് 2100 മെഗാ ഹേർട്സ് ഫ്രീക്വൻസിയിൽ അഞ്ച് മെഗാ ഹേർട്സ് ബാൻഡ് വിഡ്ത്തുള്ള സ്പെക്ട്രമാണ്. സ്വകാര്യ കമ്പനികളുടെ കൈവശം 30 വരെ മെഗാ ഹേർട്സ് ബാൻഡ് വിഡ്ത്ത് ഇപ്പോഴുണ്ട്. ചില സ്വകാര്യ കമ്പനികൾ 5-ജി അനുവദിച്ചുകിട്ടാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ബി.എസ്. എൻ.എല്ലിന് ഇനിയും 4-ജി കൊടുക്കാതിരുന്നാൽ സർക്കാരിന് വിശദീകരണമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങാനാണ് സാധ്യത. സെക്രട്ടറിമാരുടെ ചർച്ചയിൽ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ. എന്നീ കമ്പനികളുടെ ലയനം, പെൻഷൻപ്രായം കുറയ്ക്കൽ, വി.ആർ.എസ്. നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങളും ചർച്ചയായതായാണ് വിവരം. Content highlights:BSNL isready to start 4G
from mathrubhumi.latestnews.rssfeed https://ift.tt/32hKDbH
via
IFTTT
No comments:
Post a Comment