സുഹൃത്തിനെ കണ്‍മുന്നില്‍ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ആന്റണിയും ഷിന്റോയും; പത്തു വര്‍ഷം നാലു ശബരിമല തീര്‍ത്ഥാടകരും ഒരു അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചതും ഇവിടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 21, 2019

സുഹൃത്തിനെ കണ്‍മുന്നില്‍ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ആന്റണിയും ഷിന്റോയും; പത്തു വര്‍ഷം നാലു ശബരിമല തീര്‍ത്ഥാടകരും ഒരു അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചതും ഇവിടെ

കോട്ടയം: വീട്ടില്‍ നിന്നുമിറങ്ങിയതു മുതല്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കണ്‍മുന്നില്‍ ട്രെയിനിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ആന്റണിയും ഷിന്റോയും. നീലിമംഗലത്ത് ട്രെയിന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ പാലത്തില്‍ നിന്നു ചാടി ജീവന്‍ നഷ്ടപ്പെട്ട സാബുവിന്റെ സുഹൃത്തുക്കളാണു ആന്റണിയും ഷിന്റോയും. ട്രെയിന്‍ കടന്നു പോകുമ്പോഴും സാബു സമീപത്തെവിടെയെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും.

ട്രെയിന്‍ കടന്നു പോയി അല്‍പ്പം സമയം കഴിഞ്ഞിട്ടും സാബുവിനെ കാണാതായതോടെ ഇരുവരും പരിഭ്രാന്തരായി. ഇതിനിടെ സ്ഥലത്തെത്തിയ സംഘത്തിലെ നാലാമനായ വിനീതാണു സാബു വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാരോടു പറയുന്നത്. തുടര്‍ന്നു നാട്ടുകാരും പിന്നീട് അഗ്‌നിശമന സേനയും തെരച്ചില്‍ നടത്തുമ്പോഴും ഷിന്റോയും ആന്റണിയ്ക്കും സാബു തിരികെ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിനീത് തെരച്ചിലുകാര്‍ക്ക് ഒപ്പം കൂടി. നേര്‍ത്ത വിതുമ്പലിനിടയിലും സാബു തിരികെ വരുമെന്ന വിശ്വാസം ഷിന്റോയും ആന്റണിയും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, 1.45നു സാബുവിന്റെ മൃതദേഹം പാലത്തിന്റെ ചുവട്ടില്‍ നിന്നു കണ്ടെത്തിയതോടെ ഇരുവരുടെ സങ്കടം അണപൊട്ടി.

റെയില്‍വേ ട്രാക്കിലിരുന്നു വാവിട്ടു കരഞ്ഞ ഇരുവരെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും വലഞ്ഞു. സാബുവിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചു വാഹനത്തില്‍ കയറ്റുമ്പോഴേയ്ക്കും ഇരുവരുടെയും സങ്കടം നിയന്ത്രണാതീതമായി. ഏറ്റുമാനൂര്‍ വള്ളിക്കാട്ട് സ്വദേശിയായ വിനീതിന്റെ സംഘം ജില്ലയുടെ പല ഭാഗങ്ങളിലും തെങ്ങുകയറ്റ തൊഴിലിനു പോയിരുന്നത്. സ്വദേശത്തു പണി കുറയുമ്പോള്‍ ഷിന്റോ നാട്ടിലെത്തി ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു പതിവ്. കൃത്യമായ ഇടവേളകളില്‍ കുമാരനല്ലൂര്‍, നീലിമംഗലം, ഗാന്ധിനഗര്‍ ഭാഗങ്ങളില്‍ ഇവര്‍ തേങ്ങയിടാന്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

സാബുവും സുഹൃത്തുക്കളും സംക്രാന്തിക്കു സമീപം, നീലമംഗലം റെയില്‍വേ പാലത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.45-നു വിശാഖപട്ടണം-കൊല്ലം ട്രെയിന്‍ കടന്നുപോകവേയായിരുന്നു സംഭവം. സാബുവിനൊപ്പമുണ്ടായിരുന്ന ഇടുക്കി പടമുഖം മുകളേല്‍ ഷിന്റോയും വള്ളിക്കാട്ട് കിഴക്കേടത്ത് ആന്റണിയും പറയുന്നതിങ്ങനെ: തെങ്ങുകയറ്റത്തൊഴിലാളികളായ നാലു സുഹൃത്തുക്കള്‍ വള്ളിക്കാട്ടുനിന്നു രാവിലെയെത്തി ഗാന്ധിനഗര്‍, നീലിമംഗലം ഭാഗത്തെ വീടുകളില്‍ തേങ്ങ പിരിച്ചു. തുടര്‍ന്ന്, ഗാന്ധിനഗറില്‍നിന്നു ഭക്ഷണം കഴിച്ച്, റെയില്‍വേ ട്രാക്കിലൂടെ നടന്നുവരുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന വീനിത്, നീലിമംഗലത്ത് എത്തുന്നതിനു മുമ്പ് മറ്റു വീടുകളില്‍ പണി തിരക്കിപ്പോയി. മുന്നോട്ടുനടന്ന സാബുവും ഷിന്റോയും ആന്റണിയും റെയില്‍വേ പാലത്തിന്റെ നടുക്കെത്തിയപ്പോള്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു ട്രെയിനെത്തി. ശബ്ദം കേട്ട് ഓടിയ ഷിന്റോയും ആന്റണിയും പാലം കടന്നു. എന്നാല്‍, തോളില്‍ തേങ്ങയുമായെത്തിയ സാബു രക്ഷപ്പെടാനാകാതെ ആറ്റിലേക്കു വീണു.

ട്രെയിന്‍ പോയശേഷം സുഹൃത്തുക്കള്‍ തെരഞ്ഞെങ്കിലും സാബുവിനെ കണ്ടെത്താനായില്ല. ഇതോടെ, പുഴയില്‍ വീണിട്ടുണ്ടാകുമെന്നു സംശയിച്ച് നാട്ടുകാര്‍ പോലീസിനെയും അഗ്നിശമനസേനയേയും വിവരമറിയിച്ചു. അഗ്‌നിശമനസേനയുടെ തെരച്ചിലില്‍ ഉച്ചകഴിഞ്ഞ് 1.45-നു പാലത്തിന്റെ ചുവട്ടില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. ആറ്റില്‍ മുങ്ങിക്കിടന്ന പഴയ ട്രെയിന്‍ ബോഗിയില്‍ തലയിടിച്ചു വീണതായാണു പ്രാഥമിക നിഗമനം.

അസ്വഭാവികമായ ശബ്ദം കേട്ടാലുടന്‍ നാട്ടുകാര്‍ ഓടിയെത്തും. പത്തു വര്‍ഷം മുമ്പു ശബരിമല തീര്‍ഥാടകര്‍ യാത്രാ വേളയില്‍ വിശ്രമിക്കുന്നതിനായി നീലിമംഗലം പാലത്തിനു സമീപം വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ കയറിയപ്പോള്‍ ട്രെയിന്‍ പാഞ്ഞെത്തിയുണ്ടായ അപകടത്തില്‍ നാലു പേര്‍ ഛിന്നഭിന്നമായി. അന്നു മുതല്‍ ഈ ഭാഗം നാട്ടുകാരുടെ പേടി സ്വപ്‌നമാണ്. ഇതിനു ശേഷം രണ്ടു വര്‍ഷം മുമ്പാണ്അമ്മയും മകളും പാലത്തില്‍ ട്രെയിന്‍ ഇടിച്ചു മരിച്ചത്.

നീലിമംഗലം റെയില്‍വേ പാലത്തിലൂടെ നടക്കുന്നതിനു നിരോധനമുണ്ടെങ്കിലും എളുപ്പമാര്‍ഗമായി പലരും പാലത്തിലൂടെ നടക്കുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. ഏതാനും വര്‍ഷം മുമ്പ് അയ്യപ്പ ഭക്തര്‍ ട്രെയിനിടിച്ചു മരിച്ചതും രണ്ടു വര്‍ഷം മുമ്പ് അമ്മയും മകളും ട്രെയിനിടിച്ചു മരിച്ചതും ഇതേ പാലത്തില്‍ ഇതേ സ്ഥലത്താണ്. അപകടങ്ങള്‍ക്കൊപ്പം ജീവനൊടുക്കാനും പലരും ഇവിടെ വന്നിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടു ഓരോ ട്രെയിന്‍ കടന്നുപോകുമ്പോഴും സമീപവാസികള്‍ ഭയത്തോടെയാണു നോക്കുന്നത്.

ദുരന്തങ്ങളുടെ കാര്യത്തില്‍ എന്നും നീലിമംഗലം പാലം വാര്‍ത്തകളില്‍ നിറയാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു പാലത്തില്‍ നിന്നു പുഴയിലേക്കു പതിച്ച ട്രെയിനിന്റെ ഒരു കോച്ച് ഇപ്പോഴും കയത്തിലുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ പ്രളയ സീസണിലും പാലം വാര്‍ത്തകളില്‍ മിന്നി, പാലത്തിന്റെ ചുവട്ടില്‍ ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. റെയില്‍വേ പാലമാണെങ്കിലും, നടന്നു നോക്കിയാല്‍ ഞെട്ടും അത്രയ്ക്കു മോശമാണു പാലത്തിലെ പ്ലാറ്റ്‌ഫോമിന്റെ അവസ്ഥ.

ഒരു ട്രെയിന്‍ കടന്നു പോകുന്നതിനു മാത്രമുള്ള സംവിധാനം മാത്രമേ നീലിമംഗലം പാലത്തിനുള്ളൂ. മുമ്പു പാലത്തിന്റെ രണ്ടു വശങ്ങളിലും അപ്രതീക്ഷതിമായെത്തുന്ന കാല്‍നടയാത്രികര്‍ക്കു നില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഇല്ല, പാലത്തിന്റെ ഇരുവശങ്ങളിലേക്കും നീണ്ടു നില്‍ക്കുന്ന ഇരുമ്പു ബീമുകള്‍ മാത്രമാണുള്ളത്.

പാലത്തിന്റെ മുകളില്‍ ഇരുമ്പു തകരങ്ങള്‍ നിരത്തിയിട്ടുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നാട്ടുകാര്‍ ഇതിനു മുകളിലൂടെയാണു മറുകര കടക്കുന്നത്. നടക്കുമ്പോഴുണ്ടാകുന്ന ശബ്ദവും ഇളക്കവും ഇതുവഴി ആദ്യമെത്തുന്ന ആരെയും ഭയപ്പെടുത്തും. സ്പര്‍ശിച്ചാല്‍ അപകടമാകുന്ന വിധത്തില്‍ തുരുമ്പെടുത്തവയാണ് ഈ തകര കഷണങ്ങള്‍. ഒരാള്‍ക്കു സുഗമമായി നടക്കാനേ കഴിയൂ, രണ്ടാമതൊരാള്‍ വന്നാല്‍, പാലത്തിന്റെ ഇരുമ്പു സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങാനുള്ള സാധ്യതയുമേറെയാണ്.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ പാലം വരുന്ന സ്ഥലമാണിത്. ഇരുവശങ്ങളിലുമുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇരട്ടപ്പാത പാലം പണി പൂര്‍ത്തിയാകുന്നതോടെയെങ്കിലും ഇതുവഴി സുഗമ യാത്ര തരപ്പെടുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ.



from mangalam.com http://bit.ly/2N4zebG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages