തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന് സ്ഥിരീകരിച്ചതോടെ അപകടത്തിലെ ദുരൂഹതനീക്കാനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. രണ്ടു ശാസ്ത്രീയപരിശോധനാഫലങ്ങൾകൂടി അന്വേഷണസംഘത്തിനു ലഭിക്കാനുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് ശേഖരിച്ച മുടിയിഴകളടക്കമുള്ളവ ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കൂടാതെ അപകടത്തിനുമുമ്പ് ഇവർ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയിൽനിന്നെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന് പരിശോധനാ ഏജൻസികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി ലഭിച്ചാലുടൻ അർജുനെ ചോദ്യംചെയ്യും. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവർത്തനം നടത്തിയ ഭൂരിഭാഗം സാക്ഷികളും അർജുനാണ് വാഹനം ഓടിച്ചതെന്നാണ് ആദ്യംമുതൽ പറഞ്ഞിരുന്നത്. എന്നാൽ, വാഹനം ഓടിച്ചത് താനാണെന്ന് ആശുപത്രിയിൽവെച്ചു പറഞ്ഞ അർജുൻ പോലീസിനുമുന്നിൽ മൊഴിമാറ്റി. ഇയാളെ ചോദ്യംചെയ്താലേ മൊഴിമാറ്റിയതിന്റെ കാരണം കണ്ടെത്താനാവൂ. സ്വാഭാവികമായ അപകടമാണെന്ന സൂചനകളിലേക്കാണ് ഇതുവരെയുള്ള ശാസ്ത്രീയ തെളിവുകൾ നീങ്ങുന്നതെങ്കിലും മൊഴികളിലെ അവ്യക്തതയും വൈരുധ്യവും അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പ്, മെഡിക്കൽ കോളേജിലെ ഫൊറൻസിക് സംഘം എന്നിവ നൽകിയ റിപ്പോർട്ടുകൾ അപകടം സ്വാഭാവികമാണെന്ന തരത്തിലുള്ളതാണ്. എന്നാൽ, അർജുൻമുതൽ ആദ്യം സ്ഥലത്തെത്തിയതിൽ ഒരാളായ കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജി, ഇതുവഴി കടന്നുപോയ കലാഭവൻ സോബി തുടങ്ങി ഒട്ടേറെപ്പേരുടെ മൊഴികൾ അപകടത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടുന്നവയാണ്. എന്നാൽ, വരുംദിവസങ്ങളിൽതന്നെ ഇതിനെല്ലാം വ്യക്തതവരുത്താൻ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. മൊബൈൽ ഫോൺ വിവരങ്ങളിലൂടെ വ്യക്തതവരുത്താൻ ക്രൈംബ്രാഞ്ച് അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയവരടക്കമുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളിൽ വ്യക്തതവരുത്താൻ ഫോൺകോളുകളും വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ഇതിനായി അപകടവുമായി ബന്ധപ്പെട്ടവരുടെയും ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്നവരുടെയുമെല്ലാം ഫോൺരേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു. വൈരുധ്യമുണ്ടെന്ന് തോന്നുന്നവരുടെ മൊഴികൾ വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അപകടംനടന്ന വാഹനത്തിന് തൊട്ടുപിറകിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്കറിന്റെ കാറിനൊപ്പം മറ്റൊരു കാർകൂടിയുണ്ടായിരുന്നെന്നാണ് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിനുമുമ്പുവരെ ഈ രണ്ടു കാറുകളും ബസിനുമുന്നിലുണ്ടായിരുന്നു. എന്നാൽ, അപകടത്തിനുശേഷം ഈ കാർ കണ്ടില്ലെന്നാണ് അജി പറയുന്നത്. ബാലഭാസ്കറിന്റെ മൊബൈൽ പരിശോധനയ്ക്കയച്ചു : ബാലഭാസ്കറിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ സിഡാക്കിൽ പരിശോധനയ്ക്കയച്ചിരിക്കുകയാണെന്ന് റവന്യൂ ഇന്റലിജൻസ് സംഘം. സ്വർണക്കടത്തു കേസിൽ പിടിയിലായ പ്രകാശൻതമ്പിയുടെ വീട്ടിൽനിന്ന് മൂന്നു മൊബൈലുകൾ ഡി.ആർ.ഐ. പിടിച്ചെടുത്തിരുന്നു. അപകടസമയത്ത് ബാലഭാസ്കർ ഉപയോഗിച്ചിരുന്ന മൊബൈൽ പ്രകാശൻതമ്പിയാണ് സൂക്ഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇതു കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. മൊബൈലുകളിൽ ഒന്ന് ബാലഭാസ്കറിന്റേതാണെന്നാണ് പ്രകാശൻതമ്പി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴിനൽകിയത്. Content Highlights:Balabhaskar Death; Investigation going to Final Lap
from mathrubhumi.latestnews.rssfeed http://bit.ly/2EZ7f6M
via
IFTTT
No comments:
Post a Comment