പത്തനംതിട്ട : മഹാപ്രളയത്തില്‍ ലക്ഷങ്ങള്‍ നഷ്‌ടപ്പെട്ട വ്യാപാരി പഞ്ചായത്ത് അധികൃതരുടെ പീഡനം മൂലം നട്ടം തിരിയുന്നു. പ്രളയത്തില്‍ വലിയ നാശനഷ്‌ടമുണ്ടായ പത്തനംതിട്ട-റാന്നി ഇടശേരില്‍ എബി സ്‌റ്റീഫ(47)നാണു വ്യാപാരസ്‌ഥാപനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയാതെ വലയുന്നത്.
റാന്നി നഗരത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന ഏഴു വ്യാപാര സ്‌ഥാപനങ്ങളില്‍ ആറെണ്ണവും വീടും വെള്ളത്തില്‍ മുങ്ങിത്താണു. വസ്‌ത്രശാല, ബേക്കറി, ബോര്‍മ, ഫര്‍ണിച്ചര്‍ നിര്‍മാണശാല എന്നിവ പൂര്‍ണമായും നശിച്ചു. ഫര്‍ണിച്ചര്‍ യൂണിറ്റില്‍ 30 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ ചെളിയിലാണ്ടു. വെള്ളമിറങ്ങിയ ശേഷം ചെളിയും മണ്ണും നീക്കാനായി മാത്രം ലക്ഷങ്ങള്‍ ചെലവിട്ടു. സര്‍ക്കാരിന്റെ സഹായം തേടി മുട്ടാത്ത വാതിലുകളില്ല. ഭാര്യയെയും രോഗിയായ മകനെയും കൂട്ടി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സങ്കടം പറഞ്ഞിട്ടും ചില്ലിക്കാശിന്റെ സഹായം കിട്ടിയില്ല. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ബേക്കറിയും ബോര്‍മയും ഫര്‍ണിച്ചര്‍ യൂണിറ്റും പുനരാരംഭിക്കാനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ജീവനക്കാരുടെ ക്രൂരത തുടങ്ങി.
ഏപ്രില്‍ നാലിനാണ് എബി ബേക്കറിയുടെയും ബോര്‍മയുടെയും പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്. ബേക്കറിയുടെ ലൈസന്‍സ് ആവശ്യത്തിനായി കെട്ടിടനികുതി അടയ്‌ക്കേണ്ടിയിരുന്നു. 2015-ല്‍ ആരംഭിച്ച ബേക്കറിക്ക് 2012 മുതലുള്ള കെട്ടിടനികുതി അടയ്‌ക്കണമെന്നായി ക്ലര്‍ക്ക്. എല്ലാ വര്‍ഷവും കൃത്യമായി നികുതി അടച്ചിരുന്നെന്നും രേഖകള്‍ പ്രളയത്തില്‍ നഷ്‌ടപ്പെട്ടെന്നും പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഏഴു വര്‍ഷത്തെ കെട്ടിടനികുതിക്കൊപ്പം 2020ലെ മുന്‍കൂര്‍ നികുതിയും അടപ്പിച്ചു.
നികുതി സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍, എല്ലാം നേരത്തേ അടച്ചിരുന്നെന്ന മറുപടിയാണു പഞ്ചായത്തില്‍നിന്നു ലഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ബേക്കറിയുടെയും ബോര്‍മയുടെയും പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങാനായി എബി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. വനംവകുപ്പിന്റെ എന്‍.ഒ.സി, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാമുള്ള യൂണിറ്റിന് ഇതുവരെ ഡി.ആന്‍ഡ് ഒ. ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. എല്ലാം വിവരിച്ച് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റിക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ലൈസന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കിനെതിരെ റാന്നിയിലെ മുപ്പതില്‍പ്പരം വ്യാപാരികള്‍ പരാതിപ്പെട്ടെങ്കിലും ലൈസന്‍സ് പുതുക്കിത്തരില്ലെന്നു ഭീഷണിപ്പെടുത്തി പഞ്ചായത്ത് അധികൃതര്‍ പരാതി പിന്‍വലിപ്പിച്ചു.
ബാങ്ക് വായ്‌പയെടുത്താണ് എബി വ്യാപാര സ്‌ഥാപനങ്ങള്‍ തുടങ്ങിയത്. ലോണിനോടൊപ്പം ഇന്‍ഷുറന്‍സ് എടുക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാകാത്തതിനാല്‍ ആ രീതിയിലുള്ള പരിരക്ഷയും ഉണ്ടായില്ല. ഫര്‍ണിച്ചര്‍ യൂണിറ്റിന് യുണൈറ്റഡ് ഇന്ത്യാ കമ്പനിയുടെ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും സ്‌ഥലം സന്ദര്‍ശിക്കാന്‍ പോലും അവര്‍ തയാറായിട്ടില്ല. പല ബാങ്കുകളും ജപ്‌തിക്കുള്ള ഒരുക്കത്തിലാണ്. ഓഗസ്‌റ്റ് 15 വരെ നടപടിയുണ്ടായില്ലെങ്കില്‍ കുടുംബത്തോടൊപ്പം മരണം വരെ സമരം ചെയ്യുമെന്ന് എബി പറഞ്ഞു.
from mangalam.com https://ift.tt/2ZSDhcA
via IFTTT
No comments:
Post a Comment