വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം; ശമ്പളത്തിനും പെന്‍ഷനും വഴി കാണാതെ കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 29, 2019

വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം; ശമ്പളത്തിനും പെന്‍ഷനും വഴി കാണാതെ കേരളം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വായ്പാപരിധി വെട്ടിക്കുറച്ചതിനു പിന്നാലെ, സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും പോലും വഴിയടയുന്നു. മഹാപ്രളയത്തിനുശേഷം സാമ്പത്തികമായി തകര്‍ന്ന കേരളത്തിനു കേന്ദ്രനടപടി ഇരട്ടിപ്രഹരമായി.

15-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശകളും സംസ്ഥാനത്തിനു തിരിച്ചടിയാകുമെന്നു സൂചന. ഈ സാഹചര്യത്തില്‍ പല പദ്ധതികളും നിയന്ത്രിക്കാന്‍ ധനവകുപ്പ് ബാധ്യസ്ഥമാകും. അടുത്തവര്‍ഷം തദ്ദേശസ്ഥാപനങ്ങളിലേക്കും 2021-ല്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍നിന്നു കരകയറാന്‍ സര്‍ക്കാരിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, നിലവിലെ സാമ്പത്തികപ്രതിസന്ധി ഇക്കാര്യത്തില്‍ ധനവകുപ്പിനു തലവേദനയാകും. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ചയുണ്ടാകുകയും ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുകയും ചെയ്താല്‍ പഴിയെല്ലാം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനുമേലാകും.

സാമ്പത്തികരംഗം ശാക്തീകരിക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചത്. എന്നാല്‍, കേരളത്തിനെതിരേ മാത്രമായുള്ള ഈ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കപ്പെടുന്നു. 2013-14 സാമ്പത്തികവര്‍ഷം വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍ 14-ാം ധനകാര്യ കമ്മിഷന്റെ വിഹിതം കൊണ്ടാണു കേരളം പിടിച്ചുനിന്നത്. എന്നാല്‍, ഇപ്പോഴത്തെ കേന്ദ്രതീരുമാനവും 15-ാം ധനകാര്യ കമ്മിഷനു നല്‍കിയിട്ടുള്ള പരിഗണനാവിഷയങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇക്കുറി സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്തിന്റെ നിത്യച്ചെലവുകള്‍ നിര്‍വഹിക്കുന്നതു പൊതുവിപണിയില്‍നിന്നുള്ള വായ്പകളെ ആശ്രയിച്ചാണ്. ഇത്തവണ വായ്പാപരിധിയില്‍ 6000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള അധികച്ചെലവ് സര്‍ക്കാര്‍ അഭിമുഖീകരിക്കുമ്പോഴാണു വെള്ളിടിപോലെയുള്ള ഈ നടപടി. വരുമാനത്തിലെ ഇടിവ് മറികടക്കാനുള്ള പദ്ധതികള്‍ ധനമന്ത്രി ധവളപത്രത്തില്‍ പ്രഖ്യാപിച്ചെങ്കിലും നികുതിക്കുടിശിക പിരിച്ചെടുക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ കഴിഞ്ഞില്ല. റവന്യൂ ചെലവ് 16 ശതമാനമായി തുടരുമ്പോള്‍, വരവ് 10 ശതമാനമായി കുറയുകയാണ്. എല്ലാ മേഖലയിലും വരുമാനത്തിലുണ്ടായ ഈ ഇടിവ് നിയമസഭയില്‍ വി.ഡി. സതീശന്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഡോ: ബി.എ. പ്രകാശിന്റെ നേതൃത്വത്തിലുള്ള 13-ാം പൊതുചെലവ് അവലോകനസമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

കഴിഞ്ഞ മൂന്നുവര്‍ഷവും ശമ്പളപരിഷ്‌ക്കരണത്തിന്റെ സാമ്പത്തികബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. ശമ്പളം ഇനത്തില്‍ മാത്രം 29-32% ചെലവു വര്‍ധിച്ചു. വായ്പാപരിധിയും വെട്ടിക്കുറച്ചതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായി. ശമ്പളവും പെന്‍ഷനും മുടക്കാനാകാത്ത സാഹചര്യത്തില്‍, ശേഷിക്കുന്ന വായ്പകളും അതിനായി വിനിയോഗിക്കേണ്ടിവരും. പലിശ തിരിച്ചടയ്ക്കുന്നതിനൊപ്പം മറ്റു മൂലധനച്ചെലവുകള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ അധികാരമേറ്റിട്ടും ഈ സര്‍ക്കാര്‍ പുതുതായി മൂന്നു താലൂക്കുകള്‍ രൂപീകരിക്കുകയും നിരവധി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനിടെ ഇതു വന്‍ബാധ്യത വരുത്തിവച്ചു. ഇതിനു പുറമേ, പ്രതിമാസം 2,500 കോടി രൂപ പെന്‍ഷന്‍ ഇനത്തിലും അടുത്ത മൂന്നുവര്‍ഷത്തേക്ക് 7000-10,000 രൂപ ശമ്പള-പെന്‍ഷന്‍ പരിഷ്‌ക്കരണത്തിനും കണ്ടെത്തണം. നികുതിവരുമാനത്തില്‍ 10 ശതമാനത്തിലധികം വര്‍ധനയുണ്ടായിട്ടില്ല. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനും വായ്പകള്‍ ശരിയായി വിനിയോഗിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും കുറ്റപ്പെടുത്തുന്നു.

ഓണം ഉള്‍പ്പെടെ ഉത്സവ സീസണില്‍ ചെലവു നിയന്ത്രിക്കാനും ജനപ്രിയപദ്ധതികള്‍ നിയന്ത്രിക്കാനും നിര്‍ബന്ധിതമാകുമെന്നു ധനവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഈ സാമ്പത്തികവര്‍ഷം പൊതുവിപണിയില്‍നിന്ന് 21,233.96 കോടി രൂപ വായ്പയെടുക്കാനാണ് അനുമതി. ഇതില്‍ 5500 കോടി രൂപ എടുത്തുകഴിഞ്ഞു. 6000 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ 9733 കോടി മാത്രമാണു സര്‍ക്കാരിനു വിനിയോഗിക്കാന്‍ കഴിയുക. സാമ്പത്തികവര്‍ഷം ആരംഭിച്ച്, മൂന്നുമാസം മാത്രം പിന്നിട്ട സാഹചര്യത്തില്‍ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണു ധനവകുപ്പ്. വരുമാനമുരടിപ്പ് മറികടന്ന്, സംസ്ഥാനവികസനം മുന്നോട്ടുകൊണ്ടുപോകാനാണു കിഫ്ബിയെന്ന ആശയം അവതരിപ്പിച്ചത്. എന്നാല്‍, വായ്പകള്‍ വെട്ടിക്കുറയ്ക്കപ്പെടുകയും വരുമാനം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കിഫ്ബിയും പ്രതിസന്ധിയിലാണ്.



from mangalam.com https://ift.tt/2JcLEJk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages