വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്തതിന് ടിപ്പർ ലോറി ഡ്രൈവർ ബൈക്ക് യാത്രികന്റെ കാല് തല്ലിയൊടിച്ചു. സ്കൂൾ സമയത്ത് അമിതവേഗത്തിൽ ടിപ്പർ ഓടിച്ചുപോയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവത്തിന് തുടക്കം. മകനെ സ്കൂളിലാക്കാൻ ബൈക്കിൽ പോകുകയായിരുന്ന വരാപ്പുഴ സ്വദേശി പ്രവീൺ കുമാറിനെയാണ് ടിപ്പർ ലോറി ഡ്രൈവർ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഇടതുകാലും ഇടതു കൈയുടെ വിരലും ഒടിഞ്ഞ പ്രവീൺ കുമാറിനെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന പെട്രോ എന്നയാൾക്കെതിരേ വരാപ്പുഴ പോലീസ് കേസെടുത്തു. പോലീസ് പറയുന്നതിങ്ങനെ: വരാപ്പുഴയിലുള്ള സ്കൂളിൽ മകനെയാക്കാൻ ബൈക്കിൽ പോകുകയായിരുന്നു പ്രവീൺകുമാർ. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ബൈക്കിൽ മുട്ടുമെന്ന സ്ഥിതിയിലെത്തി. ഇതോടെ ബൈക്ക് ലോറിക്ക് മുന്നിൽ നിർത്തിയ പ്രവീൺകുമാറും ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി. പ്രദേശത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രശ്നം ഇല്ലാതെ ഇരുവരെയും പറഞ്ഞുവിട്ടു. തുടർന്ന് പോലീസ് സ്റ്റേഷന് അല്പദൂരം മാറി എടമ്പാടം പാലത്തിന് സമീപം വച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാക്കി. ഈ സമയം ടിപ്പർ ലോറിയിൽ നിന്ന് ഇരുമ്പുദണ്ഡ് എടുത്ത് പ്രവീൺകുമാറിനെ അടിക്കുകയായിരുന്നു. പ്രവീൺകുമാറിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അടി തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതു കൈയുടെ വിരലിനും ഒടിവുപറ്റി. മകനും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേർന്നാണ് പ്രവീൺകുമാറിനെ ആശുപത്രിയിലെത്തിച്ചത്. Content Highlights:tipper lorry driver attacked man in front of his son in varappuzha
from mathrubhumi.latestnews.rssfeed http://bit.ly/2IErHL6
via
IFTTT
No comments:
Post a Comment