ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറ്റന്നാള്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് (ഐ.എം.എ) പണിമുടക്ക് ആഹ്വാനം ചെയ്തത്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. സമരം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സഹപ്രവര്‍ത്തകനെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതിനേത്തുടര്‍ന്ന് ബംഗാളില്‍ നാലുദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്. മര്‍ദനത്തില്‍ തലയോട് തകര്‍ന്ന ഡോക്ടര്‍ ഗുരുതരാവസ്ഥയിലാണ്. ഇതേത്തുടര്‍ന്ന് എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും പ്രതിഷേധസൂചകമായി രാജിവച്ചു. സമരത്തിനെതിരേ മുഖ്യമന്ത്രി മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജിലെ നിരവധി ഡോക്ടര്‍മാരും രാജിവച്ചു. ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയ മമത മാപ്പു പറയണമെന്നാണു ഡോക്ടര്‍മാരുടെ ആവശ്യം.
അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും സുരക്ഷിതമായ ജോലി അന്തരീക്ഷം ഒരുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ സംസ്ഥാനപണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഡല്‍ഹി എയിംസിലെയും സഫ്ദര്‍ജംഗ് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ പണിമുടക്കി. മഹാരാഷ്ട്രയിലെ 4500-ല്‍ ഏറെ ഡോക്ടര്‍മാരും ഇന്നലെ പണിമുടക്കി. െഹെദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാതെ, സമരക്കാര്‍ക്കു മമത അന്ത്യശാസനം നല്‍കിയതാണു സ്ഥിതി വഷളാക്കിയത്. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് നാലുമണിക്കൂറിനുള്ളില്‍ ജോലിക്കു കയറിയില്ലെങ്കില്‍ ഹോസ്റ്റലുകള്‍ ഒഴിയേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. അഭിമാനപ്രശ്മായെടുത്ത് പ്രശ്‌നം വഷളാക്കരുതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മമതയോട് അഭ്യര്‍ഥിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമരം പ്രതീകാത്മകമാക്കി, ഡോക്ടര്‍മാര്‍ രോഗികളോടുള്ള കടമ നിര്‍വഹിക്കണം. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മമതയ്ക്കു കത്തെഴുതും. അവരുമായി നേരിട്ടു സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മതിയായ സുരക്ഷ ഉറപ്പുവരുത്താതെ, ജോലിക്കു കയറില്ലെന്നാണു ബംഗാളിലെ ഡോക്ടര്‍മാരുടെ നിലപാട്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഈയാവശ്യം ഉന്നയിച്ചു. ഇക്കാര്യത്തില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതാമെന്നു മന്ത്രി ഉറപ്പുനല്‍കി.
from mangalam.com http://bit.ly/2ZsykqF
via IFTTT
No comments:
Post a Comment