ഹരിപ്പാട്: രക്താര്‍ബുദത്തോടു പൊരുതി പത്താം ക്ലാസ് പരീക്ഷയെഴുതിയ ഗൗതം ഇനി ഓര്‍മയായി.
ഹരിപ്പാട് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി പള്ളിപ്പാട് രാമങ്കേരിയില്‍ അനില്‍കുമാര്‍-ജിഷ ദമ്പതികളുടെ മകന്‍ ഗൗതമാണു സേപരീക്ഷാ ഫലം വരുന്നതിനു മുമ്പു മരണത്തിനു കീഴടങ്ങിയത്.
തിരുവനന്തപുരം ആര്‍.സി.സിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍നിന്ന് നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്തു പരീക്ഷയെഴുതിയ ഈ മിടുക്കനെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ഷൈലജ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പത്താം ക്ലാസ് ഫലം വന്നപ്പോള്‍ മൂന്ന് പരീക്ഷകളില്‍ എ പ്ലസ്, ഒന്നിന് എ ഗ്രേഡ്, രണ്ടെണ്ണത്തിന് ബി പ്ലസും ഒന്നിന് ബിയുമായിരുന്നു.
ആര്‍.സി.സിയില്‍ കീമോതെറാപ്പി കഴിഞ്ഞിറങ്ങിയപ്പോഴാണ് പത്താംക്ലാസ് ഫലം അറിയുന്നത്. മൂന്നു പരീക്ഷകള്‍ എഴുതാത്തതിനാല്‍ സാങ്കേതികമായി ഗൗതം തോറ്റു.
എന്നാല്‍, സേ പരീക്ഷയെഴുതി. അവശനായിരുന്നെങ്കിലും എഴുതിയ ഏഴ് പരീക്ഷകളും എഴുതാന്‍ കഴിയാതെ പോയ ബാക്കി പരീക്ഷകളും എഴുതിത്തീര്‍ത്ത് ഇന്നലെ രാവിലെ 9.30നാണ് ഫലത്തിന് കാത്തുനില്‍ക്കാതെ മരണത്തിന് കീഴടങ്ങുന്നത്. പരീക്ഷാഹാളിന് മുന്നില്‍ ഛര്‍ദ്ദിച്ച് അവശനായിട്ടും പിന്മാറിയില്ല.
ഒന്‍പതാം ക്ലാസിലെ അവസാന നാളുകളിലാണ് രോഗം തിരിച്ചറിയുന്നത്. അന്നു മുതല്‍ ആര്‍.സി.സി.യില്‍ ചികിത്സയിലാണ്. പത്താം ക്ലാസില്‍ കഷ്ടിച്ച് ഒരുമാസം മാത്രമാണ് ക്ലാസിലിരുന്നത്. മാസങ്ങളോളം ആര്‍.സി.സി.യിലായിരുന്നു.
ഇതിനിടെ എട്ട് പ്രാവശ്യം കീമോതെറാപ്പിക്കും 10 റേഡിയേഷനും വിധേയനായി. അവസാനപരീക്ഷ എഴുതണമെന്ന് ഗൗതമിന് വല്ലാത്ത വാശിയായിരുന്നു. ഒടുവില്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് രോഗാവസ്ഥയില്‍ നല്ല കുറവുണ്ടായി. ഡിസ്ച്ചാര്‍ജായി വീട്ടിലേക്ക് മടങ്ങി.
മലയാളം രണ്ട് പേപ്പറുകള്‍ വീട്ടില്‍നിന്ന് പോയാണ് എഴുതിയത്. അപ്പോഴേക്കും മഞ്ഞപ്പിത്തം ബാധിച്ചു. വീണ്ടും ആശുപത്രിയിലേക്ക്. യാത്രചെയ്യാനുള്ള ആരോഗ്യസ്ഥിതിയിലായിരുന്നില്ലെങ്കിലും പരീക്ഷ എഴുതാന്‍ വാശിപിടിച്ചു.
ഒരു വര്‍ഷമായി ഗൗതമിനെ അടുത്തറിയാവുന്ന ഡോക്ടര്‍മാര്‍ ആശങ്കയോടെയാണെങ്കിലും സമ്മതിച്ചു. അങ്ങനെയാണ്, രാവിലെ എട്ടിന് ആര്‍.സി.സി.യിലെ ഒ.പി.യില്‍ പരിശോധകള്‍ക്ക് വിധേയനായശേഷം കാറില്‍ ഹരിപ്പാട്ടേക്ക് പോന്നത്. പരീക്ഷ കഴിഞ്ഞ് നേരേ തിരുവന്തപുരത്തേക്കും. അടുത്ത ദിവസം തിരിച്ചും യാത്ര.
ഒടുവില്‍ ഹിന്ദി പരീക്ഷയുടെ ദിവസം തീര്‍ത്തും അവശനായി. കുട്ടിയെ കൊണ്ടുപോകുന്നത് ഡോക്ടര്‍മാര്‍ എതിര്‍ത്തെങ്കിലും പിന്നീട് വീട്ടുകാരുടെ ഉത്തരവാദിത്വത്തില്‍ വിട്ടു.
പരീക്ഷാഹാളിന് മുന്നില്‍ ഛര്‍ദ്ദിച്ച് അവശനായ ഗൗതമിനെ വൈകുന്നേരത്തോടെ വീണ്ടും ആര്‍.സി.സിയില്‍ എത്തിച്ചു.
അടുത്ത ദിവസങ്ങളില്‍ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അതിനാല്‍ കണക്ക്, ബയോളജി, സോഷ്യല്‍ സ്റ്റഡീസ് പരീക്ഷകള്‍ എഴുതാനായില്ല.
സേ പരീക്ഷകളില്‍ മൂന്നെണ്ണവും കഴിഞ്ഞ ആഴ്ചയാണ് എഴുതി തീര്‍ത്തത്. ക്ലാസില്‍ ഛര്‍ദ്ദിച്ചു കൊണ്ടാണ് പരീക്ഷയെഴുതിയത്.
വീണ്ടും ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
from mangalam.com http://bit.ly/2WbxcKQ
via IFTTT
No comments:
Post a Comment