മുംബൈ പോലീസ് സ്‌റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ സന്ദേശം ആകെ പരിഭ്രാന്തി പടര്‍ത്തിയതായിരുന്നു. പഞ്ചവടി നാക പ്രദേശത്ത് വെച്ച് രണ്ട് ഭീകന്മാരെ കണ്ടെന്നും, ഒരു ഭീകരന്‍ സിഗരറ്റ് വാങ്ങുകയും മറ്റൊരു ഭീകരന്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്യുന്നതെന്നുമാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരാള്‍ വിളിച്ചറിയിച്ചത്. ഇതോടെ ഭീകരാക്രമണത്തില്‍ പരിഭ്രാന്തരായ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഉടന്‍ തന്നെ അടുത്ത നടപടികളുമായി പോലീസുകാര്‍ മുന്നോട്ട് പോയി. ഇവരെ കണ്ടത് തീരപ്രദേശത്ത് ആയതു കൊണ്ട് തീരസംരക്ഷണ സേനയും ഭീകരരെ കണ്ടെത്തുന്നതില്‍ പങ്കാളികളാക്കി. ഇവര്‍ വന്ന വാനിന്റെ നമ്പര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലെല്ലാം വിളിച്ചറിയിച്ചു. സമീപത്തുള്ള ഏഴ് പൊലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ പട്രോളിംഗ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവെച്ച് ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം തന്നെ രണ്ട് ഭീകരരും പിടിയിലായി.
ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരിക്കും ട്വിസ്റ്റുണ്ടായത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നടന്മാരായിരുന്നു ഇവര്‍. പേര് ബല്‍റാം ഗിന്‍വാല, അര്‍ബാസ് ഖാന്‍. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറോഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലാണ് ഇരുവരും ഭീകരരുടെ വേഷം ചെയ്യാന്‍ എത്തിയത്. ഇടക്ക് ബ്രേക്ക് കിട്ടിയപ്പോള്‍ സിഗരറ്റ് വലിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇവരുടെ ശരീരത്തില്‍ കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെടിയുണ്ടകള്‍ നിറച്ച ജാക്കറ്റുമെല്ലാം ഉണ്ടായിരുന്നു. മൊത്തത്തിലുള്ള ഇരുവരുടെയും ഗെറ്റപ്പ് കണ്ടപ്പോള്‍ നാട്ടുകാര്‍ ഭയപ്പെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
ഇരുവരും സിനിമ അഭിനേതാക്കളാണെന്നുള്ള വാദം ആദ്യം പോലീസ് വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് ലൊക്കേഷനിലെത്തി കാര്യങ്ങള്‍ മനസിലാക്കിയ ശേഷമാണ് വിട്ടയച്ചത്. ഭീകരവേഷമിട്ട നടന്‍മാര്‍ പ്രദേശത്ത് വലിയ ഭയപ്പാടുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് ബോധ്യപ്പെടാന്‍ ഈ സംഭവം സഹായിച്ചെന്നാണ് ഇതേ കുറിച്ച് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ആശങ്ക സൃഷ്ടിച്ചതിന് ബല്‍റാമിനും അര്‍ബാസിനുമെതിരെ കേസെടുത്തിട്ടുണ്ട്.
from mangalam.com http://bit.ly/2YWV0Pr
via IFTTT
No comments:
Post a Comment