ശബരിമല പ്രശ്നത്തില്‍ ഹിന്ദുവോട്ടുകള്‍ വിഘടിപ്പിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല ; പത്തനംതിട്ടയില്‍ പോലും കാര്യമായി ഏറ്റില്ലെന്ന് എക്‌സിറ്റ്‌പോള്‍ ; എല്‍ഡിഎഫ് വോട്ടുകള്‍ മറിയുന്നു എന്നത് മാത്രം ആശ്വാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ശബരിമല പ്രശ്നത്തില്‍ ഹിന്ദുവോട്ടുകള്‍ വിഘടിപ്പിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല ; പത്തനംതിട്ടയില്‍ പോലും കാര്യമായി ഏറ്റില്ലെന്ന് എക്‌സിറ്റ്‌പോള്‍ ; എല്‍ഡിഎഫ് വോട്ടുകള്‍ മറിയുന്നു എന്നത് മാത്രം ആശ്വാസം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരാനിരിക്കെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ശബരിമല ബിജെപിയെ കാര്യമായി തുണച്ചില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമല സ്ത്രീ പ്രവേശനം സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായിട്ടാണ് ബിജെപി കരുതിയെങ്കിലും വിവാദത്തെ ഊന്നി വോട്ടു ഷെയറില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ ബിജെപിക്ക കഴിഞ്ഞിട്ടില്ലെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വെളിവാക്കുന്നു.

കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ട പ്രവചനം അനുസരിച്ച് 2014 ല്‍ 10.81 ശതമാനം മാത്രമായിരുന്ന അവരുടെ വോട്ടു ഷെയര്‍ ഇത്തവണ 16 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട് എന്ന് മാത്രം. ഈ ഉയര്‍ച്ചയില്‍ കാര്യമായി സന്തോഷിക്കാനില്ലെന്നും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടു ഷെയറിന് തത്തുല്യവുമാണ്. വിശ്വാസവുമായി ബന്ധപ്പെടുത്തി സൃഷ്ടിച്ച സാഹചര്യം ബിജെപിയ്ക്ക് കാര്യമായി ഏറ്റില്ലെന്ന് ഇതിലൂടെ വ്യക്തം. മാത്രമല്ല, ശബരിമല വിഷയത്തിന്റെ പ്രധാന ഇടമായ പത്തനംതിട്ടയില്‍ വിജയം എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ ഇല്ലതാനും.

ശബരിമല പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായിരുന്നിട്ടും കെ സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയ്ക്ക് പകരം തിരുവനന്തപുരമാണ് സാധ്യതകളില്‍ തെളിഞ്ഞു വന്നതും. അതേസമയം തന്നെ ശബരിമല പോലെ വൈകാരികമായ വിഷയം ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് നേരിയ വിജയം പ്രതീക്ഷിക്കുന്നത് സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുഷെയറില്‍ സ്വാഭാവികമായി വന്ന വളര്‍ച്ചയുടെ പരിണാമമായിട്ടാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നേമത്താണ് ബിജെപിയുടെ ഏക അസംബ്‌ളി സീറ്റ് ഉള്ളത്.

ശബരിമല ഹിന്ദുധ്രുവീകരണം സംഭവിപ്പിച്ചിട്ടുണ്ടെങ്കില്‍ തിരുവനന്തപുരത്തിനൊപ്പം പത്തനംതിട്ടയിലും അത് പ്രതിഫലിക്കുമായിരുന്നെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രണ്ടിടത്തും വിജയം ഒരു എക്‌സിറ്റ്‌പോളും പറയുന്നില്ല. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല്‍ ബിജെപിയ്ക്ക് വോട്ട് ശതമാനം കൂടിയത് തൃശൂരിലാണ്. അവിടെയാകട്ടെ ശബരിമല വിഷയത്തേക്കാള്‍ സുരേഷ്‌ഗോപി മത്സരിക്കുന്നു എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം തന്നെ മറ്റൊരു മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടു ഷെയറില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായിട്ടുമില്ല. എന്നാല്‍ തന്നെ ബിജെപി സുവര്‍ണ്ണ മണ്ഡലമായി കരുതിയിരുന്ന പാലക്കാട് വോട്ടു ശതമാനം 16 ല്‍ നിന്നും 12 ആയി കുറയുകയും ചെയ്തു.

കേരളത്തിലെ ഹിന്ദുക്കള്‍ ഇപ്പോഴും ഹിന്ദു രാഷ്ട്രീയപാര്‍ട്ടിയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ലെന്നും ബിജെപിയെ ഇന്ത്യ തൂത്തുവാരാന്‍ സമ്മതിക്കില്ല എന്നുമാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ രാഷ്ട്രീയ ഗിമ്മിക്കുകളില്‍ വീഴാന്‍ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന കേരളത്തിലെ ഹിന്ദുക്കള്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഇതെന്നാണ് ഇടതുപക്ഷ നേതാക്കളും പറയുന്നത്.

എക്‌സിറ്റ് പോളുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് അപായ മണിയാണെങ്കിലും ബിജെപിയുടെ വളര്‍ച്ച തങ്ങളുടെ പരമ്പരാഗത വൈരികളായ കോണ്‍ഗ്രസ് വോട്ടുകളേയെ ബാധിക്കൂ എന്നാണ് ഇടതു പ്രമുഖരായ സിപിഎം കരുതുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി വോട്ടില്‍ ഉണ്ടായ വര്‍ദ്ധനയാണ് 2016 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വന്‍ തോല്‍വിയിലേക്ക് നയിച്ചതെന്ന് അവര്‍ കരുതുന്നു. കേരളത്തിലെ കീഴാള സമൂഹങ്ങളും പിന്നാക്ക ഹിന്ദുക്കളും പരമ്പരാഗതമായി ഇടതുപാര്‍ട്ടികളെ പിന്തുണയ്ക്കുന്ന രീതി തുടരുന്നതാണ് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ശക്തി. എന്നിരുന്നാലും ശബരിമല പ്രശ്‌നം വലിയ വോട്ടുബാങ്കില്‍ നേരിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ പ്രവചിച്ചിട്ടുള്ള മലയാളത്തിലെ ചാനലുകള്‍ എല്ലാം തന്നെ അവരുടെ വോട്ടു ഷെയര്‍ കുറയുന്ന കാര്യത്തിലും ഈ നമ്പര്‍ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 2014 ല്‍ ഉണ്ടായിരുന്ന 40 ശതമാനത്തില്‍ നിന്നും എല്‍ഡിഎഫ് വോട്ടുകള്‍ 37 ശതമാനമായി ചുരുങ്ങിയതായി ചാനലുകള്‍ പറയുന്നു. മറുവശത്ത് യുഡിഎഫ് വോട്ടു ഷെയര്‍ 2014 ല്‍ നിന്നും 2019 ല്‍ എത്തുമ്പോള്‍ 42 ശതമാനത്തില്‍ നിന്നും 43 ആയി കൂടുകയും ചെയ്തു. ബിജെപിയിലെയും എല്‍ഡിഎഫിലെയും ഈ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ ബിജെപിയിലെ വോട്ടു ഷെയര്‍ കൂടിയിരിക്കുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്ന് വേണം വിലയിരുത്താന്‍.

2009 ല്‍ നാലു സീറ്റ് നേടി വീണുപോയ എല്‍ഡിഎഫ് 2014 ല്‍ സീറ്റു നില എട്ടാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ അക്കാലത്ത് ബിജെപിയുടെ വോട്ടു ഷെയര്‍ 6.44 ല്‍ നിന്നും 10.81 ശതമാനമായി ഉയര്‍ന്നു. ഈ സ്ഥാനത്ത് എല്‍ഡിഎഫ് വോട്ടു ഷെയറാകട്ടെ ഒരു ശതമാനം കുറഞ്ഞു. 2009 ല്‍ 41.97 ശതമാനം ഉണ്ടായിരുന്ന വോട്ടു ഷെയര്‍ 2014 ല്‍ 40.11 ആയിട്ടാണ് കുറഞ്ഞത്. മണ്ഡലം വെച്ചുള്ള വിലയിരുത്തലില്‍ ബിജെപിയ്ക്ക് വോട്ടുഷെയറില്‍ നേട്ടവും എല്‍ഡിഎഫിന് കുറവുമാണ് വന്നിട്ടുള്ളത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് എല്‍ഡിഎഫ് വീണപ്പോള്‍ രണ്ടു മണ്ഡലങ്ങളിലും വിജയ സാധ്യത കുറിക്കുന്ന രീതിയിലേക്ക് ബിജെപി വളര്‍ന്നു. ശബരിമലയില്‍ എല്ലാവരേയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതിന് പിന്നാലെ ഹിന്ദുത്വ വോട്ടുകള്‍ ബിജെപിയിലേക്ക് ശക്തമായി ഒഴുകാന്‍ ഇടയായി എന്ന വിലയിരുത്തലാണ് യുഡിഎഫ് ക്യാമ്പിനുള്ളത്. സിപിഎം എക്‌സിറ്റ് പോളുകളെ ഇപ്പോഴും വിശ്വസിക്കുന്നില്ലെങ്കിലും ബിജെപിയുടെ വളര്‍ച്ച അവര്‍ക്ക് ഭീഷണി തന്നെയാണ്.

പശ്ചിമ ബംഗാളില്‍ ഇത്തരം ചെറിയ സ്‌പേസില്‍ നിന്നുമാണ് അവര്‍ വളര്‍ന്നു കയറിയത്. അതാകട്ടെ ഇടതുപാര്‍ട്ടികളെ രാജ്യത്ത് നിന്നു തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്തു.



from mangalam.com http://bit.ly/2LXoivL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages